പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പോളിംഗ് ബൂത്തുകൾക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ചു. ആകെ 181 ബൂത്തുകളാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലുള്ളത്. എന്നാൽ ഇതിൽ കൂടുതൽ കരുതൽ വോട്ടിങ് യന്ത്രങ്ങൾ വിതരണ കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ വന്നാൽ മാറ്റാൻ ആണിത്.

ബൂത്തിൽ ഒരു പ്രെസിഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസറും ആണ് ഉണ്ടാകുക. മുൻപ് വോട്ടിംഗ് യന്ത്രം എന്ന് പറഞ്ഞിരുന്നത് കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ മാത്രമായിരുന്നു. എന്നാൽ ഇത്തവണ വിവിപാറ്റ് കൂടി ചേരുന്നതാണ് വോട്ടിങ് യന്ത്രം. വോട്ടിങ് യന്ത്രങ്ങൾ കമ്മീഷൻ ചെയ്യുമ്പോൾ ഏതെങ്കിലും ഒന്നിൽ തകരാർ കണ്ടെത്തിയാൽ മൂന്നെണ്ണവും മാറ്റും. പോളിംഗ് സമയത്ത് കേടുവന്നത് ഏതാണോ ആ യൂണിറ്റ് മാത്രമാണ് മാറ്റുക. അസിസ്റ്റന്റ് റിട്ടേർണിംഗ് ഓഫീസർ എം വി ഷീലയുടെ നേതൃത്വത്തിലാണ് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നിന്ന് പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നത്.

പോളി സാമഗ്രികളുമായി വിതരണ കേന്ദ്രങ്ങളിൽ നിന്നും ബൂത്തുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ അവിടെ എത്തിയതിനു ശേഷം ബൂത്ത് വോട്ടിങ്ങിനായി ക്രമീകരിക്കണം. വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും. വോട്ടിംഗ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുമണി വരെയാണ്. പോളിംഗ് കഴിഞ്ഞു വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് മറ്റും എത്തിക്കേണ്ടത് ഈ വിതരണ കേന്ദ്രങ്ങളിൽ തന്നെയാണ്. മെയ് 23നാണ് വോട്ടെണ്ണൽ. തൃശ്ശൂർ മണ്ഡലത്തിലെ വോട്ട് മാത്രമാണ് ജില്ലയിൽ എണ്ണുക, ചാലക്കുടി മണ്ഡലത്തിലെ വോട്ടുകൾ എറണാകുളത്താണ് എണ്ണുക.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top