വോട്ടേഴ്‌സ് സ്ലിപ്പിൽ ഇത്തവണ പോളിങ് ബൂത്തിന്‍റെ ലൊക്കേഷൻ മാപ്പും


ഇരിങ്ങാലക്കുട:
വോട്ടർമാർക്ക് ആയി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ട് എത്തി വിതരണം ചെയ്യുന്ന വോട്ടേഴ്‌സ് സ്ലിപ്പിൽ പോളിംഗ് ബൂത്തിനെകുറിച്ചുള്ള വിവരങ്ങൾ അറിയാൻ ലൊക്കേഷൻ മാപ്പ് ഉൾപ്പെടുത്തിയത് പുതുമയായി. രണ്ടു വശമുള്ള വോട്ട് സ്ലിപ്പിന്റ പുറകുവശത്ത് ആണ് ഇത്തവണ ലൊക്കേഷൻ മാപ്പ് കൊടുത്തിരിക്കുന്നത്. അതിനാൽ തന്നെ ഒരു എ ഫോർ ഷീറ്റിന്റെ പകുതി വലിപ്പമുണ്ട് വോട്ടേഴ്സ് സ്ലിപ്പിന് ഇത്തവണ.

വോട്ടേഴ്‌സ് സ്ലിപ്പിൽ സമ്മതിദായകരുടെ പേര് മണ്ഡലം, പിതാവിന്റെ പേര്, പോളിംഗ് സ്റ്റേഷൻറെ പേര്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് സ്ഥലം, ഹെൽപ്പ് ലൈൻ നമ്പർ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടു ചെയ്യാനുള്ള സമയത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റും ടോൾഫ്രീ നമ്പർ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പോലെ ഫോട്ടോയും വിവരങ്ങളുമടങ്ങിയ വോട്ടേഴ്സ് സ്ലിപ് തിരിച്ചറിയൽ കാർഡിന് പകരമായി ഉപയോഗിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകം പറയുന്നുണ്ട്. തിരിച്ചറിയൽ കാർഡ് നമ്പറും വ്യക്തി വിവരങ്ങളും പോളിംഗ് ബൂത്തും ഉൾപ്പെടുത്തിയതിനാൽ വോട്ടിങ്ങിനായി തിരിച്ചറിയൽ കാർഡ് വേണ്ടി വരില്ലെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തിരിച്ചറിയൽ കാർഡിന് പകരമല്ല വോട്ടേഴ്സ് സ്ലിപ്. വോട്ടിങ്ങിനായി സമ്മതിദായകർ തിരിച്ചറിയൽ കാർഡ്, പാൻകാർഡ് ആധാർകാർഡ് തുടങ്ങി കമ്മീഷൻ അംഗീകരിച്ച 12 രേഖകളിൽ ഒന്ന് ഹാജരാക്കിയാൽ മതി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top