എടക്കുളം കൊലപാതകം മൂന്ന് പേര്‍ അറസ്റ്റില്‍ : കൊലചെയ്യപ്പെട്ടത് തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ വന്നയാള്‍


ഇരിങ്ങാലക്കുട :
ഇപ്പോൾ അറസ്റ്റിലായ പ്രതികളിൽ ഒരാളുമായി കൊലചെയ്യപ്പെട്ട ബിബിന്റെ സുഹൃത്ത് കഴിഞ്ഞ ദിവസങ്ങളിൽ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു, ഇയാളെ ആക്രമിക്കാൻ തയാറായ സംഘത്തിന് മുന്നിൽ തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ വന്ന ബിബിനുമായി വീണ്ടും വാക്ക് തര്‍ക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമാണ് ഉണ്ടായത്. എടക്കുളം സ്വദേശികളായ പുതിയേടത്ത് വീട്ടില്‍ ജിതേഷ് മേനോന്‍ (27),ഓട്ടത്ത് വീട്ടില്‍ നിധിന്‍ കൃഷ്ണ(34),പഴംമ്പിള്ളി വീട്ടില്‍ അഭിലാഷ്(23) എന്നിവരാണ് ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശപ്രകാരം കാട്ടൂര്‍ എസ് ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാക്കത്തിരുത്തിയില്‍ നിന്ന് പിടികൂടി അറസ്റ്റ് ചെയ്തു.

എടക്കുളത്ത് വച്ച് ഫെബ്രൂവരി 15 ന് സുഹൃത്തിന്റെ പെങ്ങളുടെ കല്യാണ നിശ്ചയത്തിന് എത്തിയ പൊറുത്തിശ്ശേരി സ്വദേശി ഓടറിട്ട വീട്ടില്‍ ബിബിന്‍ (32) നെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപെടുത്തിയ സംഭവത്തിലാണ് അറസ്റ്റ് നടന്നത് . പോലീസ് സംഭവത്തെ വിവരിക്കുന്നത് ഇങ്ങിനെ . ഫെബ്രുവരി 9 നാണ് സംഭവങ്ങളുടെ തുടക്കം ഇരിങ്ങാലക്കുട സ്വദേശിയായ അഖില്‍ എന്ന യുവാവുമായി പ്രതിയായ ജിതേഷ് സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ജിതേഷ് ആശുപത്രിയില്‍ അഡ്മിറ്റാവുകയും 14 ന് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി. 15-ാം തിയ്യതി രാത്രി എടക്കുളത്തെ സുഹൃത്തിന്റെ പെങ്ങളുടെ കല്യാണ നിശ്ചയത്തിന് അഖില്‍ എത്തുമെന്നറിഞ്ഞ് ആക്രമണം നടത്തുന്നതിനായി ജിതേഷും സംഘവും സമീപത്തെ കൈവരി പാലത്തില്‍ നിലയുറപ്പിക്കുകയും വരുന്നവരെ മുഴുവന്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഈ സമയം ഇത് വഴി വന്ന ബിബിനും സുഹൃത്തുമായി ജിതേഷിന്റെ സംഘം വാക്ക് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് കൈവശം കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബിബിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരണം സംഭവിച്ചു. .അന്വേഷണസംഘത്തില്‍ എസ് ഐ ഡേവീസ്,സീനീയര്‍ സി പി ഓ സെയ്ഫുദ്ദീന്‍, റെജിന്‍, സുധീര്‍, ധനേഷ്, എ എസ് ഐ സുനില്‍, അഷറഫ്, ഗോപി, ജീവന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a comment

  • 40
  •  
  •  
  •  
  •  
  •  
  •  
Top