മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാവ് പിടിയിൽ

കല്ലേറ്റുംകര : മോഷിടിച്ച ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാവിനെ ആളൂർ പോലീസ് പിടികൂടി. എടതിരിഞ്ഞി ചെട്ടിയാൽ തൃക്കുകാരൻ റോഷൻ (20) ആണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് പ്രതി മോഷണം നടത്തുന്നത്. കഴിഞ്ഞദിവസം കല്ലേറ്റുംകര മേൽപ്പാലത്തിനു മുകളിൽവച്ച് ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന കടുപ്പശ്ശേരി സ്വദേശിനി റിട്ടയേർഡ് അധ്യാപികയുടെ സ്വർണ്ണമാല ഇയാൾ ബൈക്കിലെത്തി പൊട്ടിച്ചിരുന്നു. ആളൂർ കല്ലേറ്റുംകര ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള പന്ത്രണ്ടോളം സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ചു വരികയും മോഷണം നടത്തിയ യുവാവ് ഉപയോഗിച്ച ബൈക്ക് നമ്പർ KL 43 K 306 എന്നു വ്യക്തമാകുകയും ചെയ്തു. ഈ ബൈക്കിനെ കുറിച്ച് അന്വേഷണം നടത്തുകയും, കൊച്ചി ഇൻഫോപാർക്കിൽ സമീപത്തുനിന്ന് മോഷണം പോയതാണെന്ന് അറിയാൻ കഴിഞ്ഞു. ഈ ബൈക്ക് ഇരിങ്ങാലക്കുട ഭാഗത്ത് ഉണ്ടെന്നറിഞ്ഞ് പോലീസ് ഇവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ചാലക്കുടിയിൽ നിന്നും ഇടപ്പള്ളിയിൽ നിന്നും പറവൂരിൽ നിന്നും നാലു ബൈക്കുകൾ മോഷണം ചെയ്തിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ചാലക്കുടിയിൽ നിന്നും മോഷണം ചെയ്ത ബൈക്കുകൾ പൊളിച്ചു വിറ്റു എന്നും, എടപ്പാളിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റ് ഉപയോഗിച്ചാണ് ആളൂർ ഇരിങ്ങാലക്കുട ഭാഗത്ത് മാലകൾ പൊട്ടിച്ചതെന്നു പ്രതി സമ്മതിച്ചു.

പുല്ലൂർ സ്കൂളിനു സമീപവും, കൊലാട്ടി ക്ഷേത്രത്തിനു സമീപം സ്കൂട്ടറിൽ പോകുകയായിരുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് പണയം വെച്ചതായും പ്രതി സമ്മതിച്ചു. ഈ പണം കൂട്ടുകാരുമൊത്ത് ആർഭാട ജീവിതം നയിക്കാൻ പ്രതി ചെലവാക്കി എന്ന് പോലീസിനോട് പറഞ്ഞു. ആളൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ എസ് ഐ പി ആർ ദിനേശ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടുന്നതിന് തൃശ്ശൂർ റൂറൽ എസ്പി കെ പി വിജയകുമാർ ഐപിഎസി ന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ചാലക്കുടി ഡിവൈഎസ്പി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ ആയ എസ്ഐമാരായ സി കെ സുരേഷ്, സൈമൺ, മുരളീധരൻ ഗ്ലാഡിൻ, അലി, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഹൈസൽ കോറോത്ത്, സിവിൽ പോലീസ് ഉദ്യോഗസ്ഥനായ എം എം രാവുണ്ണി, കെ എസ് ശ്രീജിത്ത്, എം ജി വിനോദ്‌കുമാർ, അനീഷ് എം ബി, അരുൺകുമാർ, കെ എസ് പ്രദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

പ്രതി കുടുങ്ങിയത് പോലീസുകാരൻ ശ്രീജിത്തിന്റെ സമയോചിത ഇടപ്പെടലിൽ

അന്വേഷണത്തിനിടെ മോഷണത്തിനുപയോഗിച്ച ബൈക്കിന്റെ നമ്പറുമായി സാമ്യമുള്ള ബൈക്കുമായി ഒരാൾ ഇരിങ്ങാലക്കുട ഭാഗത്ത് കറങ്ങി നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ച സിവിൽ പോലീസ് ഓഫീസറായ കെ എസ് ശ്രീജിത്ത്, ഉടനെ ബൈക്കുമായി ഇരിങ്ങാലക്കുട ഭാഗത്ത് എത്തുകയും ഇരിങ്ങാലക്കുട സോൾവെന്റ് കമ്പനി പരിസരത്ത് KL-43 -k -306 നമ്പർ ബുള്ളറ്റ് ശ്രദ്ധയിൽപ്പെടുകയും നിർത്താതെ പോയ ബൈക്കിനെ ശ്രീജിത്ത് പിന്തുടർന്ന് പിടി കൂടുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ പോലീസിനോട് സമ്മതിച്ചത്.

 

Leave a comment

  • 110
  •  
  •  
  •  
  •  
  •  
  •  
Top