വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട് ഇരുപത്തഞ്ചോളം യുവാക്കളെ ന്യൂജെൻ വിസ തട്ടിപ്പിനിരയാക്കിയ കുവൈറ്റ് രാഗേഷ് പോലീസ് പിടിയിൽ

ഇരിങ്ങാലക്കുട : എഞ്ചിനീയറിംഗ് പോളിടെക്നിക് ബിരുദധാരികളടക്കം നിരവധി വിദ്യാർത്ഥികളേയും വർക്ക്ഷോപ്പ് ജീവനക്കാരേയും വിസ നൽകാമെന്നു പറഞ്ഞ് പണം തട്ടിയ വിരുതൻ പിടിയിലായി.കുവൈറ്റ് രാഗേഷ് എന്നറിയപ്പെടുന്ന വെള്ളാങ്കല്ലൂർ എരുമത്തടം സ്വദേശി തേലപ്പുറത്ത് രാമകൃഷ്ണൻ മകൻ രാഗേഷിനെയാണ് (35) ഇരിങ്ങാലക്കുട സി ഐ. എം കെ.സുരേഷ് കുമാറും എസ്.ഐ സി വി. ബിബിനും സംഘവും അറസ്റ്റു ചെയ്തത്. ഒരു വർഷത്തിനിടയ്ക്ക് ഇരുപത്തഞ്ചോളം യുവാക്കൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അറിയുന്നത്.

കടുപ്പശ്ശേരി സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ അരുൺ കുര്യന്റെ പരാതിയിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. തൃശൂർ, മരത്താക്കര ചേർപ്പ്, കടുപ്പശ്ശേരി, അവിട്ടത്തൂർ എന്നിവിടങ്ങളിലെ ചിലരെ തട്ടിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കുവൈറ്റിലെ വിവിധ നിർമ്മാണ കമ്പനികളിലും എണ്ണക്കമ്പനികളിലും എൻജിനീയർ മുതൽ ഹെൽപ്പർ തസ്തിക കളിലേക്ക് വരെ ഇയാൾ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ വിവിധ കാർ സർവീസിംഗ് കമ്പനികളിൽ ജോലി ചെയ്യുന്ന നിരവധി പേരും തട്ടിപ്പിനിരയായിട്ടുണ്ട്.

ഫോണിലും വാട്സ് ആപ്പിലും ഇരകളെ ബന്ധപ്പെട്ട് ഓൺലൈൻ മണി ട്രാൻസ്ഫർ വഴി പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. എല്ലാവരുടെയും മുന്നിൽ നേരിട്ടു വരാത്ത പ്രതി ഒന്നൊ രണ്ടോ പേരെ നേരിട്ടു കണ്ട് വിശ്വാസം പിടിച്ചുപറ്റി പിന്നീട് ഇമെയിൽ വഴിയും വാട്സപ്പ് മുഖേനയുമാണ് ബന്ധപ്പെട്ടിരുന്നത്. അമ്പതിനായിരം മുതൽ ഒരു ലക്ഷം വരെയാണ് ഓരോ വിസക്കുമായി പറഞ്ഞിരുന്നത്.മാസങ്ങൾ കഴിഞ്ഞിട്ടും വിസ നൽകാത്തതിൽ സംശയം തോന്നിയാണ് പോലീസിൽ പരാതിപ്പെട്ടത്.

മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന പരിചയം വച്ച് കുവൈറ്റിലെ പല കമ്പനികളിലേക്കായിരുന്നു ജോലി വാഗ്ദാനം ചെയ്തിരുന്നത്. പെരുമ്പാവൂർ , ആലുവ ഭാഗങ്ങളിൽ ലോഡ്‌ജൂകളിലാണ് പ്രതി താമസിച്ചിരുന്നത്.

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ഉദ്യോഗാർത്ഥിയായെത്തി കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിലെത്തി പോലീസ് തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു. മോഹന വാഗ്ദാനങ്ങൾ നൽകി അപേക്ഷകരെ വലയിലാക്കുന്ന പ്രതി ഉദ്യോഗാർത്ഥിയായി സമീപിച്ച പോലീസ് ഉദ്യോഗസ്ഥന് പൈപ്പ് ടാഗുചെയ്യുന്ന ജോലിക്ക് 80000 രൂപ ശമ്പളവും ഫാമിലി വിസയുമാണ് ഓഫർ ചെയ്തത്.തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച്‌ ബാംഗ്ലൂർ ഗോവ എന്നിവിടങ്ങളിൽ ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു. സീനിയർ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒ. മനോജ് എ കെ , അനൂപ് ലാലൻ, വൈശാഖ് എം എസ് , സുബീഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

പ്രതിയുടെ അറസ്റ്റിനെ തുടർന്ന് തട്ടിപ്പിനിരയായ നിരവധി പേർ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ട്. സമാനമായ രീതിയിൽ തട്ടിപ്പിനിരയായവർ ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് ഇരിങ്ങാലക്കുട പോലീസിനെ സമീപിക്കേണ്ടതാണ് ഡി.വൈ എസ് പി അറിയിച്ചു.

Leave a comment

  • 34
  •  
  •  
  •  
  •  
  •  
  •  
  •  
Top