കലാമിന്‍റെ അഗ്നിചിറകുകൾ പ്രചോദനമായി : ഓട്ടോക്കാരൻ വക്കിലായി

ഇരിങ്ങാലക്കുട : കലാമിന്‍റെ അഗ്നിചിറകുകള്‍ നൽകിയ പ്രചോദനം ഉൾകൊണ്ട് ഇല്ലായ്മയോട് പടപൊരുതി ഓട്ടോകാരന്‍ വക്കീലായി. അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് പാലാരില്‍ വീട്ടില്‍ ദാമോദരന്‍റെയും തങ്കമണിയുടേയും മകനായ ഷിബു ദാമോദരനാണ്  വക്കീലായി എന്റോള്‍ ചെയ്തത്. ദാരിദ്രം നിറഞ്ഞ ചുറ്റുപാടിലാണ് ഷിബു ജീവിച്ചുവളര്‍ന്നത്. അച്ചനും അമ്മയും കൂലിപണിക്ക് പോയിട്ടാണ് ഷിബുവും രണ്ടു സഹോദരിമാരുമടങ്ങുന്ന അഞ്ചംഗ കുടുംബം കഴിഞ്ഞിരുന്നത്. ഷിബു സ്‌കൂള്‍ പഠിക്കുമ്പോഴാണ് ആദ്യസഹോദരിയുടെ വിവാഹം നടന്നത്. അതോടെ കുടുംബത്തിന്‍റെ സ്ഥിതി മോശമായി. വീട്ടിലെ വിഷമാവസ്ഥ കണ്ട് അന്നുതൊട്ടെ പഠനത്തോടൊപ്പം ചെറിയ ജോലിക്ക് പോയി ഷിബു മാതാപിതാക്കളെ സഹായിച്ചു.

രണ്ടാമത്തെ സഹോദരിയുടെ വിവാഹം കൂടി കഴിഞ്ഞപ്പോള്‍ വീട്ടിലെ അവസ്ഥ കൂടുതല്‍ പരിതാപകരമായി. പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതി. പഠനം നിറുത്തി വല്ല ജോലിക്ക് പോകാന്‍ പല തവണ ആലോചിച്ചിരുന്നതായി ഷിബു പറഞ്ഞു. ഇതിനിടയിലാണ് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ അഗ്നി ചിറകുകള്‍ വായിച്ചത്. അത് തന്‍റെ ജീവിതത്തിന് വല്ലാത്ത പ്രചോദനമാണ് ഉണ്ടാക്കിയതെന്ന് ഷിബു പറഞ്ഞു. അന്ന് മുതല്‍ കൂടുതല്‍ സ്വപ്‌നം കാണാന്‍ തുടങ്ങി. പഠിച്ച് വലിയവനാകണമെന്നാഗ്രഹിച്ചു. എന്നാല്‍ വീട്ടിലെ അവസ്ഥ എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുന്ന തരത്തിലായിരുന്നു. പ്ലസ്ടൂവിന് ശേഷം കുടുംബത്തെ സഹായിക്കാന്‍ ലോട്ടറി വില്‍പ്പന നടത്തി. അതോടൊപ്പം ഡ്രൈവിങ്ങ് പഠനം പൂര്‍ത്തിയാക്കി.

ചാലക്കുടി പനമ്പിള്ളി ഗവ. കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. പഠനത്തിനായി പല വിധ ജോലികളും ചെയ്തു. രാവിലെ പത്രവിതരണം, അതിന് ശേഷം ഓട്ടോയില്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിട്ടു. ക്ലാസ് കഴിഞ്ഞ് രാത്രി അഷ്ടമിച്ചിറ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു. പമ്പില്‍ തിരക്കുകുറയുമ്പോള്‍ പുസ്തകങ്ങള്‍ വായിച്ചു പഠിച്ചു.ഒരിക്കല്‍ ചാലക്കുടി കോടതിക്ക് മുന്നില്‍ കോട്ടിട്ട് ഗമയോടെ നില്‍ക്കുന്ന അഭിഭാഷകരെ കണ്ടപ്പോഴാണ് തനിക്കും ഒരു അഭിഭാഷകനാകണമെന്ന് ഷിബുവിന് മോഹമുദിച്ചത്. എന്നാല്‍ അഭിഭാഷകനാകുക എളുപ്പമുള്ള കാര്യമല്ലെന്ന് അതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തമായി. നടക്കാത്ത സ്വപ്‌നമാണെന്ന് തിരിച്ചറിഞ്ഞതോടെ അത് വിട്ടു.

ബിരുദപഠനം കഴിഞ്ഞപ്പോഴേയ്ക്കും കടംകയറി വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. തുണിക്കടയിലും മറ്റ് പല സ്ഥാപനങ്ങളിലും പലവിധ ജോലികളും ചെയ്‌തെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ ബാംഗ്ലൂരിലേക്ക് വണ്ടി കയറി. കുറച്ചുനാല്‍ അവിടെ ജോലി ചെയ്‌തെങ്കിലും എങ്ങനെയെങ്കിലും പഠിച്ച് നല്ല നിലയിലെത്തണമെന്ന മോഹം വീണ്ടും നാട്ടിലെത്തിച്ചു. കയ്യിലുണ്ടായിരുന്ന പണവും കടംവാങ്ങിയ പണവും ഉപയോഗിച്ച് ഒരു ഓട്ടോ വാങ്ങി. അച്ചനോടുള്ള സ്‌നേഹം കൊണ്ട് ശ്രീദാമോദരമെന്നായിരുന്നു ഓട്ടോയ്ക്ക് പേരിട്ടത്. ഓട്ടോ ഓടിക്കുന്ന ഒഴിവുസമയങ്ങളില്‍ നിയമപുസ്തകങ്ങള്‍ വായിച്ചു.

പിന്നെ ഒരു പരീക്ഷണമെന്ന നിലയില്‍ എല്‍.എല്‍.ബി.യുടെ കേരള എന്‍ട്രന്‍സ് ടെസ്റ്റ് എഴുതി. ഭയം കൊണ്ട് ആരേയും ഇക്കാര്യം അറിയിച്ചില്ല. എന്‍ട്രന്‍സ് കിട്ടി 2013ല്‍ എല്‍.എല്‍.ബി.ക്ക് തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ അഡ്മിഷന്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഭാരിച്ച പഠനചിലവും 36 പരീക്ഷകളും ഷിബുവില്‍ ആശങ്ക ഉണ്ടാക്കി. എങ്കിലും നിരാശനാകാതെ പഠനത്തോടൊപ്പം ഓട്ടോ ഓടിക്കാനും തീരുമാനിച്ചു. ക്ലാസ് കഴിഞ്ഞ് ബാക്കി സമയം ഓട്ടോ ഓടിച്ചു. അതിന്റെ ഇടവേളകളില്‍ പഠിച്ചു. 2018ല്‍ നിയമപഠനം വിജയകരമായി പൂര്‍ത്തിയാക്കി. എന്റോള്‍ ചെയ്ത ഷിബു ഇരിങ്ങാലക്കുടയിലെ ക്രിമിനല്‍ അഭിഭാഷകനായ പി.വി. ഗോപകുമാര്‍ മാമ്പുഴയുടെ കീഴിലാണ് പ്രാക്റ്റീസ് ചെയ്യുന്നത്.

Leave a comment

  • 579
  •  
  •  
  •  
  •  
  •  
  •  
  •  
Top