ഒളിമ്പിക്‌സിന് കേരളത്തില്‍ നിന്ന് സ്വര്‍ണ്ണം, സംസ്ഥാന സര്‍ക്കാരിന്റെ ബൃഹത് പദ്ധതി ഉടന്‍ ആരംഭിക്കും- സഞ്ജയ്കുമാര്‍ ഐ.എഫ്.എസ്

ഇരിഞ്ഞാലക്കുട : 2024 ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് കേരളത്തില്‍നിന്ന് മെഡല്‍ എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് കേരളത്തിന്റെ കായികരംഗത്ത് വന്‍ കുതിപ്പ് ലക്ഷ്യമാക്കിയുള്ള ബൃഹദ്പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ്കുമാര്‍ ഐ.എഫ് .എസ് അറിയിച്ചു. അന്തര്‍ദ്ദേശീയ,ദേശീയ ,അന്തര്‍മെഡല്‍ നേടിയകായിക താരങ്ങള്‍ക്കും, മികച്ച കായികാദ്ധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഫാ.ജോയി പീനിക്കപ്പറമ്പിലിനും ആദരം ഒരുക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സംഘടിപ്പിച്ച സ്പോർട്സ് മെരിറ്റ് ഡേ യില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഫ്ബിയില്‍ നിന്ന് 800 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക അനുവദിക്കുന്നത്.സാധാരണ നിലയില്‍ 50 കോടി രൂപയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ കായികരംഗത്ത് ആകെ ചെലവഴിക്കപ്പെട്ടിരുന്നത്.

അത്‌ലറ്റിക്‌സ്, നീന്തല്‍,ബോക്‌സിംഗ്, റസ്‌ലിംഗ്, ഷൂട്ടിംഗ്, സൈക്‌ളിംഗ്, കാനോയിംഗ്, ആര്‍ച്ചറി, ഫെന്‍സിംഗ്,ബാഡ്മിന്റണ്‍, ബോക്‌സിംഗ് എന്നീ ഇനങ്ങളിലായി 220 കുട്ടികളെ തെരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നല്‍കും. ഇതിനുപുറമേ സംസ്ഥാനത്തുടനീളം മികച്ച കായിക പരിശീലന കേന്ദ്രങ്ങള്‍ തുറക്കാനും നിലവിലുള്ളവയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട് . കോളേജുകള്‍ക്കു പുറമേ, സ്‌കൂളുകള്‍, ക്ലബ്ബുകള്‍ എന്നിവയ്ക്കും ഇതിനായി ഫണ്ട് അനുവദിക്കും. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, എറണാകുളം,കണ്ണൂര്‍ എന്നിവിടങ്ങളിലായിരിക്കും വിദഗ്ദ്ധപരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു..

കായിക രംഗത്ത് നിസ്തുലമായ സംഭാവനകള്‍ നൽകിക്കൊണ്ടിരിക്കുന്ന ക്രൈസ്റ്റ് കോളേജിനെയും പദ്ധതിയുടെ ഭാഗമാക്കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല കായിക വിഭാഗം അദ്ധ്യക്ഷന്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന്‍ അഭ്യര്‍ത്ഥിച്ചു. കായിക മികവ് നേടിയ താരങ്ങളെയും അവാര്‍ഡ് ജേതാവായ ഫാ.ജോയി പീനിക്കപ്പറമ്പിലിനെയും ചടങ്ങില്‍ ആദരിച്ചു. ദേശീയ തലത്തില്‍ മികവ് തെളിയിക്കുന്ന ക്രൈസ്റ്റിലെ മികച്ച കായിക താരങ്ങള്‍ക്ക് ഫാ.ജോസ് തെക്കന്‍ ഏര്‍പ്പെടുത്തിയ സ്പോർട്സ് എക്‌സലന്‍സ് അവാർഡ് പി.യു. ചിത്രക്കും, എയ്ഞ്ചല്‍ പി.ദേവസ്യായ്ക്കും സമ്മാനിച്ചു.

യോഗം കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എം.ഐ സഭയുടെ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഡോ.ഡേവിസ് പനക്കല്‍, മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പള്ളി, പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ.സി.എല്‍.ജോഷി, ഡോ.വി.പി.സക്കീര്‍ ഹുസ്സൈന്‍, ടി.എം.മനോഹരന്‍ ഐ.എഫ്.എസ് . പ്രൊഫ . വി.പി. ആന്റോ, ഫാ.ഡോ.ജോളി ആന്‍ഡ്രൂസ്, ഡോ.ടി.വിവേകാനന്ദന്‍, ഡോ.ബി.പി.അരവിന്ദ, ഷാജു വര്‍ഗ്ഗീസ് ,ജെയ്‌സണ്‍ പാറേക്കാടന്‍, ഫാ.ജോയി പീനിക്കാപ്പറമ്പില്‍, പി.യു.ചിത്ര, ബിന്റു ടി. കല്യാണ്‍, കെ.ജെ.തോമസ്, ഡോ.ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍സംസാരിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top