പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ എം.എൽ.എ. സന്ദർശിച്ചു


ഇരിങ്ങാലക്കുട :
മണ്ഡലത്തിലെ വെള്ളപ്പൊക്കക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ മാറ്റിത്താമസിപ്പിച്ച വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ സന്ദർശിച്ചു. ക്യാമ്പുകളിൽ എത്തിയവർക്ക് അടിയന്തിരമായി ഭക്ഷണം, വൈദ്യസഹായം എന്നിവ ലഭ്യമാക്കണമെന്ന് വിവിധ ഉദ്യോഗസ്ഥർക്ക് എം.എൽ.എ. നിർദ്ദേശം നൽകി.ഭക്ഷണം പാകം ചെയ്യുന്നതിന് പാചക വാതക സിലിണ്ടറുകൾ അടിയന്തിരമായി ലഭ്യമാക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭയിൽ പുതിയതായി രണ്ട് ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്. പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും, ആരോഗ്യ പ്രവർത്തകരും ക്യാമ്പുകളിലെത്തി വൈദ്യപരിശോധന നടത്തി രോഗികൾക്ക് മരുന്നുകൾ നൽകിത്തുടങ്ങി. ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഒരു ഷട്ടർ ചങ്ങല പൊട്ടി ഉയർത്താൻ കഴിയാത്ത സാഹചര്യം നാട്ടുകാർ ശ്രദ്ധയിൽപെടുത്തി. കൂടാതെ വെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സമായി മരത്തടികളും, വാഴകളും അടിഞ്ഞ കൂടിയത് നീക്കം ചെയ്യാൻ ഫയർഫോഴ്സിന്റെ സഹായം ലഭ്യമാക്കാൻ എം.എൽ.എ നിർദ്ദേശം നൽകി.

മാപ്രാണം സെൻറ് സേവിയേഴ്സ് എൽ.പി.സ്കൂൾ, മൂർക്കനാട് സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ, കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ അടിയന്തിര ഭക്ഷ്യവസ്തുക്കൾ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളം ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കുടുംബങ്ങൾ ക്യാമ്പുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top