വെള്ളത്തിലായ ലോട്ടറി കച്ചവടം – കരകയറാമെന്ന പ്രതീക്ഷയുമായി ലോട്ടറി വിൽപനക്കാർ

ഓണത്തലേന്ന് തിരക്കൊഴിഞ്ഞ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സബ് ഓഫീസ്

ഇരിങ്ങാലക്കുട : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സബ് ഓഫീസ് ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചു തുടങ്ങിയതു മുതൽ ഇവിടുത്തെ സാധാരണ ലോട്ടറി വിൽപനക്കാർ മുതൽ ഏജന്റുമാർ വരെ സന്തോഷത്തിലായിരുന്നു . പ്രത്യേകിച്ച് ഈ ഓണകാലത്ത്. എന്നാൽ അപ്രതീക്ഷിതമായി വന്ന പ്രളയം മറ്റെല്ലാ മേഘലയിലുമെന്ന പോലെ ലോട്ടറി വില്പന രംഗത്തും വൻ തിരിച്ചടിയാണ് ഉണ്ടാകുന്നത്. പത്ത് ലക്ഷം രൂപ വരെ ഒരു ദിവസം ലോട്ടറി വില്പനയിലൂടെ ലഭിച്ചിരുന്ന ഇരിങ്ങാലക്കുട സബ് ഓഫീസിൽ ഉത്രാട തലേന്നായ 23-ാം തിയ്യതി ആറ് ലക്ഷത്തി അമ്പതിനായിരം രൂപയുടെ വിൽപ്പനയെ നടന്നുള്ളു. എന്നാൽ പ്രളയത്തിനു തൊട്ടു മുന്നത്തെ ദിവസമായ ആഗസ്റ്റ് 14 -ാംതിയ്യതി ഒമ്പതുലക്ഷത്തി അറുപത്തിഎണ്ണായിരം രൂപയുടെ വിൽപ്പനയാണ് നടന്നിരുന്നത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ ഇരിങ്ങാലക്കുട സബ് ഓഫീസിൽ 14 കോടി 21 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപ്പനയാണ് നടന്നിരുന്നത്. നൂറോളം ഏജന്റുമാരാണ് ഈ സബ് ഓഫീസിൽ നിന്നും ടിക്കറ്റ് എടുക്കുന്നത്. പ്രളയം മൂലം ടിക്കറ്റ് വില്പന ഗണ്യമായി കുറഞ്ഞതും നറുക്കെടുപ്പ് മാറ്റിവച്ചതും ഇവരെ ആശങ്കയിലാക്കിയീട്ടുണ്ട്. ഓണം ബമ്പർ ടിക്കറ്റ് വില്പനയിലായിരുന്നു പലരുടെയും പ്രതീക്ഷ. അതോടൊപ്പം മറ്റു ദിവസ നറുക്കെടുപ്പ് ലോട്ടറികളിലും. ടിക്കറ്റുകൾ തിരിച്ചെടുക്കാത്ത സാഹചര്യത്തിൽ നഷ്ടപ്പെട്ടതും നനഞ്ഞു കുതിർന്നതുമായ ടിക്കറ്റുകൾ മൂലം ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ. ഓണക്കാലത്ത് നല്ല തിരക്കനുഭവപ്പെട്ടിരുന്ന ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സബ് ഓഫീസിൽ ഇപ്പോൾ തിരക്കൊട്ടും ഇല്ല എന്നുള്ളത് പ്രളയം ലോട്ടറി വിൽപ്പനയെ എങ്ങനെ ബാധിച്ചുവെന്നത് സ്പഷ്ടമാക്കുന്നതാണ്.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
  •  
Top