കഴിഞ്ഞ പ്രളയകാലത്ത് കവിഞ്ഞൊഴുകിയ താണിശ്ശേരി ഹരിപുരം കെ.എൽ.ഡി.സി ബണ്ട് ഒരു വർഷമായിട്ടും ഉയരംകൂട്ടിയില്ല, ഇത്തവണയും കവിഞ്ഞൊഴുകാൻ തുടങ്ങി


താണിശ്ശേരി :
താണിശ്ശേരി ഹരിപുരം കെ എൽ ഡി സി കനാലിലൂടെ ഒഴുകി വന്ന പ്രളയജലം കനാലിന്‍റെ ഉയരം കുറവുള്ള ഭാഗങ്ങളിലൂടെ കരകവിഞ്ഞൊഴുകിയതാണ് കഴിഞ്ഞ വർഷം കാട്ടൂർ, കാറളം, എടത്തിരുത്തി പടിയൂർ, പൂമംഗലം, വള്ളിവട്ടം പഞ്ചായത്തുകളിൽ നിന്നായി ഇരുപതിനായിരത്തോളം ആളുകളെ ക്യാമ്പുകളിൽ എത്തിച്ചത്. ഇത്രയും ഭീകരമായ അവസ്ഥയുണ്ടാക്കിയ ഈ കനാലിൽ അന്നത്തെ പ്രളയത്തിന് ശേഷം ഒരു അറ്റകുറ്റ പണി പോലും ചെയ്യാത്ത ഉദ്യോഗസ്ഥ ഭരണത്തല അനാസ്ഥ കാരണം ഇത്തവണയും വെള്ളിയാഴ്ച വൈകീട്ടു മുതൽ ബണ്ട് കരകവിഞ്ഞൊഴുകി തുടങ്ങി. ഹരിപുരം അമ്പലത്തിനോട് ചേർന്നുള്ള ബണ്ടിലെ താഴ്ന്ന ഭാഗം ഉൾപ്പടെ ഉയർത്തി പണിയുമെന്ന് അന്ന് നൽകിയ വാഗ്ദാനം ഇതുവരെ നിറവേറ്റിയിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ ഇവിടെ നിന്നുള്ള വെള്ളം ഇരിങ്ങാലക്കുട നഗരസഭ അതിർത്തിയായ പൂച്ചക്കുളം വരെയെത്തിയിരുന്നു.

ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ, ഹരിപുരം കെ എൽ ഡി സി ബണ്ട് ഉയരംകൂടി പണിയണമെന്ന് അന്ന് ആവശ്യം ഉയർന്നിരുന്നു. പ്രളയക്കാലത്ത് കവിഞ്ഞൊഴുകിയ താണിശ്ശേരി ഹരിപുരം കെ എൽ ഡി സി ബണ്ട് മൂന്നുമാസത്തിനകം പണി പൂർത്തിയാക്കുമെന്ന് അധികൃതർ നൽകിയ വാഗ്ദാനം ഇത് വരെ നടപ്പാക്കാത്തതിനാൽ മഴക്കാലത്ത് വീണ്ടും ഈ മേഖലയിൽ കരകവിഞ്ഞൊഴുകുമെന്ന ഭയവും പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിരുന്നത് ഇപ്പോൾ യാഥാർത്ഥമാകുകയാണ്. കാറളം പഞ്ചായത്തിലെ ഹരിപുരം കെ എൽ ഡി സി ബണ്ട് പ്രളയത്തിൽ കവിഞ്ഞൊഴുകിയതിനെ തുടർന്ന് പൊട്ടുകയും സമീപപ്രദേശങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. ഇരുന്നൂറോളം വീടുകളാണ് അന്ന് വെള്ളത്തിലായത്. ഇവിടെ പലയിടത്തും ബണ്ട് പൂർത്തിയാകാത്തതിനാലും ബാക്കിയുള്ളവ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലവും കെ എൽ ഡി സി കനാലിലൂടെ ഒഴുകി വന്ന പ്രളയജലം കനാലിന്റെ ഇരുവശത്തൂടെ ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ കല്ലട റോഡ് മുതൽ മച്ച് സെന്റർ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗമാണ് പൂർണ്ണമായി വെള്ളത്തിലായത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top