മുസാഫരിക്കുന്നിലെ മണ്ണിടിച്ചില്‍ മൂലം അപകടസ്ഥിതിയിലായ പ്രദേശങ്ങള്‍ ജില്ലാകളക്ടര്‍ സന്ദര്‍ശിച്ചു


വെള്ളാങ്ങല്ലൂര്‍ :
പതിവില്ലാതെ കുന്നിന്‍ മുകളില്‍ പലയിടത്തും ഉറവകള്‍ പ്രത്യക്ഷപ്പെട്ട് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന മുസാഫരിക്കുന്ന് പ്രദേശം കളക്ടര്‍ എസ്. ഷാനവാസ് സന്ദര്‍ശിച്ചു. നാലും അഞ്ചും സെന്റില്‍ താമസിക്കുന്ന പ്രദേശത്തെ നിരവധി പേരുടെ വീടുകളാണ് മുപ്പതടിയോളം താഴ്ചയിലുള്ള വലിയ കുഴികള്‍ക്കരികില്‍ ഉള്ളത്. മഴ കനത്താല്‍ ഇവരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് പതിവ് .ഇത്തവണ മഴ ശക്തിയായതോടെ പ്രദേശത്തെ അപകടാവസ്ഥ രൂക്ഷമായി. പലയിടങ്ങളില്‍ മണ്ണിടിഞ്ഞു. വീടുകള്‍ ചരിഞ്ഞ് അപകടസ്ഥിതിയിലായവരുണ്ട്. പതിവില്ലാതെ കുന്നിന്‍ മുകളില്‍ പലയിടത്തും ഉറവകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലായി. തുടര്‍ന്ന് കളക്ടര്‍ എസ്.ഷാനവാസ്, മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും പരാതികള്‍ കേള്‍ക്കുകയും ചെയ്തു.

ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വന്നു അപകട സ്ഥിതി പരിശോധിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗുരുതരമായ അപകടാവസ്ഥയിലുള്ള കുടുംബങ്ങളുടെ കാര്യത്തില്‍ പെട്ടെന്ന് തന്നെ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top