കത്തുന്ന മീനച്ചൂടിലും ആവേശപ്പെരുമഴ തീര്‍ത്ത് എല്‍. ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്‍റെ പര്യടനം

ഇരിങ്ങാലക്കുട : എല്‍. ഡി .എഫ് തൃശൂര്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്‍റെ മൂന്നാംഘട്ട പര്യടനം അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  ചുവന്ന തലപ്പാവണിഞ്ഞ സഖാക്കള്‍ , കൈയില്‍ പനിനീര്‍ പൂക്കളുമായി കുഞ്ഞുങ്ങള്‍, ഇളനീര്‍ക്കുലയും മാങ്ങക്കുലയും കൊന്നപ്പൂക്കളും ഫലമൂലാദികളുമായി സ്ത്രീകള്‍ സ്വീകരണകേന്ദ്രങ്ങളിലെ വ്യത്യസ്താനുഭവങ്ങളായി. രാവിലെ 8 മണിയോടെ വടക്കുമുറിയില്‍ നിന്നു തുടങ്ങി വൈകീട്ട് 7 .30 നു കാക്കാത്തിരുത്തിയില്‍ എത്തുമ്പോഴും ഇതാവര്‍ത്തിക്കുകയായിരുന്നു. കല്ലേറ്റുംകരയിലൊരുക്കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു തുടങ്ങിയ രാജാജി ,ഈ പൊതുതിരഞ്ഞെടുപ്പില്‍ കേരളജനതക്ക് അഭിമാനകരമായ വിജയം നേടിയെടുക്കുന്നതിന് വേണ്ട അനുകൂല സാഹചര്യം നിലവിലുണ്ട്,അത് പ്രാവര്‍ത്തികമാക്കാന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കാട്ടാംതോട്,ഷോളയാര്‍,കാരൂര്‍ തുടങ്ങിയ സെന്ററുകളില്‍ മാലയിട്ട് സ്വീകരിക്കാന്‍ വനിതകളടക്കമുള്ള പ്രവര്‍ത്തകരുടെ തിരക്കായിരുന്നു.

. കുഴിക്കാട്ടുശ്ശേരി, മുണ്ടുപ്പാടം ,ആക്കപ്പിള്ളി ,കടുപ്പശ്ശേരി ,തൊമ്മാന എന്നീ സ്വീകരണകേന്ദ്രങ്ങളില്‍ ആവേശകരമായ മുദ്രാവാക്യവിളികളോടെയും ,തപ്പുവാദ്യമേളങ്ങളോടെയുമാണ് വരവേറ്റത്. കല്ലംകുന്നില്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ കണിക്കൊന്ന പൂക്കളും വര്‍ണ്ണബലൂണുകളും അകമ്പടിയായുണ്ടായിരുന്നു. കൊടുംചൂടിനെ വകവെയ്ക്കാതെ രാജാജിയും അവര്‍ക്കൊപ്പംനിന്ന് സ്വീകരണത്തിന് വാക്കുകള്‍ ചുരുക്കാതെ നന്ദി പറഞ്ഞു. നടവരമ്പിലെ സ്വീകരണം ഏറ്റുവാങ്ങി നന്ദി പറഞ്ഞ് ഐക്കരക്കുന്നിലെത്തുമ്പോള്‍ പ്രസിദ്ധമായ നടവരമ്പ് കര്‍ഷകസമരത്തിന്റെ അലയൊടുങ്ങാത്ത മണ്ണില്‍ വികാരനിര്‍ഭരമായ ഒരു രംഗത്തിന് സ്ഥാനാര്‍ത്ഥിയും ജനാവലിയും സാക്ഷിയായി. പര്യേടത്ത് നാരായണന്‍ മേനോന്‍ നടത്തിയ കുടിയിരുപ്പ് നടപടിക്ക് വിധേയയായ കുടിയിറക്കപ്പെട്ട ചാമിയുടെ ഭാര്യ നൂറ്റിമൂന്ന് വയസ്സുള്ള ചക്കി, താന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് ഹാരമണിയിച്ചു. മണ്‍മറഞ്ഞ സഖാക്കളായ പി സി കുറുമ്പയുടെയും കെ .വി ഉണ്ണിയുടെയും പി .കെ കുമാരന്റെയും പി കുമാരന്റെയും സാന്നിദ്ധ്യം അനുഭവപ്പെടുക തന്നെ ചെയ്തു. പുല്ലൂര്‍ സെന്റര്‍ , അമ്പലനട, ആനരുളി ,വേഴേക്കാട്ടുക്കര എന്നീ സ്വീകരണ കേന്ദ്രങ്ങളില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി, അനുഗ്രഹിച്ച് വിജയാശംസകള്‍ നേര്‍ന്നാണ് അടുത്ത കേന്ദ്രമായ കാപ്പാറയിലേക്ക് യാത്രയാക്കിയത്.

കഴിഞ്ഞ രണ്ടുവട്ട പര്യടനങ്ങളില്‍ നിന്നു വ്യത്യസ്തമായി വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥിയുമായി ചിരപരിചിതത്വം അനുഭവപ്പെടുകയായിരുന്നു. തങ്ങളിലൊരാളായി മാറികഴിഞ്ഞ രാജാജിയുടെ വിജയം തങ്ങളുടേതായി അവര്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. കാപ്പാറ ,കൊടിയന്‍കുന്ന് ,മാടായിക്കോണം എന്നിവിടങ്ങളിലെ ഊഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. വൈകീട്ട് 3.30 ന് വാതില്‍മാടത്തില്‍ നിന്നു തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളായ നവോദയ കലാസമിതി, പീച്ചംപിള്ളിക്കോണം, ബംഗ്ലാവ് കോട്ടം,കാറളം സെന്റര്‍ പുല്ലത്തറ,പവര്‍ ഹൗസ് ,വെള്ളാനി നന്തി ,കാട്ടൂക്കടവ് ,മനപ്പിള്ളി, പൊഞ്ഞനം, ഇല്ലിക്കാട് ,ആല്‍ത്തറ, ജവഹര്‍കോളനി, ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രദേശത്തെ പര്യടനം ,സോള്‍മെന്റ്, പെരുവല്ലിപ്പാടം, എസ് എന്‍ നഗര്‍, ചീനക്കുഴി, മതിലകം കടവ്, തേമാലിതറ എന്നിവിടങ്ങളെല്ലാം പിന്നിട്ട് കാക്കാതുരുത്തിയില്‍ 7.30 ന് പര്യടനം അവസാനിച്ചു. സ്ഥാനാര്‍ത്ഥി രാജാജിയെ , ഇടതുപക്ഷ മുന്നണി നേതാക്കളായ ഉല്ലാസ് കളക്കാട്ട് , ടി .കെ സുധീഷ് ,പി മണി ,കെ .പി ദിവാകരന്‍ ,കെ .സി പ്രേമരാജന്‍,എം കെ സേതുമാധവന്‍ ,കെ കെ ബാബു , ലത്തീഫ് കാട്ടൂര്‍ എന്നിവര്‍ അനുഗമിച്ചു.

Leave a comment

  • 51
  •  
  •  
  •  
  •  
  •  
  •  
Top