ജനകീയമായി ‘ഹൃദയപൂർവ്വം’ – ഡി.വൈ.എഫ്.ഐ. ഉച്ചഭക്ഷ പരിപാടിക്ക് ഇരിങ്ങാലക്കുടയിൽ ഒരു വയസ്സ്

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ” എന്ന സന്ദേശവുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എല്ലാ ദിവസവും സംഘടിപ്പിച്ചുവരുന്ന ഉച്ചഭക്ഷണവിതരണം പരിപാടിക്ക് ഒരു വയസ്സു തികഞ്ഞു. 2017 ജൂലൈ 10 നാണ് ബ്ലോക്ക് പരിധിയിലെ ഓരോ യൂണിറ്റുകളിൽ നിന്നും ഓരോ ദിവസവും മുന്നൂറോളം ഭക്ഷണപ്പൊതികൾ വീടുകളിൽ കയറിയിറങ്ങി ശേഖരിച്ച് ആശുപത്രിയിൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടത്.

തീർത്തും പ്ലാസ്റ്റിക് വിമുക്തമായി വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അവരവരുടെ കിടക്കകളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിച്ചു നൽകും. ഒരുലക്ഷത്തിൽ താഴെ ഉച്ചഭക്ഷണം ജനറൽ ആശുപത്രിയിൽ ഒരുവർഷത്തിനിടെ വിതരണം ചെയ്തുകഴിഞ്ഞു. ഭക്ഷണ വിതരണ പരിപാടിയുടെ നന്മ കാണാതിരിക്കാൻ സംഘടിതമായി ചിലർ നടത്തുന്ന കുപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് കുടുംബങ്ങൾ നിറമനസ്സോടെ ഏറ്റെടുത്ത ‘ഹൃദയപൂർവം’ പദ്ധതിയുടെ സ്വീകാര്യത. ജനറൽ ആശുപത്രിയിൽ വർഷത്തിൽ രണ്ട് തവണ ശുചീകരണപരിപാടി സംഘടിപ്പിച്ചും, രണ്ടായിരത്തോളം പേരുടെ രക്തം ദാനം ചെയ്തും സമരസംഘടന എന്നതിനപ്പുറത്തേക്ക് സന്നദ്ധ പ്രവർത്തനങ്ങളിലും ജാഗ്രതയോടെ ഇടപെടാൻ ഡി.വൈ.എഫ്.ഐ ശ്രമിക്കുന്നുണ്ട്.

വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.വി. രാജേഷ് പൊതിചോറ് വിതരണം ചെയ്തും പായസം വിളമ്പിയും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആർ.എൽ. ശ്രീലാൽ, ബ്ലോക്ക് പ്രസിഡണ്ട് വി.എ. അനീഷ്, ജനറൽ ആശുപത്രി അസി. സൂപ്രണ്ട് ഡോ. രാമസ്വാമി, മുൻ ബ്ലോക്ക് സെക്രട്ടറിയും തൃശൂർ ജില്ലാപഞ്ചായത്ത് അംഗവുമായ ടി.ജി. ശങ്കരനാരായണൻ ഭക്ഷണവിതരണം കമ്മിറ്റി കൺവീനറും ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ പികെ മൻമോഹൻ, വി.എൻ.കൃഷ്ണൻകുട്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave a comment

311total visits,1visits today

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top