ഉദ്യോഗസ്ഥ അനാസ്ഥമൂലം നശിച്ച് ഇരുമ്പു വിലക്ക് ലേലം ചെയ്യാൻ വച്ച നഗരസഭയുടെ കാറിനു 36000 രൂപക്ക് ലേലം

ഇരിങ്ങാലക്കുട : ഉദ്യോഗസ്ഥ അനാസ്ഥമൂലം വെയിലും മഴയുമേറ്റ് അശ്രദ്ധമായി ടൗൺ ഹാൾ പരിസരത്ത് ഇട്ടു നശിച്ച് ഇരുമ്പു വിലക്ക് ലേലം ചെയ്യാൻ വച്ച നഗരസഭയുടെ കാറിനു 36000 രൂപക്ക് ലേലം നടന്നു. ചില നിക്ഷിപ്ത താത്പര്യക്കാർ ഇടപെട്ട് വൈകിപ്പിച്ച ലേലമാണ് ഇപ്പോൾ തടസങ്ങൾ നീക്കി സുഗമമായി നടന്നത്. ചില പ്രാദേശിക കച്ചവടക്കാരും രാഷ്രിയ- ഉദ്യോഗസ്ഥ തലത്തിലുണ്ടായിരുന്നവരും ഇതിപുറകിൽ ചരടുവലികൾ നടത്തിയിരുന്നു.

ജൂലായ് മാസം നടന്ന നഗരസഭ കൗൺസിലിൽ ഇരുമ്പ് വിലയായ 9000 രൂപക്ക് ഈ കാർ ലേലം ചെയ്യാനുള്ള സപ്ലിമെന്ററി അജണ്ടയിലൂടെ കൊണ്ടുവന്ന നീക്കം പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചിരുന്നു. 2003ൽ നഗരസഭക്കായി വാങ്ങിയ പുതിയ കാർ 2015 ഓടെ പ്രത്യേക കാരണങ്ങൾ ഒന്നുമില്ലാതെ വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു. 65000 രൂപ ചിലവാക്കിയാൽ വാഹനം നല്ല സ്ഥിതിയിൽ ആക്കിയെടുക്കാമെന്ന നഗരസഭയുടെ ഔദ്യോഗിക ജോലികൾ ചെയുന്ന വർക്ക് ഷോപ്പിൽ നിന്ന് ക്വട്ടെഷൻ ലഭിച്ചിരുന്നു.

എന്നാൽ അക്കാലത്തെ ചില നിക്ഷിപ്ത താത്പര്യക്കാർ ഇതവഗണിച്ച് വാഹനം അലക്ഷ്യമായി ടൗൺ ഹാൾ പരിസരത്ത് മഴയും വെയിലും കൊണ്ട് നശിക്കുന്ന രീതിയിൽ കൊണ്ടിടുകയായിരുന്നു. പൊതുമരാമത്ത് മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ പരിശോധന പ്രകാരം ഇരുമ്പ് വിലയായി 9000 രൂപ നിശ്ചയിച്ച് ലേലം ചെയ്യാൻ കൗൺസിലിന്റെ പരിഗണനക്കായി സപ്ലിമെന്ററി അജണ്ടയിൽ ഉൾപ്പെടുത്തി കൗൺസിൽ യോഗത്തിൽ വെക്കുകയായിരുന്നു. എന്നാൽ ഇത് പ്രധാന അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണ്ട വിഷയമാണെന്ന് പ്രതിപക്ഷം ഒന്നടങ്കം പറഞ്ഞതോടെ ഗത്യന്തരമില്ലാതെ ഭരണപക്ഷം അന്ന് അജണ്ട മാറ്റിവെക്കുകയായിരുന്നു .

9000 രൂപയ്ക്കു ആരംഭിച്ച ലേലത്തിൽ 7 പേർ പങ്കെടുത്തു. തൃശൂർ സ്വദേശി ഫ്രാൻസിസ് 36,000 രൂപക്ക് ലേലം സ്വന്തമാക്കി. ഇതിൽ 18 % ജി എസ് ടി അടക്കണം. വരുന്ന കൗൺസിൽ ഇത് വക്കുകയും ലേലം അംഗകരിക്കുകയും ചെയ്യണം. 1/3 ഭാഗം തുക ലേലം ഉറപ്പിച്ച ആൾ ഇപ്പോൾ നഗരസഭയിൽ അടച്ചിട്ടുണ്ട്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നടന്ന ചില ‘അഡ്ജസ്റ്റ്മെന്റുകളാണ്’ നഗരസഭാ കാറിനു ഈ അവസ്ഥ വന്നതെന്ന് അന്ന് പൊതുവെ സംസാരമുണ്ടായിരുന്നു

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top