വേനല്‍ മഴയില്‍ ഇരിങ്ങാലക്കുടയിലെ കോൾ മേഖലയിലെ കൊയ്തു വെച്ച നെല്ല് നശിക്കുമോ എന്ന് കർഷകർക്ക് ആശങ്ക


മുരിയാട് :
അപ്രതീക്ഷിത വേനൽമഴ പൊള്ളിനിന്ന നാടിനു കുളിർമ്മയേകിയപ്പോൾ
ഇരിങ്ങാലക്കുടക്ക് ചുറ്റുമുള്ള കോൾ മേഖലയിലെ കർഷകരുടെ ഉള്ളിൽ തീപൊള്ളൽ ഏറ്റപോലെയായി. വേനല്‍ മഴയില്‍ മുരിയാട്, ചെമ്മണ്ട, കാറളം, പൊറുത്തുശ്ശേരി , തളിയക്കോണം , ആനന്ദപുരം കോള്‍മേഖലയില്‍ കൊയ്തു വെച്ച നെല്ല് നശിക്കുമോ എന്ന് കർഷകർക്ക് ആശങ്കയേറി. നെല്ല് ഏകദേശം പൂർണമായി സംഭരിക്കാൻ സാധിച്ച കർഷകർക്ക് ആശ്വാസം നൽകുന്നുണ്ടെന്ക്കിലും പാടശേഖരത്ത് വേനല്‍ മഴയില്‍ കൊയ്തുവെച്ച ടണ്‍കണക്കിന് നെല്ല് മഴയില്‍ വെള്ളത്തില്‍ മുങ്ങിനശിക്കുമോ എന്ന പേടിയിലാണവർ. കൊയ്ത്ത് കഴിഞ്ഞ് ചാക്കിലാക്കിയ നെല്ലാണ് മില്ലു കമ്പനികള്‍ കൊണ്ടുപോകാത്തത് മൂലം മഴയില്‍ വെള്ളത്തില്‍ മുങ്ങിനശിക്കാൻ സാധ്യതയുള്ളത്. ഇവിടെനിന്നും മില്ലുകാര്‍ക്ക് നെല്ല് കയറ്റി കൊണ്ടുപോകുന്നതിനാവശ്യമായ ചെറു വാഹനങ്ങള്‍ ലഭിക്കാത്തതിനാലാണ് ചാക്കിലാക്കിയ നെല്ല് കയറ്റി കൊണ്ടു പോകാനാകാത്ത സാഹചര്യം ഇപ്പോൾ ഉള്ളത്. ചെറിയ ചാറ്റൽമഴയിൽ പോലും നെല്ലു സംഭരിക്കാൻ മില്ലുടമകൾ തയാറെടുക്കുമ്പോഴും ചാക്കുകളും നെല്ലും നനയുന്നതു മില്ലുടമകളെയും ഏജന്റുമാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

മറ്റൊരുകൂട്ടം കർഷകരുടെ ഏക്കർകണക്കിന് നെൽ കൃഷിയാണ് കഴിഞ്ഞ ദിവസമുണ്ടായ വേനൽ മഴയിലും കാറ്റിലും നിലംപൊത്തിയത്. ഇത്തവണ നല്ല വിളവ് ലഭിച്ചത് കര്‍ഷകരെ ആഹ്ലാദത്തിലാക്കിയിരുന്നെങ്കിലും മഴ വില്ലനായി എത്തിയത് കര്‍ഷകരുടെ ആഹ്ലാദം ദുഖത്തിന് വഴിമാറി. ബാങ്കുകളില്‍ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത കര്‍ഷകര്‍ മഴ ചതിച്ചതോടെ വായ്പ തിരിച്ചടക്കാന്‍ കഴിയുമോയെന്ന പേടിയിലാണ്. കൊയ്തു കൊണ്ടിരുന്നതും അടുത്താഴ്ചയിൽ കൊയ്യാനിരുന്നതും 90 ദിവസം വരെ പ്രായമായതുമായ ചെടികളാണു നിലം പൊത്തിയത്. നെൽ‌ച്ചെടികൾ ഒടിഞ്ഞു കിടക്കുകയാണ്. കൊയ്ത്തു യന്ത്രമെത്തിയാൽ പോലും ഇതിൽ നിന്നും നെല്ലു വേർത്തിരിക്കാൻ സാധ്യത കുറവാണെന്നാണു കർഷകർ പറയുന്നത്. കൊയ്തു കൊണ്ടിരുന്ന ചില പാടശേഖരങ്ങളിലെ നെല്ല് നീക്കം ചെയ്യാനുമാകാതെ കർഷകർ ബുദ്ധിമുട്ടുകയാണ്. വേനല്‍ മഴയ്ക്ക് ശേഷം പാടത്ത് മഴ പെയ്ത് ചെളി നിറഞ്ഞതിനാല്‍ യന്ത്രങ്ങള്‍ ഏറെ സമയമെടുത്താണ് കൊയ്ത്ത് നടത്തുന്നത്. കര്‍ഷകര്‍ക്ക് ഇതുമൂലം അന്യദേശങ്ങളിൽനിന്നും കൊണ്ടുവന്ന കൊയ്ത്തു യന്ത്രവാടകയിനത്തില്‍ വന്‍ നഷ്ടമാണ് സംഭവിക്കുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top