പരിസ്ഥിതി സന്ദേശം നല്‍കി സൈക്കിള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പരിസ്ഥിതിദിനത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന പതിവുരീതിയില്‍ മാറ്റംവരുത്തി പുത്തന്‍ചിറ ഗവ. എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വസ്തുക്കളുടെ പുനരുപയോഗ സന്ദേശത്തിടൊപ്പം പരിസ്ഥിതി സന്ദേശവും നല്‍കി സൈക്കിള്‍ സമ്മാനിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ തവനീഷ് പ്രവർത്തകർ മാതൃകയായി. സാമൂഹികനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ്മയാണ് ‘തവനീഷ്’. പുത്തന്‍ചിറ ഗവ. എല്‍.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളായ സഹല്‍, കാര്‍ത്തികേയന്‍, അഭിറാം എന്നിവർക്കാണ് സൈക്കിൾ സമ്മാനിച്ചത്.

തനിഷിലെ പ്രവർത്തകരായ അലൂക്, ജബീബ്, ബിനോയ് എന്നിവരാണ് സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുക എന്ന ആശയം മുന്നോട്ടുവച്ചത്. കോളേജിലെ സുഹൃത്തുക്കള്‍ ഉപയോഗിച്ചിരുന്ന സൈക്കിള്‍ സംഭാവനയായി സ്വീകരിച്ചതും കൂട്ടുകാർ സമാഹരിച്ച തുകകൊണ്ട് സൈക്കിളിന്റെ കേടുപാടുകൾ തീർത്ത് പുതുക്കി നല്‍കുക വഴി വസ്തുക്കളുടെ പുനരുപയോഗം എന്നൊരു സന്ദേശംകൂടി പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി നല്‍കാന്‍ കഴിഞ്ഞെന്നു സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ പ്രൊഫ. മൂവീഷ് മുരളി പറഞ്ഞു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ്, ഹെഡ്മിസ്ട്രസ് ഉഷ ദേവി, തവനീഷ് പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top