പുസ്തകത്താളിലെ കഥാപാത്രങ്ങൾ നിറപ്പകിട്ടോടെ അരങ്ങിലെത്തിയത് വിസ്മയത്തോടെ നാലാം ക്ലാസ് വിദ്യാർത്ഥികൾ കണ്ടാസ്വദിച്ചു

ഇരിങ്ങാലക്കുട  : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിലെ കഥകളി വിദ്യാർത്ഥികളുടെ പരിശീലനകളി, നാലാം ക്ലാസ് സ്കൂൾ വിദ്യാർത്ഥികൾ പാഠ്യ ഭാഗത്തിന്‍റെ ഭാഗമായി കലാനിലയത്തിൽ കാണാനെത്തി. നാലാം ക്ലാസ്സിലെ മലയാള പാഠ്യഭാഗമായ ‘മുരളി കണ്ട കഥകളിയിലെ’ കിർമീരവധം കഥകളിയിലെ ലളിത പാഞ്ചാലി എന്ന ഭാഗമാണ് ബുധനാഴ്ച കലാനിലയത്തിലെ കഥകളി വിദ്യാർത്ഥികളായ ഗോകുലും വിഷ്ണുവും കൂടെ അവരുടെ പരിശീലനകളിയായി അവതരിപ്പിച്ചത്. പുസ്തകത്താളിലെ കഥാപാത്രങ്ങൾ നിറപ്പകിട്ടോടെ അരങ്ങിലെത്തിയത് വിസ്മയത്തോടെ അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ കണ്ടാസ്വദിച്ചു.

പഠനത്തിന്‍റെ ഭാഗമായി കഥകളിക്കോപ്പ്, ചമയം, കഥ, ചിട്ടകളെന്നിവ കലാനിലയം അദ്ധ്യാപകനായ കലാനിലയം ഗോപിനാഥൻ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു. പൊറത്തിശ്ശേരി മഹാത്മാ എൽ പി & യു പി സ്കൂളിലെ അറുപതോളം വിദ്യാർത്ഥികൾ, പ്രധാന അദ്ധ്യാപിക ജീജി ഇ ബി, അദ്ധ്യാപകരായ ബിന്ദു ടി കെ , എൻ പി രജനി എന്നിവരുടെ നേതൃത്വത്തിലും കാട്ടുങ്ങച്ചിറ എസ് എൻ എൽ പി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപിക ബിജുന , അദ്ധ്യാപകരായ സുമിത, രഖില എന്നിവരുടെ നേതൃത്വത്തിലാണ് ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ എത്തിച്ചേർന്നത്.

അവതരിപ്പിക്കുന്നതിനെന്നതുപോലെ ആസ്വാദനത്തിനും ശാസ്ത്രീയമായ മുന്നറിവുകൾ ആവശ്യമുള്ള രംഗ കലാരൂപമാണ് കഥകളി. ചടങ്ങുകൾ, വേഷങ്ങൾ, അഭിനയരീതികൾ, നൃത്ത വിശേഷങ്ങൾ, ഉടുത്തുകെട്ട്, വാദ്യങ്ങൾ, കൈമുദ്ര, കഥയുടെ സൂക്ഷ്മാംശങ്ങൾ, ഭാഷാപ്രയോഗങ്ങൾ, എന്നിവയിലൊക്കെ അവഗാഹമുള്ള ഒരാൾക്കേ കഥകളി അറിഞ്ഞു ആസ്വദിക്കാൻ കഴിയൂ . ഇവയെല്ലാം നേരിട്ടുള്ള അവതരണത്തിലൂടെ കണ്ടു മനസ്സിലാക്കിയെടുക്കുവാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് കലാനിലയത്തിൽ ലഭിച്ചതെന്ന് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു. പരിശീലന കഥകളിയിൽ സംഗീതം സഞ്ജയ് നാരായണൻ, മൃദംഗം ശ്രീജിത്ത് ശ്രീനിവാസൻ, ചെണ്ട ശ്രീജിത്ത് എൻ കെ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 57
  •  
  •  
  •  
  •  
  •  
  •  
  •  
Top