ദൈവദശകം നൃത്താവിഷ്കാരത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്


ഇരിങ്ങാലക്കുട :
ശ്രീനാരായണ ഗുരുദേവൻ 1914ൽ രചിച്ച ദൈവദശകം 104 ഭാഷകളിൽ മൊഴി മാറ്റി സമർപ്പിച്ച സമ്മേളനത്തിൽ അവതരിപ്പിച്ച ദൈവദശകം നൃത്താവിഷ്കാരത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു. “ലാർജ്സ്റ് മോഹിനിയാട്ടം ഡാൻസ്” എന്ന ഇനത്തിൽ ദൈവദശകം കൂട്ടായ്മക്കും ദൈവദശകം നൂറു ഭാഷകളിൽ സമാഹരിക്കുന്നതിനു നേതൃത്വം നൽകിയ ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണനുമാണ് നേട്ടം കൈവരിച്ചത്. 2018 ഏപ്രിൽ 21ന് കൊടുങ്ങല്ലൂർ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ മൈതാനിയിലായിരുന്നു 1536 പേർ പങ്കെടുത്ത മോഹിനിയാട്ടം നൃത്താവിഷ്കാരം. ദീർഘകാലം കലാമണ്ഡലത്തിലെ അദ്ധ്യാപികയുo മോഹിനിയാട്ടം വകുപ്പ് മേധാവിയുമായിരുന്ന കലാമണ്ഡലം ഹൈമവതിയാണ് നൃത്തസംവിധാനം നിർവഹിച്ചത് . സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ആയിരുന്നു പദ്ധതി. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 123 അദ്ധ്യാപകരുടെ കീഴിലാണ് നർത്തകർ അണിനിരന്നത്.കലാമണ്ഡലം വള്ളത്തോൾ സമാധിയിൽ തുടങ്ങിയ പരിശീലനങ്ങൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയിരുന്നു.

ദൈവദശകം ലോകഭാഷകളിൽ മൊഴി മാറ്റി സമാഹരിച്ചതു പോലെ ലോക ശ്രദ്ധ നേടിയ പദ്ധതിയാണ് ദൈവദശകം നൃത്താ വിഷ്കാരം.2018 ഏപ്രിൽ 21ലെ കൊടുങ്ങല്ലൂരിലെ അവതരണത്തിനു ശേഷം അരുവിപ്പുറത്തെ മഹാപ്രതിഷ്ഠയുടെ 131 വാർഷികത്തിലും ശിവഗിരിയിലും ഗുരുപ്രതിഷ്ഠ നടത്തിയ ചെറായി ഗൗരീശ്വരം ക്ഷേത്രത്തിലും വയനാട് പുൽപ്പള്ളി സീതാദേവി ക്ഷേത്രമൈതാനിയിലും മെഗാ നൃത്താവിഷ്കാരം നടത്തിയിരുന്നു. ദൈവദശകം നൂറു ഭാഷകളിൽ പ്രചാരണത്തിന്റെ ഭാഗമായി ബെംഗ്ലൂരു, ചെന്നൈ, മുംബൈ, മാംഗ്ലൂർ, ഡൽഹി, യു.എ.ഇ എന്നിവിടങ്ങളിലും ദൈവദശകം നൃത്താവിഷ്കാരം ഒരുക്കുന്നുണ്ട്. മലയാള ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ളതിൽ ഒരു കൃതി ആദ്യമായാണ് നൂറിലേറെ ഭാഷകളിൽ പരിഭാഷപ്പെടുത്തുന്നത്. കവിതയെന്ന നിലയിലും പ്രാർത്ഥന എന്ന നിലയിലും സമാനതകളില്ലാതെ പരിലസിക്കുന്ന പ്രാർത്ഥനയാണ് ദൈവദശകം. ലാറ്റിൻ അമേരിക്കയിലെ ഇക്വഡോറിലെ ക്വിറ്റോ, ഫെഡറേഷൻ ഓഫ് ശ്രീ നാരായണ ഗുരു ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടന്ന ശ്രീ നാരായണ കൺവെൻഷൻ, ശ്രീലങ്കയിൽ നടന്ന വിശ്വാസാഹോദര്യ സമ്മേളനം, മലേഷ്യയിൽ നടന്ന യൂത്ത് കോൺഫറൻസ്, ദുബായിൽ നടന്ന ശിവഗിരി തീർത്ഥാടക സമ്മേളനം എന്നിവിടങ്ങളിൽ ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ സന്നിഹിതനായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ ദൈവദശകം പദ്ധതിക്കായുള്ള യാത്രയാണ് ദൈവദശകം വിശ്വവിശാലതയിലേക്ക് പദ്ധതി സാക്ഷാത്കാരത്തിന് ഇടയായത്.

ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നായ സംസ്കൃതം ,ശ്രീബുദ്ധൻ സംവദിച്ച പാലി, പ്രാചീന ഭാഷകളിലൊന്നായ ആവധി, ബ്രജ്, അപബ്രം ശ്, യേശുദേവൻ സംവദിച്ച അരമായ, ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ചൈനീസ് ഭാഷയായ മാൻഡറിൻ, റഷ്യൻ, എസ്റ്റോണിയ, സ്പാനിഷ്, കൊറിയ, ഹീബ്രു ഭാഷകളിലേക്ക് ദൈവദശകം തർജ്ജമ ചെയ്തു. വത്തിക്കാനിലെ പ്രധാന ഭാഷയായ ഇറ്റാലിയൻ ,ആഫ്രിക്കയിലെ സ്വാഹ് ലി, സൗത്ത് ആഫ്രിക്കയിലെ ഇസുലു, ആഫ്രിക്കൻസ്, പടിഞ്ഞാറൻ കെനിയയിലെ ബുക്കുസു, കികിയു, കിമറു, ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലെ മലഗാസി, താൻസാ സിയയിലെ മിജികേന്ത, ഗ്രീക്ക്, ജപ്പാൻ, ഹോളണ്ട്, പോർച്ചുഗൽ, ഡച്ച്, ജർമൻ, ലാറ്റിൻ, അറബ്, ഉർദു ഭാഷകളിൽ മൊഴിമാറ്റം പൂർത്തിയായി. ഉഗാണ്ടയിലെ ലുഗാണ്ട, മലാവിയിലെ ചിച്ചാവേ, തുംബുക്ക, സോമാലിയൻ ,നൈജീരിയയിലെ ഇഗ്ബോ ,ഹൗസ, യുറോബ, ഹംങ്കേറിയൻ, നോർവീജിയൻ, വെയിൽസ്, ബഹസ, ഫിലിപ്പൈൻസിലെ ടാഗ് ലോക്ക്, ബെലാറഷ്യൻ, സ്വീഡീഷ്, ബൂട്ടാനി സ്, പോളിഷ്, സ്ലോവാക്യൻ, ബൾഗേറിയൻ, ഉക്രയിൻ, ടർക്കിഷ്, തിബറ്റ്, ലിത്വാനിയ എന്നീ ഭാഷകളിലും മൊഴിമാറ്റം പൂർത്തിയാക്കി.

ഇന്ത്യയിലെ പ്രധാന ഭാഷകളായ ഹിന്ദി, ഭോജ്പുരി, മൈഥിലി, കൊങ്കിണി, ബംഗാളി, പഞ്ചാബി, മറാത്തി, കന്നഡ, തുളു, കൊടവ (കൂർഖ് ), തമിഴ്, തെലുങ്ക്, ഗുജറാത്തി, കച്ച്, ഒഡിയ, കോസല, മേഘാലയിലെ ഖാസി, ഖാരോ, അരുണാചൽ പ്രദേശിലെ തായികിംതി, ഹിമാലയതിലെ ഹിമാചൽ, കാശ്മീരി, ദോ ഗ്രി, മിസോ,ലാഹോറിലെ സിന്ധ്, ആസാമീസ്, മദ്ധ്യപ്രദേശിലെ ബുന്തേലി, ലക്ഷദ്വീപിലെ ജസരി, മാലി ദ്വീപിലെ ദ്വിവേഹി ,സിക്കിമിലെ ബൂട്ടിയ , ലെപ്പച്ച, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ കമുയാനി, ഗഡുവാലി, മണിപ്പുരിലെ മണിപ്പൂരി, കുംകി, ബോഡോ ഭാഷകളിലേക്കും തർജമ ചെയ്തു. ഭാരത സംസ്കാരവുമായി ബന്ധപ്പെട്ട രാജ്യങ്ങളായ ഭൂട്ടാൻ ,തായ്ലാൻറ്, നേപ്പാൾ, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങളിലേ ഭാഷകളിലേക്കും തർജ്ജമ ചെയ്തു. അമേരിക്കയിലെ ഫിലാഡെൽഫിയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റി ,ആഫ്രിക്കയിലെ വിവിധ സർവകലാശാലകൾ, ചൈനയിലെ ത്രീ ജോർജസ് സർവകലാശാല, ശിവഗിരി മഠം, മാതാ അമൃതാനന്ദമയി മഠo, പോത്തൻകോട് ശാന്തിഗിരി ആശ്രമം, ചാലക്കുടി ഗായത്രി ആശ്രമം, ശ്രീ നാരായണ പ്രസ്ഥാനങ്ങൾ, വിവിധ രാജ്യങ്ങളിൽ സേവനം അനുഷ്ഠിച്ചൂള്ള അംബാസഡർമാർ, മാധ്യമ സുഹൃത്തുകൾ, ഇന്ത്യൻ കൾച്ചറൽ സെന്ററുകൾ, ഹാർവാർഡ് കോളേജിലെ അദ്ധ്യാപകർ, ന്യൂയോർക്കിലെ വിന്റേജ് ആന്റ് ആങ്കർ പുസ്തക പ്രസാധക സംഘം , വിവിധ രാജ്യങ്ങളിൽ പഠിക്കുന്ന മലയാളികളായ റിസർച്ച് വിദ്യാർഥികൾ, കേരളത്തിലെ സർവകലാശാലകളിലെ വിദേശ ഭാഷാ വിഭാഗം, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് നൂറു ഭാഷകളിലേക്ക് തർജ്ജമ ചെയ്തത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top