ഡ്യൂക്ക് പ്രവീണും കൂട്ടാളികളും അറസ്റ്റിൽ


ഇരിങ്ങാലക്കുട :
നിരവധി ക്രിമിനൽ, കഞ്ചാവു കേസ്സുകളിലെ പ്രതികളും വാടകഗുണ്ടകളുമായ മൂന്നു പേരെ ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.ആർ ബിജോയിയും സംഘവും അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി മുതിരപറമ്പിൽ ഡ്യൂക്ക് പ്രവീൺ (21), കിഴുത്താണി മേപ്പുറത്ത് ചിന്നൻ വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണു പ്രസാദ് (22), ചിറയ്ക്കൽ അയ്യേരി ബിനിൽ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിൽ രാത്രി അതിക്രമിച്ചു കയറി കേസ്സിൽ പിടിച്ച വാഹനം കടത്തികൊണ്ടു പോയതും, ആളൂരിൽ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയതും, അർദ്ധരാത്രി എതിരാളികളുടെ വീടാക്രമിക്കാൻ പോകുന്നതിനിടയിൽ ഇവരുടെ വാഹനം തടഞ്ഞ മാള സ്റ്റേഷനിലെ പോലീസുകാരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചതുമായ സംഘത്തിൽപെട്ട ഡ്യൂക്ക് പ്രവീണും കൂട്ടാളികളുമാണ് ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായത്

കാട്ടൂരിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ഇവർക്ക് ഇരിങ്ങാലക്കുട കാട്ടൂർ, ആളൂർ, മാള സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ആയുധം കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം പത്തോളം കേസ്സുകളുണ്ട്. കാർ വാടകയ്ക്കെടുത്ത് പഴനിയിൽ നിന്ന് കഞ്ചാവു വാങ്ങാൻ പോകുന്നതിനിടയിൽ പാലക്കാട് വച്ച് കാർ ഇടിച്ചതിനെ തുടർന്ന് ബസിൽ തൃശൂരിൽ തിരികെയെത്തി മറ്റൊരു കാർ വാടകയ്ക്കെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. കുറച്ചു ദിവസങ്ങളായി ഇവരുടെ നീക്കങ്ങൾ നീരീക്ഷിച്ചുവരികയായിരുന്ന പോലിസ് സംഘം ചൊവ്വാഴ്ച രാത്രി തൃശൂർ ശക്തൻ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. മഫ്തിയിലെത്തിയ പോലീസിനെ കണ്ട് സംഘം ചിതറി ഓടുകയായിരുന്നു. ഏറെ ശ്രമകരമായാണ് ഇവരെ കീഴ്പ്പെടുത്തിയത്. എസ്.ഐ. കെ.എസ്. സുബിന്ത്, എ.കെ.മനോജ് ഇ.എസ്.ജീവൻ, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, കൊട്ടിൽ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  
Top