വ്യാപാര സ്ഥാപനങ്ങൾ കാന ഉയർത്തികെട്ടിയതു മൂലം തകർന്ന റോഡ് നഗരസഭ ആറ് ലക്ഷം ചിലവാക്കി അറ്റകുറ്റപണികൾ നടത്തുന്നു

ഇരിങ്ങാലക്കുട : എ കെ പി- ബസ്റ്റാന്റ് റോഡിൽ സണ്ണി സിൽക്‌സിനും നവരത്ന സൂപ്പർ മാർക്കറ്റിനു മുന്നിൽ വ്യാപാര സ്ഥാപനങ്ങൾ കാന ഉയർത്തികെട്ടിയതു മൂലം വെള്ളക്കെട്ടിനാൽ തകർന്ന റോഡ് നഗരസഭ സ്വന്തം ചിലവിൽ ആറ് ലക്ഷം മുടക്കി അറ്റകുറ്റപണികൾ ആരംഭിച്ചു. റോഡ് പി.ഡബ്ല്യു.ഡിയുടെ ആണെന്നും അറ്റകുറ്റപണികൾ നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞിരുന്നു. എന്നാൽ ഈ റോഡ് തങ്ങളുടേതല്ലെന്നു പൊതുമരാമത്ത് വകുപ്പ് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ഈ വിവരം നഗരസഭയിൽ അറിയിച്ചപ്പോൾ , രേഖകൾ പരിശോധിക്കട്ടെ എന്ന് ചെയർപേഴ്സൺ പറയുകയും, റോഡ് നഗരസഭയുടെ കിഴിലാണെങ്കിൽ കാന ഉയർത്തികെട്ടിയ ഇരുവശമുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് അവ പൊളിച്ചു മാറ്റാൻ നോട്ടീസ് നല്കുന്ന കാര്യം ആലോചിക്കാമെന്നു നഗരസഭ ഒരുമാസം മുൻപ് പറഞ്ഞിരുന്നു. എന്നാൽ സ്വാധീനങ്ങൾക്ക് വഴങ്ങി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാതെ നഗരസഭ ആറ് ലക്ഷം മുടക്കിയാണ് ഇപ്പോൾ റോഡ് ശരിയാക്കുന്നത്.

തൽകാലം മെറ്റലും ക്വറി പൊടികളും കൊണ്ട് കുഴികൾ അടക്കുകയാണെന്നും വരും ആഴ്ചകളിൽ റോഡ് ടാർ ചെയ്യുമെന്നും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി സി വർഗ്ഗിസ് പറഞ്ഞു. സണ്ണി സിൽക്സിന്റെ മുന്നിൽ നൂറു മീറ്റർ നീളത്തിൽ നഗരസഭ കല്ലേരിതോട് വരെ കാന നിർമ്മിക്കുമെന്നും എതിർ വശത്ത് നവരത്നയുടെ മുന്നിൽ നിലവിലുള്ള കോൺക്രീറ്റു കാനയുടെ സ്ലാബ് മാറ്റി വെള്ളം പോകുവാൻ ഉതകുന്ന രീതിയിൽ ഗ്രിൽ ഇടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ചെലവ് തത്കാലം നഗരസഭയാണ് വഹിക്കുന്നതെന്നും വ്യാപാര സ്ഥാപനങ്ങളോട് ചെലവ് വഹിക്കാൻ ആവശ്യപെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

റോഡ് തകർന്ന് രൂപപെട്ട വെള്ളക്കെട്ടും കുഴികളും അപകട കെണിയായി മാസങ്ങളായ തുടർന്ന് വരികയായിരുന്നു. ദിനം പ്രതി വെള്ളക്കെട്ട് ഒഴിവാക്കാനും കുഴിയിൽ വീണും ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ അപകടത്തിൽ പെടുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും ദുരന്തങ്ങൾ ഒഴിവാകുന്നത്. ഇരുവശമുള്ള വ്യാപാര സ്ഥാപനങ്ങൾ അവരുടെ കെട്ടിടങ്ങൾക്ക് ഭംഗി വരുത്തുവാനായ് കാന ഉയർത്തികെട്ടിയതാണ് ഇവിടെ വെള്ളക്കെട്ട് വരൻ പ്രധാന കാരണം. വകുപ്പുകൾ തമ്മിലുള്ള ഈ തർക്കത്തിനിടെ ജീവൻ പണയം വച്ചാണ് ജനങ്ങൾ ഈ വഴി യാത്ര ചെയ്തിരുന്നത്.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
Top