ഇരിങ്ങാലക്കുട വനിതാ പോലീസിന്‍റെ മനുഷ്യത്വപരമായ സന്നദ്ധസേവനങ്ങളേക്കുറിച്ച് കേട്ടറിഞ്ഞ അന്ധവിദ്യാർത്ഥി അഭിനന്ദിക്കാൻ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി


ഇരിങ്ങാലക്കുട :
പോലീസ് എന്നാൽ ഒച്ചയെടുത്ത് പേടിപ്പിക്കുന്നവർ എന്ന ധാരണക്ക് മാറ്റം വരുത്തിയ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നന്മ നിറഞ്ഞ സന്നദ്ധ പ്രവർത്തനങ്ങളേക്കുറിച്ച് കേട്ടറിഞ്ഞ അന്ധവിദ്യാർത്ഥിയായ അശ്വിൻ, അവരെ തേടി നേരിട്ട് അഭിനന്ദിക്കാൻ സ്റ്റേഷനിലെത്തി. ഇരിങ്ങാലക്കുട റൂറൽ വനിതാ സ്റ്റേഷനിലെ റൈറ്ററായ അപർണ്ണ ലവകുമാറും അസിസ്റ്റന്റ് റൈറ്ററായ പി എ മിനിയും വനിതാ പോലീസ് കെ ഡി വിവയും ചേർന്ന് കൊരുമ്പിശേരിയിലെ മാനസിക നില ചെറുതായി തെറ്റിയ ഒരു യുവതിക്കായി ചെയ്തു കൊടുത്ത സഹായങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ചാലക്കുടി പനമ്പിളി കോളേജിൽ എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ അശ്വിൻ ഇ ആർ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിലെത്തിയത്. അന്ധ വിദ്യാർത്ഥിയായ അശ്വിൻ ടേക്കിങ് സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയാണ് വാർത്ത പോർട്ടലുകൾ വായിക്കുന്നത്. ഇങ്ങനെ കഴിഞ്ഞ വനിതാ ദിനത്തിൽ ഇരിങ്ങാലക്കുട റൂറൽ വനിതാ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ ഈ സത്കർമത്തിന്റെ വാർത്ത അശ്വിൻ അറിയാനിടയായത്. അന്നേ ദിവസം തന്നെ ഗൂഗിൾ ടേക്കിങ് അസിസ്റ്റന്റ് ഉപയോഗിച്ച് ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ കണ്ടുപിടിക്കുകയും സ്റ്റേഷനിലേക്ക് വിളിക്കുകയും ചെയ്തു. ഫോൺ എടുത്ത സ്റ്റേഷൻ വനിതാ എസ്.ഐ. ഉഷ പി അശ്വിനോട് വിവരങ്ങളെല്ലാം ചോദിച്ചു അറിയുകയും, അശ്വിന് നേരിട്ട് എത്തി ഇതിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാൻ ആഗ്രഹമുണ്ടെന്ന് മനസിലാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച അശ്വിൻ വനിതാ പോലീസ് സ്റ്റേഷനിൽ എത്തി ചേർന്നത്.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വിവിധ സാഹചര്യങ്ങളിൽ കണ്ടുമുട്ടുന്ന പലരെയും ആവും വിധം സഹായിക്കാൻ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ശ്രമിക്കാറുണ്ടെന്നും എന്നാൽ ശാരീരിക വിഷമതകൾ മറന്ന് ഇതുപോലെ നേരിട്ടെത്തി ഒരാൾ അഭിനന്ദിക്കുന്നത് ആദ്യമായാണെന്നു എസ് .ഐ. ഉഷ പി ആർ പറഞ്ഞു. അന്നത്തെ സൽപ്രവർത്തികളിൽ പങ്കാളികളായവരിൽ റൈറ്റർ അപർണ ലവകുമാർ മാത്രമാണ് ഇന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നത് . ഔദ്യോഗിക അവശങ്ങൾക്കായി മിനിയും , വിവയും പുറത്തായിരുന്നു. ഇരുവരുമായും അശ്വിൻ ഫോണിൽ സംസാരിച്ചു . ഇത്തരം നന്മകൾ ചെയ്യുവാൻ ഇതെലാം പ്രചോദനം നൽകുന്നതായി അപർണ ലവകുമാർ പറഞ്ഞു. പഠനത്തിൽ മിടുക്കനായ അശ്വിൻ ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസുകൾവിവിധ സ്ഥലങ്ങളിൽ പോയി എടുക്കാറുണ്ട്. ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾക്കായി അശ്വിനെ ക്ഷണിക്കുമെന്ന് ഇരിങ്ങാലക്കുട റൂറൽ വനിതാ സ്റ്റേഷനിലെ എസ് ഐ ഉഷ പി ആർ പറഞ്ഞു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top