ശ്രീകൂടൽമാണിക്യം ഉത്സവം ഇത്തവണ മേളത്തിന് പ്രത്യേകതകളേറെ


ഇരിങ്ങാലക്കുട :
2019ലെ ശ്രീ കൂടൽമാണിക്യം ഉത്സവം മെയ് 14, ചൊവ്വാഴ്ച രാത്രി 8.10നും 8.40നും ഇടയിൽ കൊടിയേറുന്നു. സൂത്രധാരക്കൂത്ത്, നങ്ങ്യാർകൂത്ത് എന്നിവ കൂത്തമ്പലത്തിൽ അരങ്ങേറുന്നതോടെ ഉത്സവത്തിന്റെ അനുഷ്ഠാനചടങ്ങുകൾക്കും മറ്റാഘോഷങ്ങൾക്കും തുടക്കം കുറിക്കും. തുടർന്ന് രാത്രി 9.15 മണിയോടെ സന്ധ്യാവേലപ്പന്തലിൽ പ്രത്യേകരംഗശോഭയോടെ സജ്ജമാക്കിയ അരങ്ങിൽ കൊരമ്പ് മൃദംഗക്കളരിയൊരുക്കുന്ന മൃദംഗമേള നടക്കും. പിറ്റേദിവസമായ കൊടിപ്പുറത്തുവിളക്കുദിനത്തിൽ കാലത്ത് 8 മണിയോടെ പഞ്ചരത്നകീർത്തനാലാപനം നടക്കുന്നു . അതിനുശേഷം യുവനിരയിലെ പ്രശസ്തനും മികച്ച സംഗീതജ്ഞനുമായ തൃപ്പൂണിത്തുറ ജയറാം ഭാഗവതരും സംഘവുമവതരിപ്പിയ്ക്കുന്ന സമ്പ്രദായ ഭജന നടക്കുന്നു.

ഭാരതത്തിലെ എല്ലാ പ്രദേശങ്ങളിലേയും ഭക്തകവികളുടെ കീർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇതിനൊരു ദേശീയോദ്ഗ്രഥനത്തിന്റെ സ്വഭാവവും സിദ്ധിയ്ക്കുന്നു. ഭക്തിയും സംഗീതവും സമഞ്ജസമായി സമ്മേളിക്കുന്നു. എല്ലാ വർഷത്തെയും പോലെ ഉത്സവനാളുകളിൽ സന്ധ്യാവേലപ്പന്തലിൽ സന്ധ്യക്ക് നാഗസ്വരം, കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, തായമ്പക എന്നീ വാദ്യവിശേഷങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ കലാരൂപങ്ങളുടെ അവതരണങ്ങൾ കൂടുതൽ വിപുലമായ രീതിയിലാണ് ഇത്തവണ ഉൾപ്പെടുത്തിട്ടുള്ളത്. കൊടിപ്പുറത്തു വിളക്കു ദിവസം രാത്രി 8.30ന് ശ്രീ ഇരിങ്ങാലക്കുട ദേവദാസ് ,

ഇരിങ്ങാലക്കുട പ്രകാശൻ എന്നിവരും സംഘവും വിശേഷാൽ നാഗസ്വരക്കച്ചേരി അവതരിപ്പിക്കും. രണ്ടാം ഉത്സവനാളിലെ പഞ്ചമദ്ദളകേളി കലാനിലയം പ്രകാശൻ നയിക്കും. മൂന്നാം ഉത്സവനാളിൽ മാസ്റ്റർ വേദിക്, മാസ്റ്റർ അശ്വിൻ മൂസത്, കുമാരി ഗായത്രി ഇവരുടെ ത്രിത്തായമ്പക. തുടർന്ന് സന്ധ്യക്ക് 6 മണിക്ക് കൊമ്പു കലാകാരൻമാരിൽ പ്രസിദ്ധനായ പൈപ്പോത്ത് ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിയ്ക്കുന്ന വിശേഷാൽ കൊമ്പുപറ്റുമുണ്ട്. നാലാം ഉത്സവനാളിൽ സദനം ഭരതരാജന്റേയും കലാനിലയം ഉദയൻ നമ്പൂതിരിയുടേയും സിംഗിൾ കേളി മറ്റൊരാകർഷണമാണ്. ദേശീയ അന്തർദ്ദേശീയ പ്രശസ്തരാണിരുവരും. വിശ്വപ്രശസ്തവാദ്യ വിചക്ഷണൻമാരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായ അഞ്ചാം ഉത്സവനാളിലെ കേളിയുടെ മഹത്വം വാക്കുകൾക്കതീതമാണ്. ചെർപ്പുളശ്ശേരി ശിവൻ, അദ്ദേഹത്തിന്റെ പുത്രനും ശിഷ്യനുമായ ചെർപ്പുളശ്ശേരി ഹരിഹരൻ എന്നിവർ മദ്ദളത്തിലും പദ്മശ്രീ മട്ടന്നൂർശങ്കരൻകുട്ടിമാരാർ, അദ്ദേഹത്തിന്റെ ദ്വിതീയപുത്രനും ശിഷ്യനുമായ മട്ടന്നൂർ ശ്രീരാജ് എന്നിവർ എന്നിവർ ചെണ്ടയിലുമായി കേളികൊട്ടുന്നു .

ആറാം ഉത്സവദിനത്തിൽ പ്രസിദ്ധ കുഴൽവാദകനായ കൊമ്പത്ത് ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന വിശേഷാൽ കുഴൽപ്പറ്റ് ഉണ്ടാകും. ഏഴാം ഉത്സവ ദിനത്തിൽ കലാമണ്ഡലം രാജീവും കലാനിലയം ഉണ്ണികൃഷ്ണനും ചേർന്നവതരിപ്പിക്കുന്ന മിഴാവ് – ഇടക്കതായംമ്പക ഉണ്ടായിരിക്കും. വലിയവിളക്കുദിവസം ചേറുശ്ശേരി ആനന്ദും സംഘവും തായമ്പക അവതരിപ്പിക്കും. പള്ളിവേട്ട ദിവസം ശിവേലിക്കു ശേഷം വൈകീട്ട് മൂന്നിന് മദ്രാസ്സിൽ നിന്നും വരുന്ന മയ്ലെെ കാർത്തികേയനും സംഘവും അവതരിപ്പിക്കുന്ന വിശേഷാൽ നാഗസ്വരക്കച്ചേരിയുമുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക്ശേഷം സന്ധ്യാവേലപ്പന്തലിൽ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ ഉണ്ടാകും.

ഇങ്ങനെഎല്ലാ ദിവസവും ആകർഷണീയമായ പരിപാടികൾ ഉൾപ്പെടുത്തി
സന്ധ്യാവേലപ്പന്തലിലെ പരിപാടികൾ എല്ലാം തന്നെ ഈ വർഷം കൂടുതൽ ശ്രദ്ധആകർഷിയ്ക്കും. ഇരിങ്ങാലക്കുട ഉത്സവത്തിന്റെ വാദ്യപ്പെരുമ ലോകപ്രസിദ്ധമാണ് -ഒരേ രീതിയിൽ 9 ദിവസങ്ങളിലായി 8 വിളക്കുകളും 8 ശിവേലികളുമുൾപ്പടെ എണ്ണം പറഞ്ഞ 16 പഞ്ചാരിമേളങ്ങൾ നടക്കുന്നു. ലോകത്തിലെവിടെയും ഇതുപോലെയില്ല എന്നത് ശ്രദ്ധേയമാണ്. ആറാട്ടുപുഴ, പെരുവനം, തൃശ്ശൂർ പൂരങ്ങളിൽ വിവിധ പൂരങ്ങൾക്കായി കൊട്ടിയ വാദ്യകലാകാരൻ ഒരുമിച്ചു ഇവിടെ ഒരുമിച്ചു കൊട്ടുന്നു. ആദ്യകാലങ്ങളിൽ മേള പഞ്ചവാദ്യ നടത്തിപ്പുകൾ ദേവസ്വം നേരിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പിന്നീട് പിന്നീട് ആ സമ്പ്രദായത്തിന് മാറ്റം വരികയും ഏറ്റവും കുറഞ്ഞ തുകയ്ക്കു ക്വട്ടേഷൻവയ്ക്കുന്ന വ്യക്തിയെ മേള പഞ്ചവാദ്യങ്ങളുടെ ചുമതല ഏൽപ്പിക്കുകയും ,ഏറ്റെടുത്തകരാറുകാരന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വാദ്യകലാകാരൻമാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഉത്സവം നടത്തുക എന്ന രീതിയായി.

നിലവാരത്തിന്റെ കാര്യത്തിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിലും പല വിമർശനങ്ങൾക്കും കാരണവുമായി അത്. അതിനൊരു മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ ദേവസ്വം നേരിട്ട് മേള – പഞ്ചവാദ്യങ്ങൾ നടത്തിക്കുകയാണ്. പരസ്പര യോജിപ്പുള്ള മികച്ച കലാകാരൻമാരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇത്തവണ മേള – പഞ്ചവാദ്യ വിഭാഗങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ഉത്സവത്തിന്റെ സമസ്ത മേഖലകളിലുമുണ്ടായ ഗുണപരമായ മാറ്റം വാദ്യവിഭാഗങ്ങളിലും സംഭവിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പഞ്ചാരിമേള രംഗത്തെ പ്രഗത്ഭമതികളായ പദ്മശ്രീ പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം സതീശൻ മാരാർ, ചേറുശ്ശേരി കുട്ടൻ മാരാർ, പെരുവനം പ്രകാശൻ മാരാർ എന്നിവർ വിവിധ ദിവസങ്ങളിൽ മേളം പ്രമാണിയ്ക്കുന്നു . മികവുറ്റ കലാകാരൻമാരാണ് അവരുടെ കൂടെ ഇക്കുറി പങ്കെടുക്കുന്നത്. ഓരോ മേളത്തിലും 120 ൽ കുറയാത്ത കലാകാരൻമാർ പങ്കെടുക്കും.

ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ ഭാവനാശേഷിയും സാധക ബലമുള്ള മികച്ച സംഘമാണ് ഇക്കുറി പഞ്ചവാദ്യത്തിനെത്തുന്നത്. 13 തിമിലകൾ, 9 മദ്ദളങ്ങൾ, 13 കൊമ്പുകൾ, രണ്ടിടയ്കകൾ, 13 ലധികം ഇലത്താളങ്ങൾ എന്നിങ്ങനെ അമ്പതിലധികം കലാകാരൻമാർ പങ്കെടുക്കുന്നു. പള്ളിവേട്ട, ആറാട്ടു ദിവസങ്ങളിൽ പഞ്ചവാദ്യത്തിനു ശേഷം ശ്രീ കലാമണ്ഡലം ശിവദാസും സംഘവുമവതരിപ്പിയ്ക്കുന്ന പാണ്ടിമേളം നടക്കും. നാൽപ്പതിലധികം കലാകാരൻമാർ അതിൽ പങ്കെടുക്കുന്നു. ഇങ്ങനെ ശ്രീ കൂടൽമാണിക്യം ഉത്സവത്തിന്റെ സമസ്തമേഖലകളിലേയും ഉള്ളടക്കത്തിൽ വളരെ ഗൗരവമാർന്ന മാറ്റങ്ങൾ കൊണ്ടുവരുവാനും അതുവഴി ഉത്സവം കൂടുതൽ ദേശീയശ്രദ്ധ നേടുവാനും സാധിക്കുമെന്നും ദേവസ്വം ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top