സാലറി ചാലഞ്ചിന്‍റെ പേരില്‍ അദ്ധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും ശമ്പളം പിടിച്ചെടുക്കുവാനുള്ള നീക്കം അപലപനീയം : ദേശീയ അദ്ധ്യാപക പരിഷത്ത്

ഇരിങ്ങാലക്കുട : അദ്ധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും സാലറി ചാലഞ്ചിന്‍റെ പേരില്‍ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുവാനുള്ള സർക്കാർ നീക്കം അപലപനീയമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ദേശീയ അദ്ധ്യാപകപരിഷത്ത്(എന്‍ടിയു) തൃശ്ശൂര്‍ ജില്ലാ പഠനശിബിരം ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവിനനുസരിച്ച് പരമാവധി ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ സന്നദ്ധരായ ജീവനക്കാരെ സമൂഹമധ്യത്തില്‍ അവഹേളിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അപ്രായോഗികമായ സാലറി ചാലഞ്ച് എന്ന സമ്മര്‍ദ്ധതന്ത്രം അമ്പേ പരാജയപ്പെട്ടതില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം ഭീഷണിയും അക്രമവുമായി രംഗത്തുവന്നിരിക്കുകയാണ്. ഇതിനെതിരെ ജീവനക്കാരും അദ്ധ്യാപകരും രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാട് നേരിട്ട കൊടിയ ദുരന്തത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെതന്നെ പൊതുസമൂഹത്തോടൊപ്പം ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്തിയവരാണ് അദ്ധ്യാപകരും ജീവനക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സേവനപ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകിയിട്ടുമുണ്ട്.

ജില്ല പ്രസിഡണ്ട് പി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. എം.കെ. പ്രസാദ്, സി. എസ് ബൈജു, ഇ.പി. ഉണ്ണികൃഷ്ണന്‍, സി. രാധാകൃഷ്ണന്‍, വി.ബി സജിത്ത്, വിനോദ് അന്തിക്കാട്, കെ. സ്മിത, പി.കെ. നന്ദകുമാര്‍, കെ.കെ. ഗിരീഷ്, പി.എസ്. ഗോപകുമാര്‍, കെ.എസ്. ജയചന്ദ്രന്‍, ജി. സതീഷ് എന്നിവര്‍ സംസാരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയ എ.ആര്‍. പ്രവീണ്‍കുമാര്‍, ലക്ഷ്മി നാരായണന്‍, എ.ആര്‍. രാജീവ്കുമാര്‍ എന്നിവരെ ആദരിച്ചു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top