മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭയിലെ മാപ്രാണം വാതിൽമാടം കോളനി പരിസരത്ത് കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചൽ. അറക്കൽ സുഹറയുടെ വീടിനു സമീപമാണ് മണ്ണിടിഞ്ഞത്. ഇവിടെ സംരക്ഷണഭിത്തി കെട്ടണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം വാഗ്ദാനം മാത്രമായി നിൽക്കുന്നു. എട്ടു വർഷങ്ങൾക്ക് മുൻപ് ഇവിടെ വ്യാപകമായി മണ്ണിടിഞ്ഞതിനെ തുടർന്ന് കൂടാരത്തിൽ മണി എന്നയാളുടെ വീട് പൂർണ്ണമായി തകർന്നിരുന്നു. 2016 -17 ൽ ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ എ അരുണൻ മാസ്റ്ററുടെ എം എൽ എ ഫണ്ടിൽനിന്നും സംരക്ഷണ ഭിത്തി കെട്ടാൻ 63 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ ഒരു പ്രവർത്തനവും ഇവിടെ നടന്നിട്ടില്ലെന്നും എം എൽ എ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും ബി ജെ പി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. എം.എൽ.എ ഫണ്ട് അനുവദിച്ചു എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കൗൺസിലർ ചെയ്യുന്നതെന്നും, ഇനിയും മഴ തുടർന്നാൽ നിവാസികളുടെ ജീവന് ഭീക്ഷണിയുണ്ടാകുമെന്നും ബി ജെ പി മുനിസിപ്പൽ കമ്മിറ്റി പറയുന്നു. മുൻസിപ്പൽ പ്രസിഡന്റ് ഷാജൂട്ടൻ, ശ്രീജേഷ്, മോഹനൻ, നിഥിൻ എന്നിവർ സംസാരിച്ചു .


