ഇരിങ്ങാലക്കുട : ഏറെ ചരിത്ര പ്രാധാന്യമുള്ള 200 വർഷത്തിലധികം പഴക്കമുള്ള കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വിള്ളൽ വീണതിനെതുടർന്ന് അപകടാവസ്ഥയിൽ. ചൊവ്വാഴ്ച കൊട്ടിലാക്കൽ പറമ്പിലെത്തന്നെ വിശ്രമകേന്ദ്ര കെട്ടിടത്തിലേക്ക് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് മാറ്റി പ്രവർത്തിക്കുമെന്ന് അടിയന്തരമായി ചേർന്ന ദേവസ്വം കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പ്രധാനപ്പെട്ട ഫയലുകളും മറ്റു രേഖകളും ഇന്നുതന്നെ മാറ്റി തുടങ്ങും. സരസ്വതി മണ്ഡപം, തേവാരകെട്ട് എന്നിവ ഈ കെട്ടിടത്തിൽ ഉണ്ടെന്നും, എങ്ങിനെയാണോ കൂത്തമ്പലത്തിന്റ പ്രാധാന്യം , അതുപോലെ തന്നെ പ്രാധാന്യമുള്ള കെട്ടിടമാണിതെന്ന് ദേവസ്വം തന്ത്രി പ്രതിനിധി എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് പറഞ്ഞു. അതിനാൽ ഈ കെട്ടിടം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


