കേരളത്തിലെ രണ്ടാമത്തെ വലിയ ജുഡീഷ്യൽ കോർട്ട് കോംപ്ലക്‌സിന്റെ നിർമ്മാണ ഉദ്‌ഘാടനം ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : ഇടതു സർക്കാരിന്‍റെ 1000 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ജുഡീഷ്യൽ കോർട്ട് കോംപ്ലെക്സിന്‍റെ ഉദ്ഘാടനം എം എൽ എ പ്രൊഫ കെ.യു അരുണൻ നിർവ്വഹിച്ചു. കേരള ഹൈ കോടതി കഴിഞ്ഞാൽ ഏറ്റവും വലിയ ജുഡീഷ്യൽ കോംപ്ലക്സ് ആയിരിക്കും ഇരിങ്ങാലക്കുട കോടതി സമുച്ചയം. കോടതി സമുച്ചയം പണിയുന്നതിനായി 2015 നവംബറിൽ അന്നത്തെ ഗവൺമെന്റ് 57642 ചതുരശ്ര അടിയിൽ 3 നിലകൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഈ പ്ലാൻ പ്രകാരം സൗകര്യങ്ങൾ കുറവാണെന്നു കണ്ട് 2016 ൽ അധികാരത്തിൽ വന്ന എൽ ഡി എഫ് ഗവൺമെന്റ് പ്ലാനിൽ മാറ്റങ്ങൾ വരുത്തി 2018 ഒക്ടോബറിൽ സാങ്കേതിക അനുമതി നേടിയിരുന്നു. നിലവിലെ പ്ലാൻ പ്രകാരം 1,68,555 ചതുരശ്ര അടിയിൽ 7 നിലകളിലായി 10 കോടതികളും അനുബന്ധ സൗകര്യങ്ങളും 100 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

താഴത്തെ നിലയിൽ ജഡ്ജസിനുള്ള പ്രത്യേക പാർക്കിങ് സൗകര്യവും 2450 ചതുരശ്ര അടിയിലുള്ള റെക്കോർഡ് റൂം, തൊണ്ടി റൂമുകൾ, ഇലക്ട്രിക് സബ് സ്റ്റേഷൻ, ജനറേറ്റർ എന്നിവയും തൊട്ടു മുകളിലത്തെ നിലയിൽ ബാർ അസോസിയേഷൻ റൂം, ലേഡി അഡ്വക്കേറ്റ്, പോലീസ് റസ്റ്റ്‌ റൂം, ജഡ്ജസ് ലോഞ്ച്, ചേമ്പറിനോട് ചേർന്ന് ലൈബ്രറി കറന്റ്‌ റെക്കോർഡ്‌സ് എന്നീ സൗകര്യങ്ങളും കൂടാതെ ബേസ്മെന്റ് ഫ്ലോറിൽ കാന്റീൻ സൗകര്യവും ഉണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ മോട്ടോർ ആക്‌സിഡന്റ് ക്‌ളെയിം ട്രിബ്യുണൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ഓഫീസ് അനുബന്ധ സൗകര്യങ്ങൾ എന്നിവയും ഫസ്റ്റ് ഫ്ലോറിൽ അഡിഷണൽ സബ് കോടതി, പ്രിൻസിപ്പൽ സബ് കോടതി, ജഡ്ജസ് ചേംബർ പബ്ലിക് പ്രോസിക്യൂട്ടർ ഗവണ്മെന്റ് പ്ലീഡർ ഓഫീസ് അനുബന്ധ സൗകര്യങ്ങൾ എന്നിവയും സെക്കന്റ്‌ ഫ്ലോറിൽ ഫാമിലി കോടതി, കൗൺസിലിംഗ് സെക്ഷൻ, ലേഡീസ് വെയ്റ്റിംഗ് ഏരിയ, കോർട്ട് യാർഡ് എന്നിവയും തേർഡ് ഫ്ലോറിൽ കോടതി മുറികൾ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഓഫീസ്, സെൻട്രൽ ലൈബ്രറി, മീഡിയ റൂം എന്നിവയും നാലാം നിലയിൽ അഡിഷണൽ മുൻസിഫ് കോടതി, പ്രിൻസിപ്പൽ മുൻസിഫ് കോടതി, ജഡ്ജസ് ചേംബർ, ഓഫീസ് റെക്കോർഡ്‌സ്, അനുബന്ധ സൗകര്യങ്ങൾ എന്നിങ്ങനെയാണ് പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗം വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ജഡ്ജസിനായി പ്രത്യേകം ലിഫ്റ്റ് സൗകര്യവും സ്റ്റെയർകേസ് എന്നിവയും പൊതു ജനങ്ങൾക്ക് പ്രത്യേക ലിഫ്റ്റ് സൗകര്യവും ടോയ്‌ലറ്റ് സൗകര്യവും ഉണ്ടായിരിക്കും.

ആദ്യ ഘട്ടത്തിൽ 5നിലകളുടെ സ്ട്രക്ചർ പണികൾ ആണ് നടക്കുക. തൃശൂർ ജില്ലാ ജഡ്ജ് സോഫി തോമസ്സ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീ ജില്ലാ ജഡ്ജ് . ജി ഗോപകുമാർ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു, വാർഡ് കൗൺസിലർ എം.ആർ ഷാജു പ്രോസിക്യൂട്ടർ അഡ്വ ജോബി ഗിരിജ, സി ടി . ശശി എന്നിവർ ആശംസകൾ നേർന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എം സി .ചന്ദഹാസൻ സ്വാഗതവും സെക്രട്ടറി.അഡ്വ ലിസൻ നന്ദിയും രേഖപ്പെടുത്തി

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
  •  
Top