നിർധന കുടുംബത്തിന് വെളിച്ചമേകി ഊരകം സിഎൽസിയുടെ തിരുനാളാഘോഷം


പുല്ലൂർ :
വീട് വൈദ്യുതീകരിക്കാൻ പണമില്ലാത്തതിന്റെ പേരിൽ മെഴുകുതിരി വെളിച്ചത്തിൽ കാലങ്ങൾ കഴിച്ചുകൂട്ടിയ കുടുംബത്തിന് വൈദ്യുതി എത്തിച്ച് ഊരകം സി.എൽ.സിയുടെ തിരുനാളാഘോഷം. ഊരകം മഡോണ നഗറിലെ താമസക്കാരായ പരേതനായ അരിങ്ങാട്ടുപറമ്പിൽ ഷനിയുടെ ഭാര്യ ഉമയുടെ കുടുംബത്തിനാണ് സിഎൽസി യുടെ നേതൃത്വത്തിൽ വീട് മുഴുവൻ വൈദ്യുതീകരച്ച് കണക്ഷൻ എടുത്ത് നൽകിയത്. ആറ് വർഷം മുൻപ് പട്ടിക ജാതി വികസന വകുപ്പിൽ നിന്നും അനുവദിച്ച സഹായം വഴിയാണ് സ്ഥലം വാങ്ങുന്നതിനും വീട് പണിയുന്നതിനും സാധിച്ചത്. എന്നാൽ വൈദ്യുതീകരണമടക്കമുള്ള മറ്റു പണികളൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.

സാങ്കേതിക തടസം മൂലം റേഷൻ കാർഡ് ലഭിക്കാൻ സാധിക്കാത്തതിനാൽ മണ്ണെണ്ണ പോലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഷനി ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു. ഉമയും പത്താം ക്ലാസിൽ പഠിക്കുന്ന മകളും ആറാം ക്ലാസിൽ പഠിക്കുന്ന മകനും മാത്രമാണ് കുടുംബത്തിലുള്ളത്. ഉമ കൂലി പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. മെഴുകുതിരി വെളിച്ചത്തിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ മകൾ സായ്മിത്ര 85 ശതമാനം മാർക്കോടെ പരീക്ഷ വിജയിച്ചതിനു പിന്നലെ വീട്ടിൽ വൈദ്യുതി ലഭിച്ചതിലും സാങ്കേതിക തടസങ്ങൾ നീക്കി കഴിഞ്ഞ ദിവസം തന്നെ റേഷൻ കാർഡ് ലഭിച്ചതിലും ഉമയും കുടുംബവും ഏറെ സന്തോഷത്തിലാണ്.ഇന്നലെ ഷനിയുടെ ഒന്നാം ചരമവാർഷിക ദിനം കൂടിയായിരുന്നു. ഞായറാഴ്ച്ച നടക്കുന്ന ഊരകം സെന്റ് ജോസഫ്സ് പള്ളിയിലെ ഊട്ടു തിരുനാളിന്റെ ഭാഗമായി സിഎൽസി യുടെ സാന്ത്വനം പദ്ധതിയിലുൾപ്പെടുത്തിയാണ് വീട് വൈദ്യുതീകരണം നടത്തിയത്. വികാരി ഫാ.ഡോ.ബെഞ്ചമിൻ ചിറയത്ത് സ്വിച്ചോൺ കർമം നിർവഹിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top