തോമസ് ഉണ്ണിയാടൻ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വരുന്നതിനെതിരെ ഇരിങ്ങാലക്കുട കോൺഗ്രസ് ഓഫീസിനു മുന്നിൽ പോസ്റ്റർ


ഇരിങ്ങാലക്കുട:
ടി എൻ പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയുള്ള യുഡിഎഫ് യോഗം ചേരാൻ ഇരിക്കുന്ന ഇരിങ്ങാലക്കുടയിലെ കോൺഗ്രസ് ഓഫീസിനു മുന്നിൽ കേരളാ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ തോമസ് ഉണ്ണിയാടനെതിരെ വ്യാപക പോസ്റ്ററുകൾ. ” സിപിഎമ്മിനെ കോട്ടയായിരുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ കഠിനമായ പ്രവർത്തനംകൊണ്ട് തുടർച്ചയായി വിജയിക്കുകയും, ഒടുവിൽ സ്വന്തം ധാർഷ്ട്യം കൊണ്ട് പരാജയപ്പെടുകയും ചെയ്തപ്പോൾ അതിന്‍റെ പാപഭാരം കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും തലയിൽ കെട്ടിവച്ച് ദൃശ്യമാധ്യമങ്ങൾ വഴി അപമാനിച്ചിട്ട് ഒരു ഉളുപ്പുമില്ലാതെ കയറിവരുന്നു… അങ്ങേക്ക് സ്വാഗതം… ” ഇതാണ് കോൺഗ്രസ് ഓഫീസിനുമുന്നിൽ വ്യാപകമായി ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിലെ വരികൾ. ആരാണ് എഴുതിയെന്ന് പോസ്റ്ററിൽ വ്യക്തമല്ല. എന്നാൽ ഉണ്ണിയാടനുമായി കോൺഗ്രസിൽ ഒരു വിഭാഗത്തിന് കാലാകാലങ്ങളായുള്ള എതിർപ്പ് ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇവിടെ കേരള കോൺഗ്രസിന് ശക്തിയില്ല എന്നുള്ളതും കോൺഗ്രസിന്‍റെ ബലത്തിലാണ് വിജയിച്ചു പോരുന്നു ഉള്ളത് എന്നും ഇവർ പറയുന്ന ന്യായം. അതുകൊണ്ട് ഇനിയും യുഡിഎഫ് സംവിധാനത്തിൽ സ്ഥാനങ്ങൾ നേടി ആളാകേണ്ട എന്നതാണ് പോസ്റ്ററുകളിലെ വ്യാഖ്യാനം.

സംസ്ഥാനതലത്തിൽ യുഡിഎഫിന്‍റെ ഭാഗമായി വീണ്ടും കേരളാ കോൺഗ്രസ് വന്നപ്പോൾ ഇരിങ്ങാലക്കുടയിൽ അതിനുശേഷമുണ്ടായ പല യുഡിഎഫ് റാലികളിലും കേരള കോൺഗ്രസിന് പങ്കെടുപ്പിച്ചിരുനില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉണ്ണിയാടൻ പരാജയപ്പെട്ടപ്പോൾ പല കോൺഗ്രസ് പ്രവർത്തകരും തന്നെ പരാജയപ്പെടുത്താൻ മനപ്പൂർവം ശ്രമിച്ചിരുന്നതായി ഉണ്ണിയാടൻ പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെ അന്ന് കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ണിയാടനെതിരെ വ്യാപക പ്രതിഷേധവും റാലികളും നടത്തിയിരുന്നു. ആ വിദ്വേഷം ഇപ്പോഴും വെച്ചുപുലർത്തുന്ന ലക്ഷണങ്ങളാണ് ഈ പോസ്റ്ററുകൾ. തിങ്കളാഴ്ച രാവിലെ മുതൽ പോസ്റ്ററുകൾ ഇവിടെ ഉണ്ടായിട്ടും , കോൺഗ്രസ് ഓഫീസിൽ ഉണ്ടായിരുന്നവർ ഇത് എടുത്തു മാറ്റാത്തതും ശ്രദ്ധേയമായി.

Leave a comment

  • 53
  •  
  •  
  •  
  •  
  •  
  •  
  •  
Top