സ്ത്രീയുടെ വസ്ത്രധാരണം പോലും തീവ്രവാദ ഭീകരതയുടെ സന്ദേശം നൽകുന്ന കറുപ്പിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്നു – ആർ.ബിന്ദു

ഇരിങ്ങാലക്കുട : ആദ്യകാലങ്ങളിൽ മലബാറിലെ സ്ത്രീകളുടെ വസ്ത്രധാരണം വർണമയമായിരുന്നുവെങ്കിൽ ഇപ്പോൾ തീവ്രവാദ ഭീകരതയുടെ സന്ദേശം നൽകുന്ന കറുപ്പിലേക്ക് ഇവരെ ചിലർ അടിച്ചേൽപ്പിക്കുന്നുവെന്നു അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. ബിന്ദു പറഞ്ഞു. മദ്രസ്സയിലേക്ക് പോകുന്ന കൊച്ചുമക്കൾ പോലും നിർബന്ധിതമായ ഈ അടിച്ചേൽപിക്കപ്പെടലിന്‍റെ ഇരയാവുന്നു എന്നതാണ് ദുഃഖകരം. എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ .ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ അഭിമന്യുവിനെ ആസൂത്രിതമായി എസ്ഡിപിഐ ക്കാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇരിങ്ങാലക്കുട പൂതംകുളത്ത് സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ചേർന്ന ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ. ബിന്ദു.

മാനവികമായ എല്ലാം അന്യമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് വളരെ ഇടുങ്ങിയ ചിന്താഗതിയിൽ പരസ്പരം സംസാരിക്കുന്നതു പോലും പാപമാണെന്ന് പ്രഖ്യാപിക്കുന്ന രീതിയിലുള്ള അതിതീവ്രവാദത്തിൻറ അലകളാണ് എസ്ഡിപിഐ പോലുള്ള സംഘടനകൾ പ്രചരിപ്പിക്കുന്നത്. ഹിന്ദുവും മുസ്ലിമും നേർക്കുനേർനിന്ന് പോരാടുന്ന ഒരു ഇന്ത്യയായി മാറ്റാനുള്ള അതിതീവ്രവും സംഘടിതവുമായ പരിശ്രമങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നുവെന്നതും ഒരു യാഥാർഥ്യമാണ്. ആർ എസ് എസ് വളരുന്നതിന് ബദലായി ഇസ്ലാമിക തീവ്രവാദം കേരളത്തിൽ പോലും വളർന്നു വരുന്നു എന്നുള്ളതും, അതിനു അന്തർദ്ദേശീയ വേരുകൾ ഉള്ളതും ഏറെ ഭയാനകമാണ്. ഭൂരിപക്ഷ വർഗീയതയുടെ പേരിൽ നടക്കുന്ന അമിതമായ പ്രചാരണങ്ങളും അക്രമങ്ങളും ന്യൂനപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുന്നു.

പുരോഗമന ചിന്തയുടെ ഒരു നാമ്പുപോലും കിളുർക്കാൻ പാടില്ല എന്ന ഉറച്ച ബോധ്യത്തോടുകൂടി എസ്ഡിപിഐ നടത്തിയ ആസൂത്രിതമായ കൊലപാതകമാണ് അഭിമന്യുവിൻറേതെന്ന് ആർ.ബിന്ദു പറഞ്ഞു.സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ എസ്ഡിപിഐ തീവ്രവാദ രാഷ്ട്രീയത്തിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷനായിരുന്നു. എം എൽ എ പ്രൊഫ. കെ.യു. അരുണൻ , സി പി ഐ എം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ, മനോജ്കുമാർ, പ്രദീപ് മേനോൻ, കെ.പി. ജോർജ്, ദിവാകരൻ മാസ്റ്റർ, കെ എ ഗോപി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  
Top