നാട്യവര്‍ണ്ണത്തില്‍ തിളങ്ങി മിതാക്ഷി

 

ഇരിങ്ങാലക്കുട : ഭരതനാട്യത്തില്‍ പ്രധാന ആകര്‍ഷണമായ വര്‍ണ്ണം അവതരിപ്പിച്ച് നൃത്തവേദികളില്‍ വിസ്മയമാകുകയാണ് ഒന്നാംക്ലാസ്സുകാരി മിതാക്ഷി. പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള ഈ നൃത്തഭാഗം ഭാവചടുലതയോടെ അരങ്ങില്‍ ആടിയാണ് ഈ കുരുന്ന് പ്രതിഭ ആസ്വാദകമനം കവരുന്നത്. മുരിയാട് വേഴെക്കാട്ടുകരയില്‍ കളത്തിങ്കല്‍ ഗോപിനാഥിന്‍റെയും അജിതയുടെയും ഇളയമകളാണ് മിതാക്ഷി. മൂന്നര വയസ്സുമുതല്‍ നൃത്തപഠനം ആരംഭിച്ചു. പാരമ്പര്യമായി ആരും നൃത്തരംഗത്ത്‌ ഇല്ലാത്ത കുടുംബത്തിലെ അംഗമായ കുട്ടിയുടെ അസാമാന്യമികവ് കണ്ടെത്തി പ്രോത്സാഹനം നല്‍കിയത് അമ്മ അജിതയാണ്. ആറുമാസം മുന്‍പ് അഞ്ചാംവയസ്സില്‍ ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ ഭരതനാട്യത്തില്‍ അരങ്ങേറ്റ നൃത്തം അവതരിപ്പിച്ചാണ് മിതാക്ഷി അരങ്ങില്‍ തിളങ്ങിയത്.തുടര്‍ന്ന്‍ ഭരതനാട്യത്തിലെ വര്‍ണ്ണം പൂര്‍ണ്ണമായും പഠിച്ചെടുത്ത് ഗുരുവായൂരില്‍ തന്നെ ആദ്യ അവതരണം നടത്തി.

ഭരതനാട്യത്തില്‍ അലാരിപ്പ്, പദം, ശബ്ദം, തോടയമംഗളം, കാളിയമര്‍ദ്ദനം എന്നിവയ്ക്ക് ശേഷമാണ് വര്‍ണ്ണം അഭ്യസിച്ചത്‌. രണ്ട് മാസം കൊണ്ടാണ് പത്തുമിനിറ്റുള്ള ഈ നൃത്തഭാഗം അഭ്യസിച്ചത്‌. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും മിതാക്ഷി ഭരതനാട്യം വര്‍ണ്ണം അവതരിപ്പിച്ച് പ്രശംസ നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ വിദ്യാര്‍ത്ഥിനിയായ മിതാക്ഷി യു.കെ.ജി തലം മുതല്‍ നൃത്തമത്സരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട്. ഇപ്പോള്‍ നാടോടിനൃത്തവും കുച്ചിപ്പുടിയും അഭ്യസിയ്ക്കുന്നുണ്ട്. അതിശകരമായ താളജ്ഞാനവും കഥാംശം ഉള്‍ക്കൊണ്ടുള്ള ഭാവചലനങ്ങളുമാണ് ഈ കുരുന്ന് പ്രതിഭയെ വ്യത്യസ്തയാക്കുന്നതെന്ന് നൃത്താധ്യാപകന്‍ കൊടകര പ്രണവം കൃഷ്ണകുമാര്‍ പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ അമ്മ അജിതയ്ക്ക് ചെറുപ്പം മുതലേ നൃത്തം പഠിയ്ക്കണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും അവസരമുണ്ടായില്ല. മകളെ മികച്ച നര്‍ത്തകിയാകണമെന്ന അമ്മയുടെ സ്വപ്നം സാക്ഷാല്‍ക്കരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് മിതാക്ഷി.

Leave a comment

  • 76
  •  
  •  
  •  
  •  
  •  
  •  
Top