വിദ്യാർത്ഥികളുടെ കാഴ്ച വൈകല്യങ്ങൾ കണ്ടെത്തി പരിഹാരം നൽകുന്ന ആയുർവേദ പദ്ധതി ‘ദൃഷ്ടിയുടെ’ നിയോജകമണ്ഡലതല ഉദ്ഘാടനം എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിൽ നടന്നു

എടതിരിഞ്ഞി : കുട്ടികളുടെ കാഴ്ച വൈകല്യങ്ങൾ കണ്ടെത്തി പരിഹാരം നൽകുന്ന ആയുർവേദ പദ്ധതി ‘ദൃഷ്ടിയുടെ’ ഇരിങ്ങാലക്കുട നിയോജകമണ്ഡലതല ഉദ്ഘാടനം പ്രൊഫ്. കെ.യു. അരുണൻ എംഎൽഎ നിർവഹിച്ചു. സംസ്ഥാനത്ത് നിയോജകമണ്ഡലത്തിൽ രണ്ടുവീതം സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഏഴിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ ഹ്രസ്വദൃഷ്ടി,ദീർഘദൃഷ്ടി വിഷമദൃഷ്ടി എന്നിവ കണ്ടുപിടിച്ച് കൃത്യമായ ഇടവേളകളിൽ പരിശോധനയും ചികിത്സയും സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിമൂലം വിഭാവനം ചെയ്തിട്ടുള്ളത്.

എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളും, കാട്ടൂർ ഗവൺമെൻറ് സ്കൂളിലുമാണ് ഈ വർഷത്തെ പദ്ധതി നടപ്പിലാക്കുന്നത്. ഭാരതീയ ചികിത്സ വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുട ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ പരിശോധന നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുക.

എച്ച് ഡി പി സമാജം സ്കൂളിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധൻ അധ്യക്ഷതവഹിച്ചു. ദൃഷ്ടി പദ്ധതിയുടെ സംസ്ഥാനതല കൺവീനർ പി കെ. നേത്രദാസ് പദ്ധതി വിശദീകരണം നടത്തി. സമാജം സ്കൂൾ മാനേജർ ഭരതൻ കണ്ടേൻകാട്ടിൽ, സമാജം സെക്രട്ടറി ജിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ, പ്രിൻസിപ്പൽ കെ സീമ, നാഷണൽ ആയുർവേദിക് മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഡോക്ടർ ശ്രീവത്സൻ ഇരിങ്ങാലക്കുട ഗവൺമെൻറ് ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ രജിത, മാതൃ സംഘം പ്രസിഡണ്ട് ലതിക ഉല്ലാസ് എന്നിവർ സംസാരിച്ചു. സമാജം സ്കൂൾ ഹെഡ്മാസ്റ്റർ സാജൻ പിജി സ്വാഗതവും ഇരിങ്ങാലക്കുട ഗവൺമെൻറ് ആശുപത്രി ഡോക്ടർ പ്രീതി ജോസ് നന്ദിയും പറഞ്ഞു

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top