സംസ്ഥാന പാതയിലെ യാത്രദുരിതത്തിന് അന്ത്യം, കല്ലേറ്റുംകര – ഇരിങ്ങാലക്കുട തകർന്ന റോഡ് അടുത്ത മാസം ടാറിങ്- 3 കോടി രൂപയുടെ അനുമതി

 

ഇരിങ്ങാലക്കുട : കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ചെയ്ത ടാറിങ് മാസങ്ങൾക്കുള്ളിൽ തന്നെ പൊളിഞ്ഞു പോകുകയും ഇപ്പോളും താറുമാറായികിടക്കുന്ന സംസ്ഥാന പാതയിലെ കല്ലേറ്റുംകര മുതൽ ഠാണ വരെ ഉള്ള റോഡ് ടാറിംഗ്‌ അടുത്ത മാസം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇതിനായുള്ള ടെക്നിക്കൽ അനുമതി ലഭിച്ചു . 3 കോടി രൂപ വകയിരുത്തിയീട്ടുണ്ട്. ആകാലത്ത് ഇതിൽ വലിയ അഴിമതി നടന്നീട്ടുണ്ടെന്ന് പരക്കെ ആക്ഷേപം ഉയർന്നുവെങ്കിലും ഇതുവരെ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല. ലക്ഷങ്ങൾ ചിലവാക്കി ഇതിനിടെ ഈ മേഖലയിൽ അറ്റകുറ്റ പണികളും രണ്ട് തവണ നടന്നിരുന്നു.

ഇതിനു മുന്നോടിയായി പുല്ലൂർ ആശുപത്രി അപകടവളവിലെ റോഡ് വീതി കൂട്ടി പണി പൂർത്തിയാക്കാനുള്ള ആശുപത്രി മുതൽ മന്ത്രിപുരം വരെയുള്ള ഭാഗം നിർമ്മാണ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച ആരംഭിച്ചു. പുല്ലൂർ മിഷൻ ആശുപത്രിയിലെ വളവിൽ റോഡിൻറെ ഒരു വശത്തെ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തി കൈയേറ്റങ്ങൾ ഒഴിപ്പിച്ചിരുന്നു. 26 മീറ്റർ വീതി വരെ ഇവിടെ ലഭിച്ചീട്ടുണ്ട് സംരക്ഷണഭിത്തിയും കാനയും നടപ്പാതയും നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. മന്ത്രിപുരത്തും പുല്ലൂരും പണിപൂർത്തിയായി ബി എം ബി സി ടാറിങ് നടത്തീട്ടുണ്ട്. മിഷൻ ആശുപത്രി മുതൽ ഉരിയച്ചിറ വരെ ഇപ്പോൾ നടക്കുന്ന നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ഉരിയച്ചിറയിലെ ഏറ്റവും അപകടമേറിയ വളവ് എന്തുകൊണ്ട് ഇപ്പോഴും തുടരുന്നു എന്നതിന് കൃത്യമായ വിശദീകരണം ഉദ്യോഗസ്ഥർക്ക് നല്കാനാവുന്നില്ല.

ഉരിയച്ചിറയും പരിസരത്തെയും പുറമ്പോക്കും കൈയേറ്റങ്ങളും അളന്നു തിട്ടപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണം . ഇരിങ്ങാലക്കുട നഗരസഭ അതിർത്തിയിൽ പെടുന്ന ഇവിടുത്തെ ചില കെട്ടിടങ്ങൾക്ക് ഈ പദ്ധതി വരുമെന്നറിഞ്ഞീട്ടും ബാഹ്യസമ്മർദ്ദങ്ങൾ മൂലം അനുമതി നൽകിയത് നഗരസഭ കൗൺസിലിൽ ഏറെ ഒച്ചപാടുണ്ടാക്കിയിരുന്നു. രണ്ടു കോടിയോളം രൂപ ചിലവിട്ട് അപകട വളവ് തീർക്കാനെന്ന പേരിൽ പണികൾ പുരോഗമിക്കുമ്പോഴും പ്രധാനപ്പെട്ട വളവ് തീർക്കാതെ നിർമ്മാണം അവസാനിപ്പിക്കുന്നതിൽ ഏറെ പ്രതിഷേധം ഉയരുന്നുണ്ട്.

Leave a comment

2202total visits,1visits today

  • 43
  •  
  •  
  •  
  •  
  •  
  •  
  •  
Top