ദൈനംദിന ജീവിതത്തിലെ സാങ്കേതിക വിടവുകൾ നികത്താൻ എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുന്നോട്ടു വരണം: മന്ത്രി വി എസ് സുനിൽകുമാർ


ഇരിങ്ങാലക്കുട :
കാർഷിക മേഖലയിലുൾപ്പെടെ പൊതുജനങ്ങൾ അനുദിനം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാര മാർഗങ്ങൾ വികസിപ്പിച്ചെടുക്കാൻ എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുന്നോട്ടു വരണമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ഹാക്കത്തോൺ ആയ ലൈഫത്തോൺ ആദ്യ സീസൺ സമാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ യന്ത്രവൽക്കരണമില്ലാതെ ഇനി മുന്നോട്ടു പോകാൻ കഴിയില്ല. ഈ മേഖലയിൽ പൊതുസമൂഹം വിദ്യാർത്ഥികളിൽ നിന്നും ഫലപ്രദമായ സംഭാവനകൾ പ്രതീക്ഷിക്കുന്നു. പ്രവർത്തിപരിചയം കൂടാതെയുള്ള സാങ്കേതിക വിദ്യാഭ്യാസം വെള്ളത്തിലിറങ്ങാതെയുള്ള നീന്തൽ പരിശീലനം പോലെയാണ്. ലൈഫാത്തോൺ പോലെയുള്ള മത്സരങ്ങൾ ഈ വിടവ് നികത്താൻ വിദ്യാർത്ഥികളെ സഹായിക്കും. സാമൂഹ്യപ്രതിബദ്ധതയുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

വിദ്യാഭ്യാസം പൂർണമാകുന്നത് അത് ജീവിതഗന്ധിയാകുമ്പോഴാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സി. എം. ഐ തൃശൂർ ദേവമാതാ പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി അഭിപ്രായപ്പെട്ടു. വ്യക്തിക്കും സമൂഹത്തിനും ഉതകുന്നതാകണം വിദ്യാഭ്യാസം. ജീവിതഗന്ധമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ദൈനംദിനജീവിതത്തിൽ മനുഷ്യൻ നേരിടുന്ന സാങ്കേതിക വെല്ലുവിളികൾക്കു പരിഹാര മാർഗങ്ങൾ തേടി സംഘടിപ്പിക്കുന്ന സോഷ്യോ-ടെക്നിക്കൽ ഹാക്കത്തോണാണ് ലൈഫത്തോൺ. സമ്മാനചടങ്ങിൽ വച്ച് ആദ്യ സീസണിൽ വിജയികളായ ടീമുകൾ വികസിപ്പിച്ചെടുത്ത പ്രോട്ടോടൈപ്പുകൾ വ്യവസായ സംരംഭകർക്ക് മുന്നിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.

വിജയികളായ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്ചെറുതുരുത്തി, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഇരിഞ്ഞാലക്കുട, ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് മുവാറ്റുപുഴ, എംഎസ് എഞ്ചിനീയറിംഗ് കോളേജ് കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾക്കും മെൻറ്റർമാർക്കും മന്ത്രി വി. എസ്. സുനിൽകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കോളേജ് എക്സികൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, അഗ്രോപാർക് ചെയർമാൻ ബൈജു നെടുങ്കേരിയിൽ, ക്രിയേറ്റിവിറ്റി കൗൺസിൽ കോ ഫൗണ്ടർ ടി. ജെ ജെയിംസ്, കേരളാ സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ ടോം തോമസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ജോയി എ വി ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി ലൈഫത്തോൺ കോർഡിനേറ്റർ രാഹുൽ മനോഹർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top