കുഞ്ഞുണ്ണി മാഷെ സാംസ്കാരിക കേരളം മറന്നുവോ ?

ഇരിങ്ങാലക്കുട : പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്നുറക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്ത കവി കുഞ്ഞുണ്ണി മാഷെ സാംസ്കാരിക കേരളം ഏകദേശം മറന്ന മട്ടാണ്. “ദയവു ചെയ്ത് എന്നെ പൊക്കാതിരിക്കുക” എന്നപേക്ഷിക്കുന്ന പാവം മാഷ് പൊക്കിയാൽ മാത്രം സ്ഥാനമാനാദികൾ അടക്കമുള്ള എന്തും ലഭിക്കുന്ന ഇന്നത്തെ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിൽ ഈ മൊഴിമുത്തുകൾക്ക് ഏറെ പ്രസക്തിയുണ്ട് . സുഗതകുമാരി മുതൽ ടി വി കൊച്ചുബാവ വരെയുള്ള സർഗ്ഗ സമ്പത്തുള്ള തലമുറയിൽ അക്ഷരാതിരിനാളം പ്രോജ്വലിപ്പിച്ച് എഴുത്തിന്റെയും വായനയുടെയും വിശാല ലോകം പ്രകാശ പൂർണ്ണമാക്കിയതിൽ കുഞ്ഞുണ്ണിമാഷ് വഹിച്ച പങ്ക് വളരെ വലുതാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുട്ടേട്ടനായി കുട്ടികളിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന രചനാ തന്ത്രങ്ങളെ തട്ടിയുണർത്തി കൂടാതെ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്ന മഹാപ്രസ്ഥാനത്തിലൂടെ നേതൃത്വ പാടവവും സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് കുഞ്ഞുണ്ണി മാഷ് ഓർമ്മയായി മാർച്ച് 26 ന് 13 വർഷം പൂർത്തിയാകുമ്പോൾ നമുക്ക് ചുറ്റുമുള്ളത് ശുഭപ്രതീക്ഷ നൽകാത്ത സർഗ്ഗാത്മക അന്തരീക്ഷമാണ്. വായനയുടെയും എഴുത്തിന്റെയും പരമ്പരാഗത രീതിക്ക് പരമമായ മാറ്റം സംഭവിച്ചിരിക്കുന്നു. സമൂഹത്തിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് കരുത്താർജ്ജിക്കേണ്ടവർ അതിനു കാത്തുനിൽക്കാതെ സ്വയം വളർന്നുവെന്ന തോന്നലോടെ പ്രവർത്തിക്കുന്ന എഴുത്തിന്റെ ലോകമാണിന്ന് ” വായിച്ചാൽ വളരുമെന്ന മാഷിന്റെ മഹത്തായ ആശയത്തിന് മുഖം നൽകാതെ പിന്തിരിഞ്ഞു നിൽക്കുന്ന കാഴ്ചയും മലയാളി കണ്ടുകഴിഞ്ഞു. പക്ഷെ കുഞ്ഞുണ്ണി മാഷെപ്പോലുള്ളവർ കൊളുത്തിവച്ച കെടാവിളക്കുകൾ മലയാളി മനസ്സിൽ എന്നെന്നും പ്രഭാപൂരം പ്രകാശിക്കാതിരിക്കില്ല. ഉണ്ണികൃഷ്‌ണൻ കിഴുത്താനി

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
Top