ഠാണ ചന്തക്കുന്ന് റോഡ് വികസനം യാഥാർഥ്യത്തിലേക്ക് – അതിർത്തി നിർണ്ണയ സർവ്വേ നടപടികൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : ദിനംപ്രതി ഗതാഗത കുരുക്ക് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഠാണ ചന്തക്കുന്ന് റോഡ് വികസന നടപടികൾ ആരംഭിച്ചതിന്‍റെ ഭാഗമായി അതിർത്തി നിർണ്ണയ സർവ്വേകൾ ആരംഭിച്ചു. ഠാണ റെയിൽവേ സ്റ്റേഷൻ റോഡിൽ സബ് ജയിൽ മുതൽ മെറീന ആശുപത്രി വരെയുള്ള ഭാഗത്തുനിന്നുള്ള സർവ്വേ നടപടികൾ ജില്ലാ സർവെയറുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ പുറമ്പോക്ക് സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വ്വെ നടപടികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന് മുന്നോടിയായി അവിടെയുള്ള സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നൽകിയിരുന്നു . 17 മീറ്ററിലാണ് റോഡ് വികസനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ കൂടുതല്‍ സ്ഥലം ലഭിക്കുകയാണെങ്കില്‍ അതുപയോഗപ്പെടുത്തി റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2013-14 വര്‍ഷത്തെ ബജറ്റിലാണ് ഠാണ- ചന്തക്കുന്ന് റോഡ് വികസനത്തിനായി അന്നത്തെ സര്‍ക്കാര്‍ 11 കോടി അനുവദിച്ചത്. മൂന്ന് കോടി വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും എട്ട് കോടി സ്ഥലം ഏറ്റെടുക്കുന്നതിനും ചേര്‍ത്തായിരുന്നു 11 കോടി പ്രഖ്യാപിച്ചത്. നാലുഭാഗത്തുനിന്നും വാഹനങ്ങള്‍ വന്നുചേരുന്ന ഠാണാ ജംഗ്ഷന്റെ നടുവില്‍ സിഗ്‌നല്‍ ഐലന്റ്, നാലുഭാഗത്തേയ്ക്കും എഴുമീറ്റര്‍ വീതിയില്‍ രണ്ടുട്രാക്കുകള്‍ അടങ്ങിയ നാലുവരി പാതകള്‍, മദ്ധ്യത്തില്‍ ഒരു മീറ്റര്‍ വീതിയില്‍ ഡിവേഡര്‍, റോഡിന്റെ രണ്ടറ്റങ്ങളിലും 1.25 മീറ്ററില്‍ ഫുട്പാത്തുകള്‍ എന്നിവയടക്കം 17 മീറ്റര്‍ വീതിയിലാണ് പി.ഡബ്ലിയു.ഡി. പദ്ധതിക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. 2014 ഫെബ്രുവരി 11ന് അതിന് ഭരണാനുമതി ലഭിക്കുകയും 2015 സെപ്റ്റംബർ 8 -ാം തിയ്യതി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഭരണാനുമതി ലഭിക്കുകയും ചെയ്തു.

പിന്നിട് 2015 ഡിസംബർ 26ന് പദ്ധതിക്ക് സാങ്കേതിക അനുമതിയും ലഭ്യമാക്കിയിരുന്നു. ഏറ്റെടുക്കേണ്ട 70.8 സെന്റ് ഭൂമിയുടെ വില നിശ്ചയിച്ച് തഹസില്‍ദാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഭുവുടമകളുമായി ചര്‍ച്ച ചെയ്ത് വികസനം യാഥാര്‍ത്ഥ്യമാക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ വ്യാപാരികള്‍ എതിര്‍പ്പുയര്‍ത്തിയതോടെ റോഡിന്റെ വീതി 17ല്‍ നിന്നും 14 മീറ്ററാക്കി ചുരുക്കി. പിന്നീട് 14 മീറ്ററില്‍ പുതിയ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടിയെങ്കിലും ഒരുതുണ്ടുഭൂമി പോലും ഏറ്റെടുക്കാതായതോടെ അതും ലാപ്‌സായി. അതിനുശേഷം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തേലേറിയതിന് ശേഷമാണ് വീണ്ടും 17 മീറ്ററാക്കി പുതിയ പദ്ധതി പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ചത്. എന്നാല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാര്‍ അംഗീകാരം അതിന് ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സര്‍വ്വെ നടത്തി പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നത്. റോഡ് വികസനത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ നടപടിയെടുക്കണമെന്ന് ഒരാഴ്ച മുൻപ് നടന്ന താലൂക്ക് വികസനസമിതിയിൽ അടിയന്തിരമായി എം.എല്‍.എ.പ്രൊഫ.കെ യു അരുണൻ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപെട്ടിരുന്നു.

Leave a comment

  • 123
  •  
  •  
  •  
  •  
  •  
  •  
Top