നഗരസഭക്ക് മതിയായ പ്രാതിനിധ്യം നൽകാതെ നടത്തിയ ജനറൽ ആശുപത്രി മോർച്ചറി പുനരുദ്ധാരണ സമർപ്പണ ചടങ്ങിൽ പ്രതിഷേധിച്ച് നഗരസഭ ചെയർ പേഴ്സൺ വിട്ടു നിന്നു

ഇരിങ്ങാലക്കുട : നഗരസഭയുടെ അധീനതയിലുള്ള ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മോർച്ചറി പുനർനിർമ്മാണ സമർപ്പണം നഗരസഭ കൗൺസിലിന്റെ അനുമതിയില്ലാതെയും ചടങ്ങിൽ നഗരസഭക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകാതെയും സി പി എം ന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റ് സംഘടിപ്പിച്ചു എന്നാരോപിച്ച് ചടങ്ങുകളിൽ നിന്ന് നഗരസഭ ചെയർ പേഴ്സൺ വിട്ടു നിന്നു. ജനറൽ ആശുപത്രിയിലെ മോർച്ചറി അറ്റകുറ്റപ്പണികൾക്കായി കുറച്ചുദിവസം അടച്ചിട്ടിരുന്നു . എന്നാൽ നഗരസഭ 5 ലക്ഷം രൂപ നീക്കിവച്ച് അധികം പഴക്കമില്ലാത്ത മോർച്ചറി നവീകരിക്കാൻ തയ്യാറെടുത്തപ്പോൾ ഐ സി എൽ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ആർദ്രം എന്ന സംഘടന അത് ഏറ്റെടുക്കുകയും നഗരസഭയുടെ അംഗീകാരത്തോടെ നവീകരണം നടത്തുകയും ചെയ്തു.

എന്നാൽ എച്ച് എം സി കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ നഗരസഭയെയോ നഗരസഭ അധികാരികളെയോ അറിയിക്കാതെയാണ് മോർച്ചറി ഉദ്‌ഘടനം നടത്തിയത്. പ്രളയ ദുരിതത്തിൽ എല്ലാ ഉദ്‌ഘാടന ആഘോഷങ്ങളും ഒഴിവാക്കുമ്പോൾ സ്ഥലം എം പി യെ വിളിക്കാതെ ആലത്തൂർ എം പി യെ കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത് രാഷ്ട്രീയ ലാഭം വച്ച് കൊണ്ടാണെന്നും മോർച്ചറി നവീകരണത്തിൽ പോലും രാഷ്ട്രീയം വെച്ച് പെരുമാറുന്ന ഈ രീതി ജനാധിപത്യ വിരുദ്ധവും ഭരണസംവിധാനങ്ങളേ അട്ടിമറിക്കുന്നതാണെന്നും പത്രസമ്മേളനത്തിൽ നഗരസഭ ചെയർ പേഴ്സൺ നിമ്മ്യ ഷിജു പറഞ്ഞു.

ഈ അവസരത്തിൽ നഗരസഭയോട് ആലോചിക്കാതെ നടത്തിയ ഈ ഉദ്‌ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നതായും ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ചെയർ പേഴ്സൺ അറിയിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top