ജനുവരി 5 , 6, 7 തിയ്യതികളിലെ ഇരിങ്ങാലക്കുട ദനഹാ തിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കത്തീഡ്രൽ ദേവാലയത്തിൽ ജനുവരി 5 , 6, 7 തീയതികളിൽ ആഘോഷിക്കുന്ന ദനഹാ തിരുനാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാൾ കൊടിയേറ്റം ജനുവരി 2-ാം തിയ്യതി രാവിലെ 6:40ന് ഇടവക വികാരി ആന്റോ ആലപ്പാടൻ നിർവ്വഹിക്കും.

5 -ാംതിയ്യതി ശനിയാഴ്ച വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് , 6-ാം തിയ്യതി തിരുനാൾ ദിനത്തിൽ 10 :30ന് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും വൈകീട്ട് 3 മണിക്ക് നഗരം ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും.

ഈ വർഷം പ്രളയത്തെ തുടർന്ന് അതിജീവന വർഷമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ആർഭാടങ്ങൾ ഒഴിവാക്കികൊണ്ടാണ് തിരുനാൾ നടത്തുന്നത്. ദീപാലങ്കാരങ്ങളും വഴിയോര അലങ്കാരങ്ങളും വെടിക്കെട്ടും ചുരുക്കി, സപ്ലിമെന്റ് വേണ്ടെന്ന് വച്ച് പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങൾക്ക് സഹായധനം നൽകുകയാണ്. പ്രളയത്തിൽപ്പെട്ട കുടുംബങ്ങൾക്ക് മാസംതോറും 1000 രൂപ വീതം 1000 കുടുംബങ്ങൾക്ക് ഒരു വർഷം നൽകുന്ന പ്രളയദുരിത ബ്ലസ് ഹോം പദ്ധതിയിൽ 100 കുടുംബങ്ങൾക്കായി 12 ലക്ഷം രൂപ കത്തീഡ്രൽ ഇടവക തിരുനാളിനോടനുബന്ധിച്ച് നൽകുന്നു. റൂബി ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച 40 വീടുകൾ കൂടാതെ പ്രളയത്തിൽ പൂർണ്ണമായും തകർന്ന 6 വീടുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. രണ്ട് വീടുകളുടെ നിർമ്മാണം പൂർത്തിയായി. പ്രളയത്തിൽ ഭാഗികമായി തകർന്ന് നാശനഷ്ടങ്ങൾ സംഭവിച്ച പത്തോളം വീടുകളുടെ കേടുപാടുകൾ തീർത്ത് വാസയോഗ്യമാക്കി.

അസിസ്റ്റന്റ് വികാരിമാരായ ഫാ. മിൽട്ടൺ തട്ടിൽ കുരുവിള, ഫാ. ജിഫിൻ കൈതാരത്ത്, ഫാ, ഫെമിൻ ചിറ്റിലപ്പിള്ളി ട്രസ്റ്റിമാരായ ജോണി പൊഴോലിപറമ്പിൽ, ആന്റോ ആലേങ്ങാടൻ, ജെയ്‌സൺ കരപ്പറമ്പിൽ, അഡ്വ. വി സി വർഗ്ഗിസ്, ജനറൽ കൺവീനർ ഷാജു പാറേക്കാടൻ, ജോയിന്റ് കൺവീനർമാരായ മിനി ജോസ് കാളിയങ്കര, ജോൺ മാമ്പിള്ളി, പബ്ലിസിറ്റി കൺവീനർ, റെൻസോൺ കോട്ടോളി, പബ്ലിസിറ്റി ജോയിന്റ് കൺവീനർ ജോസ് ജി തട്ടിൽ കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ. ഹോബി ആഴ്‌ചങ്ങാടൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
  •  
Top