ദുരിതാശ്വാസ ക്യാമ്പിൽ അന്നമൊരുക്കിയ സൗദേച്ചിക്ക് നാടിന്‍റെ സ്നേഹാദരം

പൊറത്തിശ്ശേരി : പ്രതീക്ഷയുടെ ഓണക്കാലം പ്രളയകെടുതിയിൽ ഒഴുകിപോയപ്പോൾ അത്താണിയായി മാറിയ പൊറത്തിശ്ശേരി മഹാത്മാ യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് അന്നമൊരുക്കിയ സൗദേച്ചിക്ക് നാടിന്‍റെ സ്നേഹാദരം. ഓഗസ്റ്റ് 16 ന് കിടപ്പാടമാകെ പ്രളയം വിഴുങ്ങിയപ്പോൾ രക്ഷതേടി ക്യാമ്പിലെത്തിച്ചേർന്ന മുന്നൂറോളം പേർക്ക് ക്യാമ്പവസാനിച്ച 27-ാം തിയതി വരെ എല്ലാനേരവും ഭക്ഷണം പാചകം ചെയ്തത് ഈ സ്കൂളിലെ പാചകത്തൊഴിലാളിയായ മഞ്ഞനംകാട്ടിൽ കുമാരന്‍റെ ഭാര്യയായ അറുപതു വയസുകാരി സൗദാമിനി എന്ന സൗദേച്ചിയാണ്.

ക്യാമ്പിലുള്ളവർക്കായുള്ള ഭക്ഷണ സാധന സാമഗ്രികൾ അധികൃതർ എത്തിച്ചു നൽകിയെങ്കിലും പാചകം ആര് ഏറ്റെടുക്കുമെന്ന് ചിന്തയിൽ , സ്വമനസാലെ സൗദേച്ചി എല്ലാം ഏറ്റെടുക്കുന്നത്. പുലർച്ചെ 6 മണിമുതൽ രാത്രി പത്തരവരെ ഇവരുടെ സംഘത്തിന്‍റെ നേതൃത്വത്തില്‍ എല്ലാം ഏറ്റെടുത്തു നടക്കുകയായിരുന്നു. ക്യാമ്പിലെത്തിയവരും സഹായികളായപ്പോൾ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും പൊറത്തിശേരി മഹാത്മാ യു പി സ്കൂളിലെ ക്യാമ്പ് ഭക്ഷണകാര്യത്തിൽ കുറ്റമറ്റതും ശ്രദ്ധേയവുമായി മാറി.

ക്യാമ്പ് ദിനങ്ങൾക്കിടയിൽ ഓണവും കടന്നുവന്നതോടെ, ആഘോഷങ്ങളില്ലെങ്കിലും സൗദേച്ചിയുടെ നേതൃത്വത്തില്‍ തയാറാക്കിയ എഴുത്തരം കറികളും പായസവുമടക്കമുള്ള ഓണസദ്യ രുചികരമായിരുന്നു. പ്രളയത്തിൽ സ്വഭവനങ്ങളിൽനിന്നും ഒരാഴ്ചയോളം മാറിനിന്നവർക്ക് ക്യാമ്പിലെ ഭക്ഷണം സ്വന്തം വീട്ടിലെ ഭക്ഷണമായി തോന്നിയതിനു പുറകിൽ സൗദേച്ചിയുടെ കൈപുണ്യമുണ്ട് . നീണ്ട 34 വർഷമായി സ്കൂളിലെ പാചകക്കാരിയായ സൗദേച്ചിയുടെ ദുരിതാശ്വാസ ക്യാമ്പിലെ സേവനം ഏവരുടെയും പ്രശംസക്ക് അർഹമായി .

ഇരിങ്ങാലക്കുട ഡെപ്യൂട്ടി താസിൽദാർ സിമിഷ് സാഹു തിരുവോണനാളിൽ ക്യാമ്പ് സന്ദർശിച്ച് സൗദേച്ചിയെ പ്രത്യേകം അഭിനന്ദിച്ചു. ലീഗൽ സർവീസ് സൊസൈറ്റി പ്രവർത്തകരും സൗധേച്ചിയെ അഭിനന്ദിച്ചിരുന്നു. ക്യാമ്പ് അവസാനിച്ച ഓഗസ്റ്റ് 27 ന് സ്കൂളിൽ ചേർന്ന അവലോകന യോഗത്തിൽ വാർഡ് കൗൺസിലർമാരും, നഗരസഭ, വില്ലേജ് അധികൃതരും സ്കൂളിലെ അധ്യാപകരും ക്യാമ്പ് വോളന്റിയേഴ്‌സും നാട്ടുകാരും, 9 ദിവസവും ക്യാമ്പിലേക്ക് രുചികരമായ ഭക്ഷണം നിറപുഞ്ചിരിയോടെ തയാറാക്കിയ സൗദേച്ചിയുടെ മാതൃകാപരമായ സേവനത്തെ പ്രശംസിച്ചു.

Leave a comment

  • 246
  •  
  •  
  •  
  •  
  •  
  •  
  •  
Top