രാഷ്ട്രീയത്തെ സൂക്ഷ്മതലത്തില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞത് മൃണാള്‍സെന്നിനെ വ്യത്യസ്തനാക്കി – ഐ. ഷണ്‍മുഖദാസ്

ഇരിങ്ങാലക്കുട : രാഷ്ട്രീയത്തെ സൂക്ഷ്മതലത്തില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞതാണ് മൃണാള്‍സെന്നിനെ വ്യത്യസ്തനാക്കി മാറ്റുന്നതെന്ന് ഐ. ഷണ്‍മുഖദാസ്. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മൃണാള്‍സെന്‍ അനുസ്മരണ യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എഴുപതുകളിലെ അസ്വസ്ഥമായ ആത്മക്കളേയും ക്ഷുഭിത യൗവ്വനത്തേയും പ്രതിഷേധങ്ങളേയും ആവിഷ്‌ക്കരിക്കുന്നതില്‍ മൃണാള്‍സെന്‍ പ്രകടിപ്പിച്ച ആര്‍ജ്ജവം സമാനതകളില്ലാത്തവയാണ്. സതൃചിത്‌റേയ്ക്കും ഋത്വിക് ഘട്ടക്കിനുമൊപ്പം ഇന്ത്യന്‍ സിനിമാ ലോകത്തിന് പുതിയ ചലച്ചിത്ര ഭാഷ പരിചയപ്പെടുത്താന്‍ മൃണാള്‍ സെന്നിന് കഴിഞ്ഞുവെന്നും സെന്നിന്റെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഓര്‍മ്മ ഹാളില്‍ നടന്ന യോഗത്തില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.ആര്‍. സുകുമാരന്‍ അധ്യക്ഷനായിരുന്നു. രക്ഷാധികാരി പി.കെ. ഭരതന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മനീഷ് അരിക്കാട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മൃണാള്‍സെന്നിന്റെ അവസാന ചിത്രമായ അമര്‍ ഭുവന്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top