വീടാക്രമിച്ച് കവർച്ചക്ക് ശ്രമം : രണ്ടുമാസമായി ഒളിവിലായിരുന്ന ഗുണ്ടാ സംഘം പിടിയിൽ

ഇരിങ്ങാലക്കുട : കോണത്തുകുന്നിലെ വീട്ടിൽ അതിക്രമിച്ച് കവർച്ചക്ക് ശ്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാനികൾ ആയ ‘അടിമ രഞ്ചിത്ത്’ എന്ന എസ് എൻ പുരം മനപ്പിള്ളി വീട്ടിൽ രതീഷ് (26) എറിയാട് സ്വദേശി കൈമപറമ്പിൽ ശരത്ചന്ദ്രൻ (25) എന്നിവരെ ഇരിങ്ങാലക്കുട സി ഐ സുരേഷ് കുമാർ എം കെയും, എസ് ഐ ബിബിൻ സി വിയും സംഘവും അറസ്റ്റ് ചെയ്തു.

രണ്ടു മാസം മുൻപ് രാത്രി കോണത്തുകുന്ന് ജനത കോർണറിൽ ഉള്ള കോടുമാടത്തിൽ രശ്മി ടോംജിത്ത് എന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ പണവും സ്വർണ്ണവും ആവശ്യപ്പെടുകയായിരുന്നു. ഒന്നും ലഭിക്കാത്തതിൽ പ്രകോപിതരായ പ്രതികൾ രശ്മിയെ ആക്രമിക്കുകയും ജനലുകളും വാതിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തകർക്കുകയും പോലീസിൽ പരാതി ന്കിയാൽ പരാതിക്കാരിയെയും ഭർത്താവിനെയും ബോംബെറിഞ്ഞ് കൊലപ്പെടുത്തുമെന്നും, ആസിഡ് അക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ഒളിവിൽ പോയ പ്രതികളെ അഴീക്കോട് ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. ഒന്നാം പ്രതി രതീഷ് ജില്ലയിലെ വിവിധ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളിലെ അംഗമാണ്. ഇയാൾക്കെതിരെ വാഹനമോഷണവും മയക്കുമരുന്ന് വിതരണവുമടക്കം നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. തീരദേശ മേഖല കേന്ദ്രീകരിച്ച മയക്കുമരുന്ന് വിതരണ ലോബിയിലെ പ്രധാന കണ്ണിയാണ് ഇയാൾ.

ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഉള്ള ഗുണ്ടാവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ. മുരുകേഷ് കടവത്ത്, സി.പി.ഒമാരായ മനോജ് എ കെ . അനൂപ് ലാലൻ, വൈശാഖ് എം എസ് , സൈമൺ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
  •  
Top