ഇന്ന് ലോക വനിതാ ദിനം : കാരുണ്യത്തിലൂടെ മാതൃകയായി ഇരിങ്ങാലക്കുടയിലെ വനിതാ പോലീസ്

ഇരിങ്ങാലക്കുട : സൗമ്യയ്ക്കിപ്പോള്‍ പോലീസിനെ ഭയമില്ല, കുളിക്കാനും വീട്ടുകാര്‍ പറയുന്നതനുസരിക്കാനും സൗമ്യ തയ്യാറാണ്…… ഇരിങ്ങാലക്കുട റൂറല്‍ വനിത സ്റ്റേഷനിലെ റൈറ്ററായ അപര്‍ണ്ണ ലവകുമാറിന്റേയും അസിസ്റ്റന്റ് റൈറ്ററായ പി.എ. മിനിയുടേയും വനിത പോലീസ് കെ.ഡി. വിവയുടേയും ഇടപെടലുകള്‍ സൗമ്യയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം ചെറുതല്ല. രണ്ടുമാസം മുമ്പുവരെ കൊരുമ്പിശ്ശേരി സ്വദേശിനിയും ചെറിയതോതില്‍ മാനസിക വൈകല്യവുമുള്ള സൗമ്യ (30) യുടെ സ്ഥിതി ഇതായിരുന്നില്ല. ആരേയും കൂസാക്കാതെ, ആരുപറഞ്ഞാലും അനുസരിക്കാത്തതായിരുന്നു സൗമ്യയുടെ പെരുമാറ്റം. അമ്മയും മറ്റുള്ളവരും എത്ര നിര്‍ബന്ധിച്ചീട്ടും ഒന്ന് കുളിക്കാന്‍ പോലും അവള്‍ തയ്യാറായില്ല. നാളുകളായി കുളിക്കാതിരുന്നതിനാല്‍ നീണ്ടുവളര്‍ന്ന മുടിയില്‍ അഴുക്കും പേനും നിറഞ്ഞിരുന്നു. പേന്‍ പെറ്റുപെരുകി ശരീരത്തിലേക്ക് ഇറങ്ങി കടിച്ച് പലയിടത്തും പൊട്ടി. സൗമ്യയുടെ ഉറക്കം നഷ്ടപ്പെട്ടു. ആരും പറഞ്ഞത് അനുസരിക്കാത്ത സൗമ്യയ്ക്ക് ആകെയുള്ള പേടി പോലീസിനോടാണെന്നറിയാമായിരുന്ന സൗമ്യയുടെ അമ്മ തന്നെയാണ് ഇക്കാര്യത്തില്‍ ഒരു പോംവഴി തേടി ലീഗല്‍ വളണ്ടിയര്‍ മിനിയെ സമീപിച്ചത്. ഇരിങ്ങാലക്കുട റൂറല്‍ വനിത പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മിനി ഇക്കാര്യം സ്റ്റേഷനിലെ അപര്‍ണ്ണ ലവകുമാറിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്‌റ്റേഷനിലെ വനിത പോലീസുകാരായ പി.എ. മിനി, കെ.ഡി. വിവ എന്നിവരെ കൂട്ടി അപര്‍ണ്ണ സൗമ്യയുടെ വീട്ടിലെത്തിയത്. പോലീസിനെ കണ്ട് ഭയന്ന് സൗമ്യ മുന്നില്‍ വരാന്‍ പോലും ഒന്ന് മടിച്ചുനിന്നു. തുടര്‍ന്ന് അവര്‍ സൗമ്യയെ നല്ലവാക്ക് പറഞ്ഞ് സമാശ്വസിപ്പിച്ച് വിളിച്ചിരുത്തി മുടിവെട്ടുകയായിരുന്നു.

എന്നാല്‍ മുടിവെട്ടുന്നതിനേയും സൗമ്യ എതിര്‍ത്തു. തുടര്‍ന്ന് ബലമായി അവളുടെ രണ്ടുകൈയ്യും മിനിയും വിവയും ചേര്‍ന്ന് പിടിച്ച് കസേരയില്‍ ഇരുത്തിയശേഷം അപര്‍ണ്ണ മുടി മുറിക്കുകയായിരുന്നു. അതിനുശേഷം നന്നായി കുളിപ്പിച്ച് വ്യത്തിയാക്കി. നല്ലവണ്ണം ഉപദേശിച്ചായിരുന്നു മടക്കം. ഇപ്പോള്‍ സൗമ്യ സന്തോഷവതിയാണ്…..അവരുടെ വീട്ടുകാരും…അതുപറയുമ്പോ മൂവരുടേയും മുഖത്ത് വല്ലാത്ത സന്തോഷം. പോലീസിനോടുള്ള സൗമ്യയുടെ പേടിയൊക്കെ മാറി. കഴിഞ്ഞാഴ്ച പിറന്നാള്‍ ആഘോഷിക്കാന്‍ കേക്കുമായി രക്ഷിതാക്കള്‍ക്കൊപ്പം സൗമ്യ റൂറല്‍ വനിത പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. സൗമ്യ ആവശ്യപ്പെട്ടതനുസരിച്ച് ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസാണ് കേക്ക് മുറിച്ചത്. സൗമ്യയ്ക്ക് നല്ല മാറ്റമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. ചോദിച്ചതിന് ഉത്തരം പറയാന്‍ ശ്രമിക്കുന്നു. ദിവസവും കുളിക്കുന്നു. വ്യത്തിയായി നടക്കുന്നു. കേള്‍ക്കുമ്പോള്‍ തന്നെ വലിയ സന്തോഷമുണ്ടെന്ന് അപര്‍ണ്ണയും മിനിയും വിവയും പറഞ്ഞു. ഞങ്ങളും അമ്മമാരാണ്…. കളിച്ചുല്ലസിച്ച് നടക്കേണ്ട കുട്ടികള്‍ ഇത്തരത്തിലാകുമ്പോ അവരുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വിഷമം ഞങ്ങള്‍ക്കറിയാം… അതുകൊണ്ടുതന്നെ ആ കുട്ടിയുടെ മാറ്റം ഞങ്ങള്‍ക്കും സന്തോഷം പകരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2015ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയിട്ടുള്ള അപര്‍ണ്ണ ആശുപത്രിയില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഒരു സ്ത്രീയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകിട്ടാന്‍ തന്റെ സ്വര്‍ണ്ണവള ഊരി നല്‍കിയും മാതൃകയായിട്ടുണ്ട്.

Leave a comment

  • 100
  •  
  •  
  •  
  •  
  •  
  •  
Top