മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ആഘോഷത്തിന് മാറ്റുകൂട്ടുവാൻ കരകൗശല വസ്തുക്കൾ ഇരിങ്ങാലക്കുടയിൽ നിന്നും

നടവരമ്പ് : റിലയൻസ് വ്യവസായ സാമ്രജ്യത്തിന്‍റെ അധിപനായ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹ ആഘോഷങ്ങളോട് അനുബന്ധിച്ച് രാജസ്ഥാനിലെ ഉദയ്പൂർ പാലസിൽ നടക്കുന്ന മൂന്ന് ദിവസത്തെ ഇന്ത്യൻ ഹാന്റിക്രാഫ്റ്റ് മേളയിലേക്ക് കേരളത്തെ പ്രതിനിധികരിച്ചുള്ള ഉത്പന്നങ്ങൾ നടവരമ്പിലുള്ള ഹാന്റിക്രാഫ്റ്റ് ഇൻഡസ്ട്രിയൽ സഹകരണ സംഘം നടത്തുന്ന ‘ബെൽവിക്ക്‌സിൽ’ നിന്നും നിർമ്മിച്ചവയാണ്. ക്രാഫ്റ്റ് കൗൺസിൽ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് റിലയൻസ് പ്രതിനിധികൾ ബെൽവിക്ക്‌സിൽ എത്തിയത്. ഡിസംബർ രണ്ടാം വാരം നടക്കുന്ന മേളയിലേക്ക് ഓടിൽ നിർമ്മിച്ച 74 തരം കരകൗശല ഉത്പന്നങ്ങൾ വ്യാഴാഴ്ച ഇരിങ്ങാലക്കുടയിൽ നിന്ന് റിലയൻസ് വക്താക്കൾ കൊണ്ടുപോയി. റിലയൻസ് ഇന്ത്യയിലെ അന്യം നിന്ന് പോകുന്ന ഹാൻഡിക്രാഫ്റ്റ് ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ സഹായിക്കുന്ന റിലയൻസിന്റെ തന്നെ സഹോദര സ്ഥാപനമായ സ്വദേശ് ആണ് മേള സംഘടിപ്പിക്കുന്നത്.

ലോകം തന്നെ ശ്രദ്ധിക്കുന്ന ഈ വിവാഹ ചടങ്ങിന്റെ ആഘോഷങ്ങൾ ഉദയപേരൂരിൽ ഡിസംബർ 8 ,9 തിയ്യതികളിലാണ് നടക്കുന്നത്. വിവിധയിടങ്ങളിൽ നിന്ന് അതിഥികളായി വരുന്ന വിശിഷ്ട വ്യക്തികൾക്ക് സമ്മാനിക്കാനും അതോടൊപ്പം വില്പനക്കും പ്രദർശനത്തിനുമായാണ് ഈ മേള ഇവിടെ സംഘടിപ്പിക്കുന്നത്. എഴുപതിനായിരം രൂപയോളം വിലവരുന്ന ഗണപതിയുടെയും വിഷ്ണുമായയുടെയും വിഗ്രഹങ്ങൾ നാല്പതിനായിരം രൂപയോളം വിലവരുന്ന വിവിധയിനം കുന്നിമംഗലം വിളക്ക്, മയിൽ വിളക്ക്, വിവിധയിനം വാർപ്പുകളുടെ ചെറു രൂപങ്ങൾ , കൊടി വിളക്ക്, ആലില വിളക്ക്, കുത്ത് വിളക്കുകൾ, ഇടങ്ങഴി, പറ, തുടങ്ങി എഴുപതിലധികം കരകൗശല ശില്പങ്ങളാണ് മേളക്കായി അയച്ചുകൊടുത്തത്.

സ്വകാര്യ സംരംഭകമായി തുടങ്ങിയ ഈ സ്ഥാപനം 1972 മുതലാണ് നടവരമ്പ് കൃഷ്‌ണ ബെൽമെറ്റൽ വർക്കേഴ്സ് ഹാന്റിക്രാഫ്റ്റ്‌സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയായി പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലാണ് ഈ സ്ഥാപനം. അമ്പതോളം കരകൗശല വിദഗ്ധർ ഇവിടെ ജോലി ചെയുന്നുണ്ട്. ഇത്തരം ആഘോഷങ്ങളിൽ തങ്ങളുടെ ഉത്പന്നങ്ങൾ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും ഉത്പന്നങ്ങൾക്ക് ഭാവിയിൽ ആവശ്യക്കാർ ഏറുമെന്ന് പ്രതീക്ഷിക്കുന്നതായി സൊസൈറ്റി സെക്രട്ടറി ബാബു ആർ എസ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.

Leave a comment

  • 342
  •  
  •  
  •  
  •  
  •  
  •  
  •  
Top