വെള്ളക്കെട്ടില്ലാത്ത ലോകത്തേക്ക് വള്ളി യാത്രയായി

ഇരിങ്ങാലക്കുട : ഭൂമാഫിയ തണ്ണീര്‍ത്തടങ്ങള്‍ വാങ്ങിക്കൂട്ടി നികത്തിയപ്പോള്‍ വെള്ളക്കെട്ടില്‍പെട്ട് നട്ടം തിരിഞ്ഞ പട്ടികജാതിക്കാരിയായ വള്ളി വെള്ളക്കെട്ട് ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. ഇരിങ്ങാലക്കുട കേരള സോള്‍വെന്റ് കമ്പനിക്കു എതിര്‍വശത്തുള്ള പാടത്തിന്റെ കരയില്‍ വെറും ഒന്നര സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ കെട്ടികൊടുത്ത വീട്ടില്‍ കഴിഞ്ഞിരുന്ന കൈപ്പാറ വള്ളി(65)യാണ് എലിപ്പനിമൂലം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്നലെ പുലര്‍ച്ചേ 4.30 ന് മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷക്കാലത്ത് വളളിയുടെ വീടും തൊട്ടടുത്ത വീടുകളും വെള്ളത്തിലായ വാര്‍ത്ത വിവാദമായിരുന്നു. കെ.എസ് കമ്പനിക്ക് എതിര്‍ വശത്തുള്ള പാടശേഖരത്തില്‍ അനധികൃതമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും വെള്ളം ഒഴുകിപോയിരുന്ന പൊതുത്തോട്ടില്‍ നിയമവിരുദ്ധമായി വലിയ സ്‌ളാബുകള്‍ നിര്‍മ്മിച്ചത് പാടത്തേക്ക് മണ്ണടിക്കാന്‍ വഴിയുണ്ടാക്കിയതും വാര്‍ത്തയായിരുന്നു. മൂന്നു വര്‍ഷമായിട്ടാണ് വെള്ളക്കെട്ടിന്റെ പ്രശ്‌നം തുടങ്ങിയത്. അനധികൃതമായി സ്വകാര്യവ്യക്തി റോഡിനുസമാന്തരമായി തോട്ടില്‍ കരിങ്കല്ല് ഭിത്തികെട്ടിയതും പാടം നികത്താന്‍വേണ്ടി ഭൂമാഫിയ ടിപ്പര്‍ലോറികള്‍ കയറാന്‍പാകത്തിന് തോടിനു കുറുകേ കരിങ്കല്‍ഭിത്തികെട്ടി തോടിന്റെ വീതി കുറച്ചതുമാണ് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണം. ഇതുമൂലം രണ്ടു വര്‍ഷമായി മഴപെയ്താല്‍ ഈ പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുകിവരുന്ന പേഷ്‌കാര്‍ റോഡ് അടക്കമുള്ള കിഴക്കന്‍ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകുകയാണ്. പൊതു തോട്ടില്‍ തണ്ണീര്‍ത്തടനിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഉണ്ണായി വാര്യര്‍ വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളിജയന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത് നഗരസഭാകൗണ്‍സിലില്‍വരെ വലിയ ഒച്ചപ്പാടാവുകയും അനധികൃതമായി നിര്‍മ്മിച്ച സ്ലാബ് പൊളിച്ചതിന്റെ പേരില്‍ കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കേസില്‍പെട്ട കൗണ്‍സിലര്‍മാരായ അമ്പിളിജയനെയും സന്തോഷ് ബോബനെയും ജാമ്യത്തിലെടുക്കുന്നതിനും സര്‍ക്കാരില്‍ പരാതി നല്‍കുന്നതിനും മുമ്പില്‍ നിന്നിരുന്നവരില്‍ ഒരാള്‍ വള്ളിയായിരുന്നു. എലിപ്പനിയുടെ രോഗലക്ഷണങ്ങളാണ് രോഗിയില്‍ ഉണ്ടായിരുന്നതെന്ന് മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടില്‍ പറയുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ എലികളുടെ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് എലിപ്പനി പടരുന്നത്. വെള്ളക്കെട്ടില്‍ മുങ്ങിയ വള്ളിയുടെ വീടിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. മക്കള്‍ സുമ മരുമക്കള്‍ റിയാസ്. സംസ്‌കാരം കൊടുങ്ങല്ലൂര്‍ ചാപ്പാറ മുനിസിപ്പല്‍ ശ്മശാനത്തില്‍ വച്ച് നടന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top