കൂടൽമാണിക്യം ദേവസ്വം കെട്ടിടങ്ങൾക്ക് നഗരസഭ നമ്പർ നൽകാത്തത് ആവശ്യമായ രേഖകൾ ദേവസ്വം സമർപ്പിക്കാത്തതിനാലെന്ന് നഗരസഭ ചെയർപേഴ്സൺ


ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന് കീഴിലുള്ള കച്ചേരിവളപ്പിലെ പുതിയ കെട്ടിടങ്ങൾക്കും കൊട്ടിലാക്കൽ പറമ്പിലെ നാലമ്പല ടൂറിസം വിശ്രമകേന്ദ്രത്തിനും നഗരസഭ നമ്പർ നൽകാത്തത് ദേവസ്വം ആവശ്യമായ രേഖകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്കാത്തതിനാലാണെന്നു നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു. കഴിഞ്ഞ ദിവസം ചേർന്ന കൂടൽമാണിക്യം ഭക്തജന കൂട്ടായ്മയിൽ ദീപക്കാഴ്ചക്ക് സ്വകാര്യവ്യക്തിക്കി നഗരസഭ അനുമതി കൊടുത്തതിനെതിരെയും ദേവസ്വം കെട്ടിടങ്ങൾക്ക് നമ്പർ നൽകാത്തത് വിവേചനപരമാണെന്ന ദേവസ്വം ചെയർമാൻ ആരോപിച്ചതിനു മറുപടിയായിട്ടാണ് നഗരസഭ ചെയർപേഴ്സൺ പ്രതികരിച്ചത്. സർക്കാരിൽ നിന്ന് നാലു വർഷം മുൻപ് ദേവസ്വത്തിന് തിരികെ കിട്ടിയ കച്ചേരിവളപ്പിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് നഗരസഭയുടെ യാതൊരു അനുമതിയും ഇല്ലാതെയാണെന്നും ഇതിനായി നൽകിയ പ്ലാനുകളൊന്നും പൂർണ്ണമല്ലെന്നും നഗരസഭ എൻജിനീയറും പറഞ്ഞു.

കെട്ടിടം നിര്‍മ്മിച്ചതിന് ശേഷമാണ് പെര്‍മിറ്റിനായി പ്ലാന്‍ നഗരസഭയ്ക്ക് നല്‍കിയത്. എന്നാല്‍ പ്ലാന്‍ പൂര്‍ണ്ണമല്ലെന്നും സൈറ്റ് പ്ലാനില്‍ ഒരുപാട് ന്യൂനതകളുണ്ടെന്നും നഗരസഭ എഞ്ചിനിയര്‍ പറഞ്ഞു. അതുകൊണ്ടാണ് കെട്ടിടത്തിന് നമ്പറിട്ട് നല്‍കാന്‍ സാധിക്കാത്തത്. പ്ലാനിലെ പോരായ്മകള്‍ പരിഹരിച്ച് നല്‍കാന്‍ ആറുമാസം മുമ്പെ തന്നെ ദേവസ്വത്തിന് അവ തിരിച്ചുനല്‍കിയിരുന്നെങ്കിലും ഇതുവരേയും പുതിയ പ്ലാന്‍ സബ്മിറ്റ് ചെയ്തീട്ടില്ല. കച്ചേരി വളപ്പിലെ കെട്ടിടങ്ങള്‍ക്കും ഇതേ അവസ്ഥയാണ്. പണി പൂര്‍ത്തിയായശേഷമാണ് അനുമതിക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ ശരിയായ സ്‌കച്ചും പ്ലാനും വരച്ചുനല്‍കാന്‍ ദേവസ്വത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. 6 മാസം മുൻപ് ഇതെല്ലം ചൂണ്ടിക്കാട്ടി ദേവസ്വത്തിന് കത്ത് നൽകിയിരുന്നതായി ചെയർപേഴ്സൺ പറഞ്ഞു. കൂടൽമാണിക്യം ഉത്സവം എല്ലാവരുടെയാണെന്നും ദേവസ്വത്തിനും കമ്മിറ്റിക്കും പുറമെയുള്ളവരും അതിൽ പങ്കുചേരട്ടെ എന്നും സ്വകാര്യാവ്യക്തിക്കി ദീപക്കാഴ്ചക്ക് അനുമതി നല്കിയതിനെക്കുറിച്ചുള്ള മറുപടിയായി നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. നഗരസഭക്ക് ദേവസ്വത്തിനോട് വിവേചനമില്ലെന്നും എന്നാൽ ദേവസ്വം ചെയർമാൻ നിരന്തരം നഗരസഭയെ അധിക്ഷേപിക്കുന്നതിനു പുറകിൽ എന്താണെന്ന് അറിയില്ലെന്നും കൂട്ടി ചേർത്തു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top