ദാരിദ്ര്യ ശമനത്തിന് 35000 രൂപയുടെ കഥകളി വഴിപാട്, കൂടൽമാണിക്യം ദേവസ്വം തീരുമാനം വിവാദത്തിലേക്ക്


ഇരിങ്ങാലക്കുട :
അഭീഷ്ടസിദ്ധിക്കായി കൂടൽമാണിക്യം ദേവസ്വം തുടർന്നുപോരുന്ന കഥകളി വഴിപാടുകളിൽ ദാരിദ്ര്യ ശമനത്തിന് കുചേലവൃത്തം കഥകളിക്ക് 35,000 രൂപയായി വർധിപ്പിച്ചതടക്കമുള്ള തീരുമാനം വിവാദത്തിലേക്ക്. കാലങ്ങളായി ഉണ്ണായിവാര്യർ കലാനിലയമാണ് കൂടൽമാണിക്യ ക്ഷേത്രത്തിലെ വഴിപാട് കഥകളികൾ നടത്തി വന്നിരുന്നത്. എന്നാൽ ദേവസ്വം കലാനിലയവുമായി ഇപ്പോൾ കരാർ പുതിക്കിയിട്ടില്ല, പകരം പുറമെയുള്ള കലാകാരന്മാർക്ക് നേരിട്ട് വഴിപാട് കഥകളി നടത്താൻ ഏൽപിക്കുകയാണുണ്ടായത്. കലാനിലയം വളരെ ചുരുങ്ങിയ ചിലവിൽ നടത്തിവന്നിരുന്ന വഴിപാട് കഥകളികൾ ഇപ്പോൾ ചെലവേറിയതും ഇതിനാലാണ്. 2016 ലാണ് അവസാനമായി കലാനിലയം കൂടൽമാണിക്യത്തിൽ വഴിപാട് കഥകളി നടത്തിയത്. ഇപ്പോൾ ഉള്ളതിനേക്കാൾ മൂന്നിലൊന്നു തുകയെ അന്ന് കലാനിലയം ദേവസത്തിൽനിന്നും കൈപറ്റിയിരുന്നുള്ളു .

എന്നാൽ ദാരിദ്ര്യ ശമനത്തിന് കുചേലവൃത്തം കഥകളിയുൾപ്പടെ മറ്റു 6 വഴിപാട് കഥകളികളും കൂടൽമാണിക്യം ക്ഷേത്രത്തിൽ കാലങ്ങളായി നടന്നുവന്നിരുന്നതാണെന്നും , ഈ കമ്മിറ്റി മുടങ്ങി കിടന്നിരുന്ന വഴിപാട് കഥകളികൾ വീണ്ടും സജീവമാക്കാൻ കലാകാരന്മാരായി ആലോചിച്ചതിനു ശേഷം എടുത്ത കമ്മിറ്റി തീരുമാനപ്രകാരമാണ് പുതിയ നിരക്കുളള ഫ്ളക്സ് ക്ഷേത്രത്തിൽ സ്ഥാപിച്ചതെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യ ത്തിലാണ് ഇപ്പോൾ കഥകളി വഴിപാടുകൾ ആരംഭിച്ചിരിക്കുന്നത്. സർവ്വ ഐശ്വര്യങ്ങൾക്കും ശ്രീരാമപട്ടാഭിഷേകം കഥകളി 45,000 രൂപ, ദാരിദ്ര്യ ശമനത്തിന് കുചേലവൃത്തം കഥകളി 35,000 രൂപ, സന്താനലബ്ധിക്ക് സന്താനഗോപാലം കഥകളി 35,000 രൂപ, സർവ്വ സർവ്വം മംഗളമാകാൻ കിരാതം കഥകളി 35000 രൂപ, വിവാഹം നടക്കാൻ സീതാ സ്വയംവരം കഥകളി 35,000 രുക്മണി സ്വയംവരം കഥകളി 35,000 രൂപ, മൃത്യുവിനെ ജയിക്കാൻ മാർക്കണ്ഡേയ ചരിതം കഥകളി 35,000 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ പുതുക്കിയ വഴിപാട് കഥകളിയുടെ നിരക്കുകൾ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top