കച്ചേരിപ്പറമ്പിലെ ഒഴിഞ്ഞുകിട്ടിയ ബാർ അസോസിയേഷൻ കെട്ടിടം വൃത്തിയാക്കാൻ ചെന്ന കൂടൽമാണിക്യം ദേവസ്വം ജീവനക്കാരെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയതായി പരാതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന്‍റെ സ്ഥലമായ കച്ചേരിപ്പറമ്പിലെ ഒഴിഞ്ഞു കിട്ടിയ ബാർ അസോസിയേഷൻ കെട്ടിടം വൃത്തിയാക്കാൻ എത്തിയ ദേവസ്വം ജീവനക്കാരെ അവിടെയുണ്ടായിരുന്ന ചില അഭിഭാഷകരും അവിടെ ചായക്കട നടത്തിയിരുന്നവരും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. ഇതേ തുടർന്ന് ബുധനാഴ്ച്ച ഉച്ചക്ക് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോന്റെ നേതൃത്വത്തിൽ അഡ്മിനിസ്ട്രേറ്ററും ഭരണ സമിതി അംഗങ്ങളും ദേവസ്വം ജീവനക്കാരും വീണ്ടും എത്തുകയും കരാർ പ്രകാരം ഒഴിഞ്ഞു പോകാത്ത ചായക്കട അവിടെ നിന്ന് മാറ്റുവാൻ ശ്രമിക്കുകയും തുറന്നു കിടന്ന ബാർ അസോസിയേഷൻ പൂട്ടാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം അവിടെ സംഘടിച്ചെത്തിയ ഒരു കൂട്ടം ബാർ അസോസിയേഷനിലെ അംഗങ്ങളായ അഭിഭാഷകർ തങ്ങൾക്ക് പുതിയതായി അനുവദിച്ച ബാർ അസോസിയേഷൻ കെട്ടിടത്തിൽ ദേവസ്വം ചെയ്തു കൊടുക്കാമെന്നേറ്റിരുന്ന സൗകര്യങ്ങൾ പൂർത്തിയായിട്ടില്ല എന്നതിനെക്കുറിച്ച് ദേവസ്വം അധികൃതരുമായി സംസാരത്തിലേർപ്പെട്ടു. ഇത് പതിയെ തർക്കത്തിലേക്ക് വഴിമാറി.


ബാർ അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങളുമായി ആലോചിച്ചതിനു ശേഷമാണ് ദേവസ്വത്തിന് പഴയ കെട്ടിടം കൈ മാറിയതെന്നും അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ മുറിക്ക് സമീപമുള്ള രണ്ട് മുറികൾ ഈ കോടതി ഇവിടെ പ്രവർത്തിക്കുന്ന കാലം വരെ ബാർ അസ്സോസിയേഷനായി ഉപയോഗിക്കാൻ ദേവസ്വം അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി കൊടുക്കാമെന്നു ഏറ്റിരുന്നതായി ബാർ അസോസിയേഷൻ പ്രസിഡണ്ട് തങ്ങൾക്ക് ഉറപ്പു നല്കിയീട്ടുണ്ടായിരുന്നുവെന്നു അഡ്വ. ആന്റണി തെക്കേത്തല പറഞ്ഞു. എന്നാൽ ഇപ്പോൾ പകരമായി ലഭിച്ച മുറികളിൽ അവശ്യ സൗകര്യങ്ങൾ ഒന്നുമില്ലെന്ന്‌ മാത്രമല്ല അഭിഭാഷകർക്ക് അസോസിയേഷൻ ഹാൾ സൗകര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒഴിഞ്ഞു കൊടുത്ത അസോസിയേഷൻ ഹാൾ തങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ദേവസ്വത്തിന് അത് പൂട്ടിയിടാനുള്ള സൗകര്യം തങ്ങൾ ചെയ്തു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പുതിയതായി ബാർ അസോസിയേഷന് അനുവദിച്ച മുറിയിൽ എല്ലാ സൗകര്യങ്ങളും ഏർപെടുത്തിയതിനു ശേഷം മാത്രമേ ഹാൾ കൈമാറ്റം നടത്തുകയുള്ളുവെന്ന് വ്യക്തമായ തീരുമാനം ബാർ അസോസിയേഷൻ എക്സ്ക്യൂട്ടീവ് കമ്മിറ്റിയിൽ എടുത്ത തീരുമാനത്തിന് വിരുദ്ധമായി ദേവസ്വത്തിന് താക്കോൽ കൈമാറിയ ബാർ അസോസിയേഷൻ പ്രസിഡന്റിന്റെ നടപടിക്കെതിരെ തങ്ങൾ വക്കീൽമാരുടെ ഒപ്പു ശേഖരണം നടത്തുന്നുവെന്നും ഇതിൽ നാല്പതിലധികം അഭിഭാഷകർ പിന്തുണ നൽകിയെന്നും അഡ്വ. ആന്റണി തെക്കേക്കര പറഞ്ഞു.

ബാർ അസോസിയേഷൻ അനുവദിച്ച പുതിയ കെട്ടിടത്തിൽ വൈദ്യതി വെള്ളം എന്നി സൗകര്യങ്ങൾ തങ്ങൾ ചെയ്തു നല്കിയീട്ടുണ്ടെന്നും ഇതിനായി പ്ലംബിംഗ്, ഇലക്ട്രിക്ക് വർക്കുകൾ പൂർത്തിയായിട്ടുണ്ടെന്നും ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. എന്നാൽ കെട്ടിടത്തിന് നമ്പർ കിട്ടുവാൻ നഗരസഭയിൽ നിന്നും താമസം നേരിടുന്നു എന്നതാണ് യാഥാർഥ്യം ഇത് വേഗത്തിലാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നു. ആഗസ്റ്റ് മാസം മുതൽ ലേലം എടുത്തവർക്ക് ബാർ അസോസിയേഷൻ കെട്ടിടത്തിലെ മുറിക ൾ കൊടുക്കേണ്ടതാണെന്നും ആ മാസം മുതലുള്ള വാടക ഇപ്പോൾ നഷ്ടപെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാർ അസോസിയേഷൻ കെട്ടിടം രാത്രികാലങ്ങളിലെ തുറന്നു കിടക്കുകയാണെന്നും അതിൽ രാത്രി കാലങ്ങളിൽ മദ്യപാനം മുതലുള്ളവ നടക്കുന്നുവെന്ന് തെളിവ് ലഭിച്ചപ്പോഴാണ് ഇവ വൃത്തിയാക്കി പൂട്ടിയിടുവാൻ ബുധനാഴ്ച്ച രാവിലെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ജീവനക്കാരെ അങ്ങോട്ട് വിട്ടത്. എന്നാൽ ആ സമയം ആകെട്ടിടത്തിൽ ഉണ്ടായിരുന്ന ചില അഭിഭാഷകരാണ് വളരെ മോശമായി പെരുമാറിയതെന്നും അവരുടെ ചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ ദേവസ്വത്തിന്റെ ഗുണ്ടകളായി പ്രചരിപ്പിച്ച നടപടി അപലപനീയമാണെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. കച്ചേരി വളപ്പിലെ ബാർ അസോസിയേഷൻ കെട്ടിടം പൂട്ടി അവിടെയുണടായിരുന്ന ചായക്കട ഒഴിപ്പിക്കുകയും സാധന സാമഗ്രികൾ എടുത്തു മാറ്റുകയും ചെയ്തു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top