മൂന്ന് മാസമായ് പൂട്ടിക്കിടക്കുന്ന ഗവൺമെന്‍റ് ആശുപത്രി മോർച്ചറിയുടെ അറ്റകുറ്റ പണിക്ക് തത്കാലം ധനസഹായമില്ലെന്ന് നഗരസഭ – മറ്റു വഴികൾ തേടി ആശുപത്രി അധികൃതർ

ഇരിങ്ങാലക്കുട : മൃതശരീരത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന പരാതിയെ തുടർന്ന് മൂന്ന് മാസമായ് അടച്ചിട്ടിരിക്കുന്ന നഗരസഭയുടെ അധീനതയിലുള്ള ഗവൺമെന്‍റ് ജനറൽ ആശുപത്രിയുടെ മോർച്ചറിയുടെ അറ്റകുറ്റ പണിക്കായി നല്കാമെന്നേറ്റ സഹായം തത്ക്കാലം ഇല്ലെന്ന് നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു പറഞ്ഞു. ഇത് കിട്ടുമെന്ന പ്രതീക്ഷയിൽ അറ്റകുറ്റപണികൾ തീർത്ത് ഒരാഴ്ചക്കുള്ളിൽ മോർച്ചറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെന്ന ആശുപത്രി അധികൃതരുടെ പ്രതീക്ഷയാണ് ഇതോടെ മങ്ങിയത്. ഒപ്പം പൊതുജന രോക്ഷം ഉയരുമെന്ന ആശങ്കയും . 87000 രൂപ അറ്റകുറ്റ പണികൾക്കായി ചിലവുവരുമെന്നാണ് ഇപ്പോൾ കരുതുന്നത്.


മെയ് മാസം 31 തിയ്യതി തന്നെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ( എച്ച് എം സി ) നേതൃത്വത്തിൽ ക്വട്ടേഷൻ നടപടികൾ പൂർത്തിയാക്കി നഗരസഭക്ക് കത്ത് നല്കിയതാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ഇപ്പോൾ നഗരസഭ നിലപാട് മാറ്റിയതിൽ ആശങ്കയുടെന്നും ഇവർ പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചീട്ടുണ്ടെന്നും ഇവരുടെ സഹായത്താൽ പണി എത്രെയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സൂപ്രണ്ട് വ്യക്തമാക്കി. എച്ച് എം സി ഫണ്ടിൽ 93000 രൂപ ഉണ്ടെങ്കിലും ഇതുവരെ പൂർത്തികരിച്ച മറ്റു പണികൾക്കായി ചെക്ക് നൽകിയതിനാൽ ഈ തുക മോർച്ചറി അറ്റകുറ്റ പണികൾക്ക് ഉപയോഗിക്കാനാകാത്ത സ്ഥിതിയാണുള്ളത്.

ആശുപത്രി വികസന സമിതി വിളിച്ച ക്വട്ടേഷന് വേണ്ടി നഗരസഭയുടെ ഓൺ ഫണ്ട് നൽകാനാവില്ലെന്നും നഗരസഭാ ഇതിനായി പ്രത്യേക ക്വട്ടേഷൻ വിളിച്ചൽ മാത്രമേ തുക നൽകാനാവൂ എന്ന ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു. ഇതിനായി കുറഞ്ഞത് ഇനി രണ്ടാഴ്ചയെങ്കിലും എടുക്കും. കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതിയിൽ മോർച്ചറി മൂന്നുമാസം അടച്ചിട്ടത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിമർശനം ഉയർന്നിരുന്നു. മോർച്ചറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയുന്ന രീതിയിലേക്ക് ഒരു അടിയന്തിര നടപടി വേണമെന്ന് നഗരസഭയിലേക്ക് ഒരു കത്ത് നൽകാനും വികസന സമിതിയിൽ ഒരു തീരുമാനം ഉണ്ടായിരുന്നു.

Leave a comment

308total visits,1visits today

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top