കുതിച്ചുയരാൻ ഒരുങ്ങുന്ന ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-2ൽ ഇരിങ്ങാലക്കുടയുടെ കൈയൊപ്പും


ഇരിങ്ങാലക്കുട :
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യവും ശാസ്ത്രലോകം പ്രതീക്ഷയോടെ കാണുന്ന ചന്ദ്രയാൻ- 2 വിക്ഷേപണത്തിന്‍റെ കൗണ്ട് ഡൗൺ ആരംഭിച്ചത്തോടെ അഭിമാന നിമിഷത്തിനായി ഇരിങ്ങാലക്കുടയിലും കാത്തിരിപ്പ്. ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ഈ ദൗത്യത്തിനായുള്ള ജി.എസ്.എൽ.വി. III ബഹിരാകാശ വാഹനത്തിന്‍റെ ഗതിനിര്‍ണയ സംവിധാനത്തിലെ സുപ്രധാനമായ എച്ച്പിഎസ് 3 ഫ്ളക്സ് സീല്‍ നിർമ്മിച്ചത് കോണത്തുകുന്നിലെ വജ്ര റബ്ബർ പ്രോഡക്ട്സിലാണ്. ഇതിനു പുറമെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ, പര്യവേഷണം നടത്തുന്ന റോവർ കൂടി ഉൾപ്പെടുന്ന ചന്ദ്രയാൻ രണ്ടിന്‍റെ റബ്ബർ അടിസ്ഥിത സാങ്കേതിക ഭാഗങ്ങളിൽ ചിലത് ഇവിടെയാണ് നിർമിച്ചത്. ഫ്ളക്സ് സീല്‍ മുകളിലേക്കുള്ള മര്‍ദത്തെ ശരിയായ രീതിയില്‍ നിയന്ത്രിക്കുന്നതുകൊണ്ടാണ് ഉയരങ്ങളിലേക്ക് റോക്കറ്റിനെയും ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കാനാവുന്നത്.

ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകം മംഗള്‍യാന്റെ ഡയറക്ഷന്‍ കണ്‍ട്രോള്‍ യൂണിറ്റ്‌ ഫ്‌ളക്‌സ്‌ സീല്‍, ചന്ദ്രയാൻ-1എന്നിവയുടെ വിജയകരമായ വിക്ഷേപണത്തിൽ ഉപയോഗിച്ച റോക്കറ്റുകളുടെ ഫ്ലക്സ് സീലുക്കളും വജ്രയിലാണ് നിർമിച്ചത്. അനുബന്ധ ഘടകങ്ങളായ റബര്‍ ഗാസ്കെറ്സ് ബുഷുകള്‍, ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ന്‍റെ ഫ്ളക്സ് സീല്‍ എന്നിവ നിര്‍മിച്ചതും വജ്രയിലാണ്. നേവല്‍ ഡിഫെന്‍സ് രംഗത്തും വജ്രയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ ന്യൂക്ളിയര്‍ പവേര്‍ഡ് ബാലിസ്റ്റിക് മിസൈല്‍ സബ്മറൈന്‍ ആയ അരിഹന്തിന്റെ പല പ്രധാന ഘടകങ്ങളും വജ്രയിലാണ് നിര്‍മിച്ചത്. പ്രതിരോധ വകുപ്പിന് 504 ട്രാന്‍സ്ഡ്യൂസഴ്സ് തദ്ദേശീയമായി നിര്‍മിച്ചു 85 കോടിരൂപ രാജ്യത്തിന് ലാഭമുണ്ടാക്കികൊടുക്കാനായി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അണുവായുധ ശേഷിയുള്ള ക്രുയിസ് മിസൈല്‍ ആയ നിര്‍ഭയ് യിലെ ഗതിനിര്‍ണയ സംവിധാനവും ഇവിടെയാണ് നിര്‍മിച്ചത്. ചന്ദ്രയാന്റെയും മംഗള്‍യാന്റെയും വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റിന്റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനായി. രണ്ടു ദശകത്തിലധികമായി ഐഎസ്ആര്‍ഒയും പ്രതിരോധ വകുപ്പുമായി വജ്ര സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. കോണത്ത്കുന്ന് പൈങ്ങോട് ആണ് വജ്രയുടെ ഫാക്ടറി. എംഡി പി എസ് സജീന്ദ്രനാഥ്, എക്സി. ഡയറക്ടര്‍ ജി ശബരിനാഥ്, ഡയറക്ടര്‍മാരായ കണ്ണന്‍, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് വജ്രയിലെ ഗവേഷണനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top