ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 10 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു

ഇരിങ്ങാലക്കുട : ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ നന്തിപുലം ചുക്കത്ത് സന്തു (29 ) നെ 10 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ ജഡ്ജ് ജി ഗോപകുമാർ ശിക്ഷ വിധിച്ചു. ചെങ്ങാലൂർ വൈക്കത്താടാൻ ഗംഗാധരൻ (48 ) നെയാണ് വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തിയത്. 2012 ഒക്ടോബർ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരണപ്പെട്ട ഗംഗാധരന്റെ മകളും പ്രതിയും തമ്മിൽ സ്നേഹത്തിലാവുകയും ഇരുവീട്ടുകാരുടെയും സമ്മതപ്രകാരം രജിസ്റ്റർ വിവാഹം നടത്തി കൊടുത്തിരുന്നതും പിന്നീട് ഒരു വർഷത്തിനുള്ളിൽ ഇരുകൂട്ടരുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിൽ മതാചാരപ്രകാരം വിവാഹം നടത്തി കൊടുക്കാമെന്നും അപ്രകാരമുള്ള കാലയളവിൽ പ്രതിയും മരണപ്പെട്ട ഗംഗാധരന്റെ മകളും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്യരുതെന്ന് വിലക്കിയിരുന്നതുമാണ്. എന്നാൽ ഇത് ധിക്കരിച്ച് മരണപ്പെട്ട ഗംഗാധരന്റെ മകൾ പ്രതിയുടെ വീട്ടിലേക്ക് ചെല്ലുകയും ഇത് സംബന്ധിച്ച് പ്രതി,മരണപ്പെട്ട ഗംഗാധരന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം ഉണ്ടാക്കുകയും ഗംഗാധരനെ കൈവശം സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് വയറ്റിൽ കുത്തുകയുമായിരുന്നു.

പരിക്കേറ്റ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ഗംഗാധരൻ മരണപെട്ടു. പുതുക്കാട് സബ് ഇൻസ്‌പെക്ടർ ആയിരുന്ന എം ജെ ജിജോ, രജിസ്റ്റർ വഹിയ്‌ത കേസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പി എസ് സുരേഷ്, എൻ മുരളീധരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 32 സാക്ഷികളെ വിസ്തരിക്കുകയും 55 രേഖകളും 10 മുതലുകളും ഹാജരാക്കുകയും ചെയ്തു. 10 വർഷം കഠിന തടവിന് പുറമെ വീട്ടിൽ അതിക്രമിച്ചു കയറിയതിനു 1 വർഷം കഠിന തടവിനും പരിക്കേൽപിച്ചതിന് 6 മാസം കഠിന തടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി ജെ ജോബി, അഭിഭാഷകരായ ജിഷ ജോബി, എബിൻ ഗോപുരൻ, ദിനൽ സി എസ് ,നമിത ശോഭന എന്നിവർ ഹാജരായി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top