ദൃഷ്ടി പദ്ധതി നിർത്തലാക്കരുത് – ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റി

ഇരിങ്ങാലക്കുട : ആയിരക്കണക്കിന് കുട്ടികൾക്ക് കാഴ്ചയുടെ വെളിച്ചം എത്തിച്ച ദൃഷ്ടി പദ്ധതി നിർത്തലാക്കരുതെന്നു ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യ തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രിയിൽ പദ്ധതി ഈ വര്ഷം പൂർണമായും റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. എ.വി.എം. ഗവ. ആയുർവേദ ആശുപത്രി ഇരിങ്ങാലക്കുട, രാമവർമ ജില്ലാ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലായി നടത്തി വന്നിരിന്ന ഈ പദ്ധതിമുഖേന കഴിഞ്ഞ വർഷം 26 വിദ്യാലയങ്ങളിൽ എല്ലാ കുട്ടികളുടെയും കാഴ്ച്ച പരിശോധന കാമ്പ് നടത്തുകയും വൈകല്യം ഉള്ള കുട്ടികൾക്ക് സൗജന്യ ആയുർവേദ ചികിത്സ ലഭ്യമാക്കാനും സാധിച്ചിരുന്നു.

ഈ വർഷം രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ തസ്തികയും തെറാപ്പിസ്റ്റ് തസ്തികയും റദ്ദാക്കുകയും ഇരിങ്ങാലക്കുട ഗവ. ആയുർവേദ ആശുപത്രിയിൽ പദ്ധതി പൂർണമായും റദ്ദാക്കപ്പെടുകയും ചെയ്തു. ഈ നടപടി കുട്ടികളോടുള്ള നീതികേടാണെന്നും അത് തിരുത്തണമെന്നും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ രവി മൂസ്, സെക്രട്ടറി ഡോ സജു കെ ബി എന്നിവർ ആവശ്യപ്പെട്ടു. കുട്ടികളിലെ നേത്രരോഗങ്ങൾക്ക്‌ പരിഹാരം കാണാൻ ആയുർവേദ വകുപ്പിന്റെ ‘ദൃഷ്ടി’ പദ്ധതി സ്കൂൾ വിദ്യാർഥികൾക്കായാണ്‌ നടപ്പാക്കി പോന്നിരുന്നത്. രോഗത്തിന്റെ തീവ്രതയനുസരിച്ച്‌ മരുന്നിനൊപ്പം ഭക്ഷണക്രമം, തുടർചികിത്സ എന്നിവയിലൂടെയാണ്‌ ഭാരതീയ ചികിത്സാവകുപ്പ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഏഴ്‌ മുതൽ 18 വരെ വയസ്സ്‌ പ്രായമുള്ളവർക്ക്‌ ദൃഷ്ടിയിലൂടെ ചികിത്സ ലഭ്യമാക്കിയിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top